ഗൗരവമായി നടക്കുന്ന ഓസ്ട്രേലിയന്‍ സെനറ്റിലെ ചര്‍ച്ച. തന്‍റെ ആറുമാസം പ്രായമുള്ള കുഞ്ഞുമായി സഭയില്‍ പ്രസംഗിക്കുകയാണ് വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ സെനറ്റര്‍ ഫാത്തിമ പേമാന്‍. ഇതിനിടയില്‍ നടന്ന രസകരമായ സംഭവമാണ് സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നത്. 

ഫാത്തിമയുടെ പ്രസംഗത്തിനിടെ ആറുമാസക്കാരി ആലിയ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞുനോക്കുന്നത് കാണാം. ആലിയയുടെ നോട്ടം ചെന്നെത്തുന്നത് തൊട്ടുപിന്നിലിരിക്കുന്ന സെനറ്റര്‍ ലിഡിയ തോര്‍പ്പിലേക്കാണ്. ഇതോടെ കുഞ്ഞിനെ കണ്ട ലിഡിയ കുഞ്ഞിനെ ചിരിപ്പിക്കാനായി പീക്കബൂ (ഒളിച്ചുകളി) കളിക്കുകയാണ്. ഇതോടെ ആലിയ കൗതുകത്തോടെ ലിഡിയയെ നോക്കുന്നത് കാണാം. ലിഡിയ കുഞ്ഞിനെ ചിരിപ്പിക്കാനായി തമാശരൂപേണ മുഖഭാവങ്ങള്‍ കാണിക്കുന്നതും വ്യക്തമാണ്. ഇതോടെ കുഞ്ഞ് നോക്കുന്നതെങ്ങോട്ടാണെന്ന് ഫാത്തിമയും ശ്രദ്ധിക്കുന്നുണ്ട്. തുടര്‍ന്ന് ലിഡിയയേ നോക്കി ഫാത്തിമ ചിരിക്കുന്നു.

പാർലമെന്റിലെ ഔദ്യോഗിക നടപടികൾക്കിടയിലുണ്ടായ ഈ അപ്രതീക്ഷിത കാഴ്ച സഭാംഗങ്ങളിലും കാഴ്ചക്കാരിലും ഒരുപോലെ കൗതുകവും സന്തോഷവും നിറയ്ക്കുന്നതാണ്. 

മുന്‍പ് 2018-ൽ ന്യൂസീലൻഡ് മുൻ പ്രധാനമന്ത്രി ജസിന്താ ആർഡേൺ തന്‍റെ മൂന്നുമാസം പ്രായമുള്ള കുഞ്ഞുമായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലും ന്യൂസീലൻഡ് പാർലമെന്‍റിലും എത്തിയത് ആഗോളതലത്തിൽ വലിയ വാർത്തയായിരുന്നു. തൊഴിലിടങ്ങൾ കൂടുതൽ ശിശുസൗഹൃദമാക്കേണ്ടതിന്‍റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്ന ഇത്തരം മാതൃകാപരമായ നിമിഷങ്ങളുടെ തുടർച്ചയായാണ് ഓസ്ട്രേലിയൻ സെനറ്റിലെ ഈ സംഭവത്തെയും പൊതുസമൂഹം ഏറ്റെടുത്തിരിക്കുന്നത്.

ENGLISH SUMMARY:

Senator Fatima Payman baby viral video shows a heartwarming moment in the Australian Senate where Senator Lidia Thorpe plays peekaboo with the six-month-old infant. This charming incident highlights the growing movement toward child-friendly workplaces in modern politics.