ആണവായുധ ശേഖരം പരിശോധിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. അണുബോംബുകള്‍ നിര്‍മിക്കാന്‍ വേണ്ട ഫിസൈല്‍ മെറ്റീരിയലുകള്‍ (വിഘടന പദാര്‍ഥങ്ങള്‍) നിര്‍മിക്കുന്ന പ്ലാന്‍റും ആറ്റോമിക് വാർഹെഡുകളുമാണ് കിം സന്ദര്‍ശിച്ചത്. ചര്‍ച്ചകള്‍ക്ക് വേണ്ടിയുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ക്ഷണം നിരസിച്ച ശേഷമാണ് കിം ജോങ് ഉന്നിന്‍റെ ഈ നീക്കം. ആണവായുധ രാജ്യമെന്ന് പദവിയില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം അറിയിച്ചു.
വാർഹെഡുകള്‍ പരിശോധിക്കുന്ന കിമ്മിന്‍റെ ചിത്രങ്ങള്‍ ഔദ്യോഗിക വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. ആണവ ശേഷി ഇപ്പോൾ ഒരു യാഥാർഥ്യമായി മാറിയിരിക്കുന്നു എന്ന് കിം പറഞ്ഞതായും കെസിഎൻഎ റിപ്പോർട്ട് ചെയ്തു. ആണവായുധ രാഷ്ട്രമെന്ന പദവി ഉത്തരകൊറിയ ഒരിക്കലും മാറ്റില്ലെന്നും ശത്രുശക്തികളിൽ നിന്ന് രാജ്യത്തെ പ്രതിരോധിക്കാൻ ഇത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞവർഷം ട്രംപ് കിം ജോങ് ഉന്നിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിമ്മിന്‍റെ ഭാഗത്തുനിന്നും അനുകൂലമായ യാതൊരു പ്രതികരണവും ലഭിച്ചിരുന്നില്ലെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ആഴ്ച്ച ട്രംപ് ഏഷ്യയില്‍ നടത്തിയ പര്യടനത്തിനിടെയും കിമ്മുമായി കൂടികാഴ്ച്ച നടത്താനുള്ള സാധ്യതകളെ കുറിച്ച് സംസാരിച്ചിരുന്നു. ഉത്തരകൊറിയയുടെ ആണവായുധ പദ്ധതികൾ അവസാനിപ്പിക്കുക എന്നതായിരുന്നു യുഎസ് ലക്ഷ്യം. എന്നാൽ, കിം മുന്നോട്ടുവെച്ച ഉപാധികൾ അമേരിക്കയ്ക്ക് സ്വീകാര്യമായിരുന്നില്ല. നിലവില്‍ ആണവനിരായുധീകരണത്തിനോ ട്രംപുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനോ കിമ്മിന് താല്‍പര്യമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഉത്തരകൊറിയയുടെ ആണവായുധ പദ്ധതികൾ അവസാനിപ്പിക്കണം എന്ന് പറയുമ്പോളും ദക്ഷിണ കൊറിയയുടെ ആണവ അന്തർവാഹിനി സ്വന്തമാക്കാനുള്ള നീക്കത്തിന് അമേരിക്കയാണ് അംഗീകാരം നല്‍കിയതെന്ന് കിം പറഞ്ഞതായും ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
തങ്ങളുടെ ആണവ പദവി അംഗീകരിക്കപ്പെടണമെന്നും അങ്ങിനെയെങ്കില്‍ മാത്രമേ യുഎസിന് ഉത്തരകൊറിയയുമായി സമാധാനപരമായ ബന്ധം സ്ഥാപിക്കാൻ കഴിയൂ എന്നും കിം കഴിഞ്ഞ ഫെബ്രുവരിയിലും പറഞ്ഞിരുന്നു. അല്ലാത്തപക്ഷം ഇരു രാജ്യങ്ങളും തമ്മിൽ 'ഏറ്റുമുട്ടൽ' തുടരേണ്ടിവരുമെന്നും കിം അന്ന് പറയുകയുണ്ടായി. അതുകൊണ്ടു തന്നെ ട്രംപിന്‍റെ ക്ഷണം നിരസിച്ച ശേഷം ആണവായുധ ശേഖരം പരിശോധിച്ച കിമ്മിന്‍റെ നടപടി ലോകരാജ്യങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.