1992 മുതൽ 2024 വരെയുള്ള കാലയളവിലെ ഫ്രാൻസിസ് മാർപ്പാപ്പയുടെ ഡയറി കുറിപ്പുകൾ പുറത്തിറങ്ങിയതിന് പിന്നാലെ മാർപ്പാപ്പയുടെ സ്വകാര്യ ജീവിതം ചർച്ചയാകുന്നു. 'ദ പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാൻസിസ്' എന്ന പേരിൽ ഇന്ന് അഞ്ച് ഭാഷകളിലായി 94 രാജ്യങ്ങളിലാണ് ഡയറിക്കുറിപ്പുകൾ പുറത്തിറങ്ങിയത്. 12 വർഷം കത്തോലിക്കാ സഭയെ നയിച്ച ഹോർഹെ മരിയോ ബെർഗോളിയോ എന്ന ഫ്രാൻസിസ് മാർപാപ്പയുടെ പുറം ലോകം അറിയാത്ത ജീവിതമാണ് ഡയറിയിലുള്ളത്. 

‘പിശാചിനെ മൂന്നുവട്ടം കണ്ടു’ എന്ന ഡയറിയിലെ ഭാഗമാണ് ഏറ്റവും ശ്രദ്ധേയമായത്. 2021ലെ ഒരു കുറിപ്പിലാണ് മൂന്നുതവണ ചെകുത്താനെ ദർശിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തേത് ഒരു കാർ യാത്രയിലായിരുന്നു. ക്രൈസ്തവ പുരോഹിതർ ഉൾപ്പെട്ട ലൈംഗിക പീഡന വിവാദത്തിനിടെ നടത്തിയ 2018-ലെ ചിലി സന്ദർശന സമയമായിരുന്നു അത്.  രണ്ടാമത്തേത് ഒരു കുർബാനയ്ക്കിടെ ഗായകസംഘത്തിന് മുകളിൽ നിൽക്കുന്നതായും മൂന്നാമത്തേത് വത്തിക്കാൻ ഉദ്യോഗസ്ഥരുമായുള്ള ഒരു യോഗത്തിനിടെയുമായിരുന്നു. 

പിശാചിന്റെ പേടിപ്പെടുത്തുന്ന കണ്ണുകൾ മറക്കാനാവില്ലെന്ന് ഫ്രാൻസിസ് എഴുതി. ശബ്ദവും മായുന്നില്ല. പിശാചിന്റെ ശബ്ദം ശക്തമായ പരുപരുപ്പുള്ളതായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. എല്ലാം കീഴടക്കിയ ഒരു വിജയിയുടേതുപോലുള്ള ശബ്ദമായാണ് അത് തനിക്ക് തോന്നിയതെന്നും അദ്ദേഹം എഴുതി. എങ്കിലും ചെകുത്താനുമായുള്ള കണ്ടുമുട്ടലുകളുടെ ആഘാതത്തിൽ നിന്ന് മോചിതനാകാൻ കർത്താവ് അവസരം നൽകിയെന്ന് ഫ്രാൻസിസ് എഴുതി. മാത്രമല്ല, ഒരു രാത്രി ഉറങ്ങാനൊരുങ്ങുമ്പോൾ നരകത്തിലേക്കുള്ള പ്രവേശന കവാടം കണ്ടതായി ഫ്രാൻസിസ് എഴുതിയിട്ടുണ്ട്. അത് തന്നെ ഭയപ്പെടുത്തിയെന്നും ആ സമയം ജപമാലയെ ആയുധമായി എടുത്തു എന്നും ഡയറിയിലുണ്ട്. 

ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സഭയുടെ അധിപനായിരിക്കുമ്പോഴും തന്റെ കഴിവിനെ സംശയിച്ച ഒരു മനുഷ്യൻ എന്ന നിലയിലാണ് ഫ്രാൻസിസ് മാർപാപ്പയെ പുസ്തകം കാണിക്കുന്നത്. തനിക്ക് ഭയമാണെന്ന് ഫ്രാൻസിസ് തുറന്നെഴുതിയതായി വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഏറ്റെടുത്ത ചുമതലയ്ക്കു തക്ക കഴിവ് തനിക്കില്ലെന്നും താൻ മറ്റുള്ളവർക്ക് ദോഷം വരുത്തിയേക്കുമെന്നും അദ്ദേഹം ഭയന്നു. 

മാർപാപ്പയായി തന്നെ തിരഞ്ഞെടുത്തതുൾപ്പെടെയുള്ള ജീവിതത്തിലെ വഴിത്തിരിവുകളും കുറിപ്പിലുണ്ട്. ലളിതമായ ഭക്തിയുള്ള ഒരു മനുഷ്യനായിട്ടാണ് ഡയറി കുറിപ്പുകൾ ഫ്രാൻസിസ് മാർപാപ്പയെ കാണിക്കുന്നത്. ലിസ്യൂവിലെ വിശുദ്ധ തെരേസ, വിശുദ്ധ യൗസേപ്പ്, പരിശുദ്ധ മറിയം എന്നിവരിൽ അദ്ദേഹം ആശ്രയിച്ചതായി കുറിപ്പുകൾ പറയുന്നു. മരണത്തിന് ഒരു വർഷത്തിന് മുൻപ്, തന്നെ കാക്കണമെന്നും സഹായിക്കണമെന്നും അദ്ദേഹം മറിയത്തോട് അപേക്ഷിച്ചു. 

ഫ്രാൻസിസ് മാർപാപ്പയുടെ ദീർഘകാല സുഹൃത്തായിരുന്ന കർദിനാൾ ഫെർണാണ്ടസാണ് ഡയറി കുറിപ്പുകൾ എഡിറ്റ് ചെയ്ത് പുറം ലോകത്തെത്തിച്ചത്. ചില കുറിപ്പുകൾ പ്രസിദ്ധീകരിക്കണമെന്ന് ഫ്രാൻസിസ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലിയോ പതിനാലാമൻ  മാർപ്പാപ്പയുടെ നിർദേശത്തോടും കൂടിയാണ് പുസ്തകം ഇപ്പോൾ പ്രസിദ്ധീകരിച്ചത്. പിശാചിനെക്കുറിച്ചുള്ള കുറിപ്പുകൾ വായനക്കാർക്ക് ഭാവനയാണെന്ന് തോന്നിയേക്കാമെന്നും എന്നാൽ അക്കാര്യങ്ങൾ ആഴമേറിയതാണെന്ന് താൻ വിശ്വാസിക്കുന്നതായും കർദിനാൾ പറഞ്ഞു. 

ENGLISH SUMMARY:

Pope Francis diary reveals shocking personal insights, including encounters with the devil and deep self-doubt during his papacy from 1992 to 2024. The newly published book titled 'The Private Diary of Pope Francis' offers a rare glimpse into the hidden life of the head of the Catholic Church.