• 27 വാഹനങ്ങള്‍ പൂര്‍ണമായും കത്തിയെരിഞ്ഞു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍

ഈജിപ്തിലെ കയ്റോയ്ക്ക് സമീപം ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ തീ പിടിത്തത്തില്‍ മുപ്പതിലേറെപ്പേര്‍ മരിച്ചു. 15 പേര്‍ക്ക് പരുക്കേറ്റു. 27 വാഹനങ്ങള്‍ അഗ്നിക്കിരയായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇംബാഹ്ബു ജില്ലയിലെ സുപ്രധാന റിങ് റോഡിലാണ് അപകടം ഉണ്ടായത്. പെട്രോളിയം സാധനങ്ങളുമായി പോയ ലോറിയാണ് മറിഞ്ഞത്. 

പരുക്കേറ്റവരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ പറയുന്നു. മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. 

അപകടത്തില്‍ ഈജ്പ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസി അനുശോചിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങവുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരുക്കേറ്റവര്‍ക്ക് മികച്ച ചികില്‍സ നല്‍കാനും അദ്ദേഹം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. അപകടത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് പ്രധാനമന്ത്രി മുസ്തഫ മാദ്ബുലിയും പറഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കുറേക്കൂടി സുരക്ഷിതമായി കൊണ്ടുപോകാനുള്ള മാര്‍ഗങ്ങള്‍ ഉണ്ടാവണമെന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. 

ഗ്രേറ്റര്‍ കയ്റോ, കയ്റോ, ഗിസ, അല്‍ ഖ്വല്‍യുബിയ എന്നിവിടങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡിലാണ് അപകടമുണ്ടായത്. ഭീതി ജനിപ്പിക്കുന്ന കാഴ്ചയായിരുന്നുവെന്നും വലിയ തീഗോളം മുകളിലേക്ക് ഉയര്‍ന്ന് പൊങ്ങിയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തിന് മണിക്കൂറുകള്‍ക്ക് ശേഷം റിങ് റോഡില്‍ നിന്നും തടസങ്ങള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

ENGLISH SUMMARY:

At least 31 people were killed and 21 others injured after a tanker truck carrying petroleum products overturned and caught fire on Cairo's Ring Road in Egypt. The accident occurred in the Imbaba district near Cairo, triggering a massive blaze that spread to several nearby vehicles. According to officials, 27 vehicles were destroyed in the fire. Emergency services rushed to the scene, while authorities launched an investigation into the cause of the accident.