lottery-representative-image
  • സൂപ്പര്‍മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാന്‍ പോയ വീട്ടമ്മ കൗതുകത്തിന് എടുത്ത ലോട്ടറി ടിക്കറ്റിന് വമ്പന്‍ സമ്മാനം. മിഷിഗണിലെ അലിസ മൂര്‍ എന്ന 61കാരി ഒരുനിമിഷം കൊണ്ട് കോടീശ്വരിയായ കഥ. ലോട്ടറിയടിച്ച പണം എന്തുചെയ്യുമെന്ന ചോദ്യത്തിന് അലിസ നല്‍കിയ മറുപടിയും വൈറല്‍!

തികച്ചും സാധാരണമെന്ന് കരുതുന്ന കാര്യങ്ങളാകും ചിലപ്പോള്‍ നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ അല്‍ഭുങ്ങളിലേക്ക് വഴിതുറക്കുക. അത്തരമൊരു അവിശ്വസനീയമായ സംഭവമാണ് അമേരിക്കയില്‍ മിഷിഗണ്‍ സ്വദേശി അലിസ മൂറിന്‍റെ ജീവിതത്തിലും സംഭവിച്ചത്. പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാങ്ങാന്‍ അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ പോയതാണ് അലിസ. സാധനങ്ങള്‍ വാങ്ങി തിരിച്ചിറങ്ങുമ്പോള്‍ കണ്ട കൗണ്ടറില്‍ നിന്ന് ഒരു ലോട്ടറി എടുക്കാന്‍ തോന്നി. അത് ആ അറുപത്തൊന്നുകാരിയുടെ ജീവിതം മാറ്റിമറിച്ചു.

ഭാഗ്യം തെളിഞ്ഞ നിമിഷം! : ഓക്‌‍ലന്‍ഡ് കൗണ്ടിയിലെ ഹേസല്‍ പാര്‍ക്കിലാണ് അലിസ് മൂര്‍ താമസിക്കുന്നത്. റോയല്‍ ഓക്കിലെ ‘ക്രോജര്‍’ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് കടയ്ക്കുള്ളില്‍ ‘പവര്‍ബോള്‍’ ലോട്ടറി കിയോസ്ക് കണ്ടത്. വെറുതെ ഒരു ടിക്കറ്റെടുത്തു. അടുത്ത ദിവസം നടന്ന നറുക്കെടുപ്പില്‍ ആ ടിക്കറ്റ് അലിസയുടെ തലവര തന്നെ മാറ്റിമറിച്ചു. നറുക്കെടുപ്പിലെ അഞ്ച് വെള്ളപ്പന്തുകളിലെയും നമ്പറുകള്‍ (8, 31, 32, 42, 28) അലിസയുടെ കയ്യിലുള്ള ടിക്കറ്റുമായി ഒത്തുവന്നതോടെ അവര്‍ ഒറ്റ നിമിഷം കൊണ്ട് കോടീശ്വരിയായി. ഒരു മില്യന്‍ ഡോളറായിരുന്നു (9.35 കോടി രൂപ) സമ്മാനം!

‘വിശ്വസിക്കാനായില്ല, മൂന്നുവട്ടം സ്കാന്‍ ചെയ്തു’

നറുക്കെടുപ്പിന്‍റെ പിറ്റേന്നാണ് അലിസ് ടിക്കറ്റ് പരിശോധിച്ചത്. മിഷിഗണ്‍ ലോട്ടറിയുടെ മൊബൈല്‍ ആപ് വഴി ടിക്കറ്റ് സ്കാന്‍ ചെയ്തപ്പോള്‍ ഫോണിന്‍റെ സ്ക്രീനില്‍ തെളിഞ്ഞ സംഖ്യ കണ്ട് അവര്‍ ഞെട്ടിപ്പോയി. കസേരയില്‍ നിന്ന് താഴെവീഴുമോ എന്നുപോലും തോന്നി. ആപ്പിന് അബദ്ധം പറ്റിയതാണോ എന്ന സംശയത്തില്‍ മൂന്നുവട്ടം സ്കാന്‍ ചെയ്തു. ഒടുവില്‍ ‘അടിച്ചുമോനേ...’ എന്ന് സ്വയം വിശ്വസിക്കേണ്ടിവന്നു.

കോടികള്‍ എന്തുചെയ്യും?

ലോട്ടറിയടിച്ചാല്‍ കാറും ആഡംബര വസ്തുക്കളുമൊക്കെ വാങ്ങുന്നതിനെക്കുറിച്ചായിരിക്കും പലരും ചിന്തിക്കുക. പക്ഷേ അലിസയ്ക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. ‘ഏറ്റവും പ്രധാനം വീടിന്‍റെ ലോണ്‍ അടച്ചുതീര്‍ക്കലാണ്’ – മിഷിഗണ്‍ ലോട്ടറി ഓഫിസിലെത്തി സമ്മാനത്തുക കൈപ്പറ്റിയശേഷം അവര്‍ പറഞ്ഞു. കടങ്ങള്‍ തീര്‍ത്തശേഷം ബാക്കി തുക മുഴുവന്‍ ഭാവിക്കായി കരുതിവയ്ക്കാനാണ് അലിസ മൂറിന്‍റെ തീരുമാനം.

powerball-lottery-draw

മിഷിഗണ്‍ പവര്‍ ബോള്‍ ലോട്ടറി

അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ലോട്ടറികളില്‍ ഒന്നാണ് പവര്‍ബോള്‍. രണ്ട് ഡോളറാണ് ടിക്കറ്റ് വില. ഏജന്‍സികള്‍ വഴിയും കിയോസ്കുകളിലൂടെയും ഓണ്‍ലൈനായും ടിക്കറ്റ് വാങ്ങാം. തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ രാത്രി നറുക്കെടുപ്പ് നടത്തും. ഒരു ഡോളര്‍ കൂടി നല്‍കി ‘പവര്‍ പ്ലേ’ ഒപ്ഷന്‍ തിരഞ്ഞെടുത്താല്‍ ജാക്പോട്ട് അല്ലാത്ത സമ്മാനങ്ങളുടെ തുക ഇരട്ടിയാക്കാനും അവസരമുണ്ട്. 

ഏതായാലും ഒരു സാധാരണ ദിവസത്തെ സാധാരണ തീരുമാനം, ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക ബാധ്യത തീര്‍ക്കാനുള്ള വഴിയായി മാറിയ സന്തോഷത്തിലാണ് അലിസ മൂര്‍ ഇപ്പോള്‍. 

61-Year-Old Michigan Woman Wins $1 Million Powerball Lottery After Routine Grocery Trip:

Alisa Moore, a 61-year-old resident of Hazel Park, Michigan, became an overnight millionaire after spontaneously buying a Powerball lottery ticket during a routine grocery trip at a Kroger supermarket in Royal Oak. Her ticket matched all five white ball numbers (8, 31, 32, 42, 28), winning her a massive $1 million (Rs 9.35 crore) prize. Overwhelmed by disbelief when checking the ticket via the Michigan Lottery mobile app, she scanned it three times before realizing her fortune had truly changed. Instead of splurging on luxuries, Moore plans to use the winnings to pay off her home mortgage and save the remainder for her future.