മയാമി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രാവിമാനവും കാര്‍ഗോ വിമാനവും കൂട്ടിയിടിച്ച് അപകടം. രണ്ട് യാത്രക്കാര്‍ക്ക് പരുക്കേറ്റു. കോപ എയര്‍ലൈന്‍സ് ബോയിങ് 737 ഉം യുപിഎസ് ബോയിങ് 767 ഉം തമ്മിലാണ് ടാക്സിവേയില്‍ വച്ച് കൂട്ടിയിടിച്ചത്. പനാമ സിറ്റിയില്‍ നിന്നെത്തിയ കോപ എയര്‍ലൈന്‍സില്‍ 166 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇവരില്‍ രണ്ട് യാത്രക്കാര്‍ക്ക് പരുക്കേറ്റുവെന്നാണ് കോപ എയര്‍ലൈന്‍സിന്‍റെ പ്രസ്താവന.
വിമാനങ്ങള്‍ ടെര്‍മിനലില്‍ ഉണ്ടെന്നും യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കിയെന്നും വിമാനക്കമ്പനി അറിയിച്ചു. പരുക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. ഇരുവര്‍ക്കും നിസാര പരുക്കാണ് ഏറ്റതെന്നും കോപ എയര്‍ലൈന്‍സ് വ്യക്തമാക്കി. 'യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തിലും ബുദ്ധിമുട്ടിലും ഖേദിക്കുന്നു. മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. അപകടത്തിലെ അന്വേഷണവുമായി അധികൃതരോട് സഹകരിക്കും' എന്നും പ്രസ്താവനയില്‍ പറയുന്നു.
'ഞങ്ങളെ ഇടിച്ചു, ആരോ ഇടിച്ചു' എന്നായിരുന്നു കൂട്ടിയിടിച്ചതിന് പിന്നാലെ എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് പൈലറ്റ് നല്‍കിയ സന്ദേശം. ഉടനടി യുപിഎസ് വിമാനവുമായി എടിഎസ് ബന്ധപ്പെട്ടു. അപ്പോള്‍ 'ഞങ്ങള്‍ ദൂരെയായിരുന്നു. കോപ എയര്‍ലൈന്‍സ് ഇങ്ങോട്ട് വന്ന് ചിറക് കൊരുത്തതാണ്' എന്നായിരുന്നു മറുപടി. കൊളംബിയയിലെ ബൊഗോട്ടയിലേക്ക് പറന്നുയരാന്‍ ഒരുങ്ങുകയായിരുന്നു യുപിഎസ് വിമാനം. ഇടിയില്‍ വിമാനത്തിന്‍റെ ഇടത്തേ ചിറകിന്‍റെ അഗ്രഭാഗം നഷ്ടമായതായി കോപ എയര്‍ലൈന്‍സ് പൈലറ്റ് സ്ഥിരീകരിച്ചു.
വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ സാധാരണ സ്പീഡില്‍ സഞ്ചരിക്കുകയായിരുന്നുവെന്നും പെട്ടെന്നാണ് ഉഗ്രശബ്ദം കേട്ടതെന്നും യാത്രക്കാരിലൊരാള്‍ പറഞ്ഞു. ആളുകളുടെ നിലവിളിയും ഉയര്‍ന്നു. 'വിമാനം വശങ്ങളിലേക്ക് വല്ലാതെ ഉലയുന്നതായി പോയി. പക്ഷേ വിമാനത്തിെല ജീവനക്കാര്‍ ഉടന്‍ തന്നെ കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കി'- യാത്രക്കാര്‍ പ്രതികരിച്ചു.
രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മയാമി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിക്കുന്നത്. അന്ന് ആമസോണിന്‍റെ കാര്‍ബോ പ്ലെയിന്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറി വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അഞ്ചുപേര്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
വാര്‍ത്താവിനിമയ ബന്ധങ്ങളിലെ തകരാറിനെ തുടര്‍ന്ന് ഫെഡറല്‍ ഏവിയേഷന്‍ ഇന്നലെ എല്ലാ യാത്രാവിമാനങ്ങളും നിലത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് അപകടം സംഭവിച്ചത് യാത്രക്കാരെ ആശങ്കയിലാഴ്ത്തി. 20,000ത്തിലേറെ ഫ്ലൈറ്റുകളാണ് അഞ്ച് മണിക്കൂര്‍ നേരം നീണ്ട ഷട്ട്ഡൗണില്‍ തടസപ്പെട്ടത്.