Image Credit: X@BabakTaghvaee1
ഗർഭിണിയാണെന്ന കാര്യം വീട്ടിലറിഞ്ഞതിനു പിന്നാലെ 19 കാരിയെ വിഷം നൽകിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.ഇറാനിലെ സനന്ദജിലാണ് സംഭവം. 19 കാരി ഹെലിയ ഫത്താഹിയെ മാതാപിതാക്കൾ ചേർന്നാണ് കൊലപ്പെടുത്തിയത്. യുവാവുമായി പ്രണയത്തിലായ പെൺകുട്ടി രണ്ടു മാസം ഗർഭിണിയാണെന്ന കാര്യം ഈയിടെയാണ് കുടുംബത്തെ അറിയിച്ചത്.
ഒരാഴ്ച മുൻപ് താൻ ഗർഭിണിയാണെന്ന കാര്യം യുവതി വീട്ടുകാരോട് പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി സനന്ദജിലെ നയ്സർ പ്രദേശത്തുള്ള കുടുംബ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. ശനിയാഴ്ച മാതാപിതാക്കൾ പെൺകുട്ടിയെ മർദ്ദിക്കുകയും പിന്നീട് കഴുത്തു ഞെരിച്ച് കൊല്ലുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ മാതാപിതാക്കളായ വോറിയ ഫത്താഹി, ലീല വീസ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തതായി ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു. ചോദ്യം ചെയ്യലിൽ മാതാപിതാക്കൾ കൊലപാതകം സമ്മതിച്ചിട്ടുണ്ട്.
മകൾക്കെതിരെ പരാതി നൽകിയ ശേഷമാണ് കുടുംബം അരുംകൊല നടത്തിയത്. അപസ്മാര ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 30 ഗുളികകളാണ് നിര്‍ബന്ധപൂര്‍വം കഴിപ്പിച്ചത്. എന്നിട്ടും മരിച്ചില്ലെന്ന് ഉറപ്പായതോടെ ക്രൂരമായി മർദിച്ച ശേഷം തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് ഹെൻഗാവ് മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ട് പറയുന്നു. ദുരഭിമാന കൊലപാതകമാണെന്ന് പല മനുഷ്യാവകാശ സംഘടനകളും അഭിപ്രായപ്പെട്ടു. എന്നാൽ കൊലപാതരത്തിന് പിന്നിൽ കുടുംബ തർക്കങ്ങളാണെന്നാണ് പൊലീസ് പറയുന്നത്.