Image: Social Media
നടി ഊര്‍മിള മതോംഡ്കറുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് സംവിധായകൻ രാംഗോപാൽ വർമ്മ. 1990 കളിലും 2000 കളുടെ തുടക്കത്തിലും ഉൗർമിള മതോംഡ്കറുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങൾക്കും ഊഹാപോഹങ്ങൾക്കുമാണ് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലുമായുള്ള സംഭാഷണത്തിൽ രാം ഗോപാൽ വർമ്മ മറുപടി നൽകിയത്. രംഗീല, ദൗഡ്, സത്യ, പ്യാർ തുനേ ക്യാ കിയ എന്നീ രാംഗോപാൽ വർമ്മ ചിത്രങ്ങളിൽ നായികയായിരുന്നു ഉൗർമിള മതോംഡ്കര്‍.
ഊര്‍മിളയുമായുള്ള രാം ഗോപാല്‍ വര്‍മ്മയുടെ തുടര്‍ച്ചയായ കൂട്ടുകെട്ടാണ് ഊഹാപോഹങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വഴിവച്ചത്. എന്നാല്‍ ഊര്‍മിള ഒരു ബഹുമുഖ പ്രതിഭയായിരുന്നുവെന്നും അതുകൊണ്ടാണ് താൻ അവരോടൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ചതെന്നും രാം ഗോപാല്‍ വര്‍മ്മ വ്യക്തമാക്കി. ‘ഞാൻ അമിതാഭ് ബച്ചനൊപ്പവും ഒരുപാട് സിനിമകളില്‍ പ്രവർത്തിച്ചിട്ടുണ്ട്, പക്ഷേ ആരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല, സിസ്റ്റവും സോഷ്യൽ മീഡിയയും ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്’ രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.
തൊണ്ണൂറുകളുടെ അവസാനത്തില്‍ ബോളിവുഡ് കണ്ട ഹിറ്റ് ഫോർമുലയായിരുന്നു രാംഗോപാൽ വർമ്മ– ഉൗർമിള മതോംഡ്കര്‍ കൂട്ടുകെട്ട്. എന്നാല്‍ ഊര്‍മിളയുമായുള്ള രാം ഗോപാല്‍ വര്‍മ്മയുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അദ്ദേഹത്തിന്റെ അന്നത്തെ ഭാര്യ രത്‌ന വർമ്മയുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാം ഗോപാൽ വർമ്മയുടെ ‘ഗൺസ് & തൈസ്: ദി സ്റ്റോറി ഓഫ് മൈ ലൈഫ്’ എന്ന പുസ്തകത്തിലെ ‘എന്റെ ജീവിതത്തിലെ സ്ത്രീകൾ’ എന്ന അധ്യായം ഉൗർമിള മതോംഡ്കറിനായാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഊര്‍മിളയുടെ സൗന്ദര്യത്തിൽ മയങ്ങിയാണ് രംഗീല നിർമ്മിക്കാൻ ഉദ്ദേശിച്ചതെന്നും ഇതില്‍ പറയുന്നുണ്ട്.
1995 സെപ്റ്റംബർ 8 ന് പുറത്തിറങ്ങിയ രംഗീലയിലാണ് ഉൗർമിള മതോംഡ്കര്‍– രാംഗോപാൽ വർമ്മ കൂട്ടുകെട്ട് ആരംഭിക്കുന്നത്. ചിത്രത്തിൽ ആമിർ ഖാനാണ് നായകനായി എത്തിയത്. നടിയാകാന്‍ ആഗ്രഹിക്കുന്ന മിലി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ. എന്നാല്‍ പ്രശസ്ത നടനായ രാജ് കമലും (ജാക്കി ഷ്രോഫ്) ബാല്യകാല സുഹൃത്തായ മുന്നയും (ആമിർ ഖാൻ) അവളുമായി പ്രണയത്തിലാകുന്നതോടെ ജീവിതം മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങുന്നു. ‘ക്യാ കരേ, തൻഹാ തൻഹാ, ഹേ രാമ, മംഗ്‌താ ഹേ ക്യാ, പ്യാർ യേ ജാനേ കൈസെ’ എന്നിങ്ങനെയുള്ള ചിത്രത്തിലെ ഗാനങ്ങള്‍ നിത്യഹരിത ഗാനങ്ങളായി തുടരുകയാണ്. ബോക്സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്ററായി മാറിയ ചിത്രം പിന്നീട് 2025 നവംബർ 28-ന് 4K HD പതിപ്പായി റീ റിലീസ് ചെയ്തിരുന്നു.
അതേസമയം, മനോജ് ബാജ്‌പേയി നായകനായി എത്തുന്ന ‘പൊലീസ് സ്റ്റേഷൻ മെയിൻ ഭൂത്’ ആണ് രാംഗോപാൽ വർമ്മയുടെ വരാനിരിക്കുന്ന പ്രൊജക്ട്. പൂർണ്ണമായും ഒരു പൊലീസ് സ്റ്റേഷനുള്ളിൽ നടക്കുന്ന ഒരു ഹൊറർ ചിത്രമാണിത്. 27 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മനോജ് ബാജ്‌പേയി– രാംഗോപാൽ വർമ്മ സഖ്യം ഒന്നിക്കുന്നത്.