ആയൂര്‍വേദത്തിന്‍റെ പൈതൃകം ലോകവേദിയിലെത്തിക്കാന്‍ ഡോക്യുമെന്‍ററി. ആയുര്‍വേദ - ദ ഡബിള്‍ ഹെലിക്‌സ് ഓഫ് ലൈഫ് ഡോക്യുമെന്ററിയുടെ പ്രദര്‍ശനം കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപ് റാവു ഗൺപത് റാവു ജാതവ് ഉദ്ഘാടനം ചെയ്തു.ഡോക്യുമെന്ററിയുടെ പ്രീമിയര്‍ പ്രദര്‍ശനമാണ് ഡല്‍ഹിയില്‍ നടന്നത്. ഭാരതീയ സംസ്‌കാരത്തിന്റെ പാരമ്പര്യചികില്‍സാ വിധിയായ ആയുര്‍വേദത്തിന്‍റെ പെരുമ ലോകത്തിന് മുന്നിലെത്തിക്കുകയാണ് ഡോക്യുമെന്‍ററി.
പഴകിയ രോഗാവസ്ഥയെപ്പോലും ആയൂര്‍വേദത്തിലെ സമഗ്ര ചികില്‍സാവിധിയിലൂടെ എങ്ങനെ മറികടക്കാം എന്ന് ഡോക്യുമെന്‍ററി പറയുന്നു. ആയൂര്‍വേദം അശാസ്ത്രീയമാണെന്ന പ്രചാരണങ്ങളെ മറികടക്കാനും ചിത്രം സഹായിക്കുന്നു. രാജ്യത്തും വിദേശത്തും ആയുര്‍വേദ ചികില്‍സാ രീതിയെ പ്രചരിപ്പിക്കാന്‍ ഇത്തരം സംരംഭങ്ങള്‍ സഹായിക്കുമെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപ് റാവു ഗൺപത് റാവു ജാതവ് പറഞ്ഞു.
എവിഎ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ.വി.അനൂപും ആയുര്‍വേദിക് മെഡിസിന്‍ മാനുഫാക്ചറേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയും നിര്‍മിച്ചിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത് വിനോദ് മങ്കരയാണ്. പാരമ്പര്യത്തിനുള്ള ആദരവ് മാത്രമല്ല, ഭാവിയിലേക്കുള്ള കാഴ്ചപ്പാടിന്‍റെ കൂടി ഭാഗമാണ് ചിത്രമെന്ന് സംവിധായകന്‍ വിനോദ് മങ്കര പറഞ്ഞു. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററി ഒടിടി പ്ലാറ്റ്‌ഫോമുകളിലും പ്രദര്‍ശനത്തിനെത്തും. വിവിധ ഭാഷകളില്‍ ചിത്രം ലഭ്യമാണ്. ഡൽഹി ഫിലിംസ് ഡിവിഷൻ ഓഡിറ്റോറിയത്തിലെ പ്രദര്‍ശനത്തില്‍ ആയുഷ് മന്ത്രാലയ സെക്രട്ടറി രാജേഷ് കൊടേച, എഎംഎംഒഐ പ്രസിഡന്റ് പി.രാംകുമാര്‍, എവിഎ ഗ്രൂപ്പ് ആന്‍ഡ് സഞ്ജീവനം ആയൂര്‍വേദ ആശുപത്രി മാനേജിങ് ഡയറക്ടര്‍ ഡോ. എ.വി.അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.