യുഎസ് ആക്രമണങ്ങളിൽ രാജ്യത്തുണ്ടായ നാശനഷ്ടങ്ങൾക്ക് 29,000 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് അമേരിക്കയോട് ഇറാൻ കോടതി. ഇറാന്‍റെ മേല്‍ പതിറ്റാണ്ടുകൾക്ക് മുൻപ് ആരംഭിച്ച യുഎസിന്‍റെ നടപടികൾ മുതൽ, നിലവിലെ യുദ്ധക്കെടുതികൾ വരെ ഉൾപ്പെടുത്തിയാണ് ഈ നഷ്ടപരിഹാരത്തുക കണക്കാക്കിയിരിക്കുന്നത്. കൂടാതെ, ഇറാനെതിരെ ആക്രമണം നടത്താൻ പ്രദേശങ്ങള്‍ വിട്ടുനല്‍കിയ ഗൾഫ് രാജ്യങ്ങൾക്കെതിരെയും നിരവധി കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജൂണിൽ അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച ഇസ്ലാമാബാദ് സമാധാന ഉടമ്പടി പ്രകാരം ഇറാന്റെ പുനർനിർമ്മാണത്തിന് സഹായം നൽകാൻ ധാരണയുണ്ടായിരുന്നു. ഇറാന്റെ പുനർനിർമ്മാണത്തിനായി യുഎസും സഖ്യരാജ്യങ്ങളും ചേർന്ന് കുറഞ്ഞത് 300 ബില്യൺ ഡോളറിന്‍റെ പദ്ധതി തയ്യാറാക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ തുടരുന്ന യുഎസ് ഉപരോധവും ആക്രമണങ്ങളും കാരണം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതോടെയാണ് അടിസ്ഥാന സൗകര്യങ്ങൾ തകർന്നതിനും എണ്ണ കയറ്റുമതിയിലുണ്ടായ കനത്ത നഷ്ടത്തിനും പകരമായി 29000 കോടി ഡോളർ അമേരിക്ക ഉടൻ നൽകണമെന്ന് ഇറാന്‍ കോടതി നിർദ്ദേശിച്ചത്.

അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണ ടാങ്കറുകളില്‍ സ്ഫോടനമുണ്ടാകുകയും തീപിടിക്കുകയും ചെയ്തു. അനുവാദിമില്ലാതെ കടലിടുക്ക് കടന്ന മൂന്ന് ടാങ്കറുകളിലാണ് തീപിടിത്തം. മൈനുകളില്‍ തട്ടി തീപിടിച്ചതാണെന്നാണ് ഇറാന്‍ സേനയുടെ വാദം. ഹോര്‍മുസ് ഇറാന്‍ നിയന്ത്രണത്തിലാണെന്നും അനുവാദമില്ലാതെ കടലിടുക്ക് കടക്കാന്‍ ശ്രമിക്കരുതെന്നും ഇറാന്‍ സേന മുന്നറിയിപ്പ് നല്‍കി. യു.എസ് എസ്കോര്‍ട്ടില്‍ ടാങ്കറുകള്‍ ഹോര്‍മുസ് കടക്കാന്‍ നീക്കമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇറാന്‍ സേനയുടെ മുന്നറിയിപ്പ്.

കൂടാതെ, ചെങ്കടൽ തീരത്ത് സൗദിയുടെ പ്രധാന എണ്ണ ശുദ്ധീകരണശാല പ്രവർത്തിക്കുന്ന റാബിഗിന് നേരെ ഹൂതികൾ ഡ്രോൺ, മിസൈൽ ആക്രമണം നടത്തി. അൽ ദവാസിറിലെ റഡാർ കേന്ദ്രത്തിന് നേരെയും യാൻബു എണ്ണ ടെർമിനൽ ലക്ഷ്യമിട്ടും ആക്രമണശ്രമമുണ്ടായി. എന്നാൽ ഹൂതികൾ തൊടുത്ത മിസൈലുകളെല്ലാം ആകാശത്തുവെച്ചുതന്നെ തകർത്തതായി സൗദി സഖ്യസേന അറിയിച്ചു.

യെമനിലെ പ്രധാന തുറമുഖ നഗരമായ ഹുദെയ്ദയിൽ സൗദി സഖ്യസേനയും ഹൂതി വിമതരും തമ്മിൽ പോരാട്ടം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ വ്യോമാക്രമണത്തിലും ഏറ്റുമുട്ടലിലും പത്തുപേർ കൊല്ലപ്പെടുകയും ഇരുപതിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാനും ഈജിപ്ത് വിദേശകാര്യമന്ത്രി ബദർ അബ്ദലാട്ടിയും കൂടിക്കാഴ്ച നടത്തി. ‌സൗദി വ്യോമപാതയിലെ സുരക്ഷാ ഭീഷണിയെ തുടർന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും സർവീസുകൾ ഈ മാസം മുപ്പത് വരെ റദ്ദാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Iranian court has ordered the United States to pay $290 billion in compensation for infrastructure damage and oil export losses resulting from decades of U.S. actions and recent strikes, while also reportedly filing cases against Gulf nations that allowed attacks on Iran from their territories.