A combination picture shows Israeli Prime Minister Benjamin Netanyahu as he attends a memorial service held for Ran Gvili, an off-duty police officer who was killed fighting militants that had infiltrated Israel during the deadly October 7, 2023, attack by Hamas, and the last hostage recovered from Gaza, in Meitar, Israel, January 28, 2026, and Israeli opposition leader and former military chief, Gadi Eisenkot, as he launches an election campaign for Yashar, his new political party, at an event near Hod Hasharon, Israel, June 30, 2026. REUTERS/Amir Cohen

ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ യാഷാര്‍ പാര്‍ട്ടി നേതാവ് ഗാദി ഐസന്‍കോട്ടിന് മുന്നില്‍ മൂന്ന് വഴികളാണുള്ളത്. ഒന്ന്– നെതന്യാഹുവുമായി അധികാരം പങ്കിടുക, രണ്ട്– അറബ് പാർട്ടികളുടെ പിന്തുണ, മൂന്ന്- തീവ്ര യാഥാസ്ഥിതിക പാർട്ടികളുമായി ധാരണയിലെത്താം. നിലവില്‍ 19 സീറ്റുകളുള്ള അറബ് പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. മാത്രമല്ല, ജറുസലമിലെ പ്രസിഡന്റിന്റെ ഓഫിസിൽ നടന്ന ചടങ്ങിൽ സംസാരിക്കവേ നെതന്യാഹുവിന്റെ പാർട്ടിയേയും ഒപ്പം കൂട്ടാൻ മടിയില്ലെന്ന് ഐസൻകോട്ട് വ്യക്തമാക്കി കഴിഞ്ഞു. പക്ഷേ... നെതന്യാഹുവിന്‍റെ ലികുഡ് പാര്‍ട്ടിയുമായി സഖ്യത്തിലെത്തിയാല്‍പ്പോലും പ്രധാനമന്ത്രി സ്ഥാനം ഐസന്‍കോട്ട് വിട്ടുനല്‍കില്ലെന്ന് ഉറപ്പാണ്. അപ്പോള്‍ പിന്നെ നെതന്യാഹുവിനെ സഖ്യത്തിന് ക്ഷണിക്കുമ്പോള്‍ ഐസന്‍കോട്ടിന്‍റെ മനസില്‍ എന്താണ്?

ഒക്ടോബറിൽ നടന്ന ഇസ്രയേല്‍ തിരഞ്ഞെടുപ്പിൽ ഐസെൻകോട്ടിന്റെ പ്രതിപക്ഷ സഖ്യം 120 സീറ്റുകളിൽ 48 എണ്ണമാണ് നേടിയത് (യാഷർ –21 സീറ്റ്, യയ്ർ ഗോലാന്റെ ഡെമോക്രാറ്റ്സ്– 8, നഫ്താലി ബെന്നറ്റിന്റെ ടുഗെതർ– 12, അവിഗ്ദോർ ലീബർമാന്റെ ഇസ്രയേൽ ഔർ ഹോം– 7). നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യം 53 സീറ്റുകളും നേടി. എന്നാല്‍ എന്നാൽ കേവലഭൂരിപക്ഷത്തിന് വേണ്ട 61 സീറ്റുകൾ തികയ്ക്കാൻ ഇരുപക്ഷത്തിനും കഴിഞ്ഞില്ല. അറബ് പാ‍ർട്ടി സഖ്യം 19 സീറ്റാണ് നേടിയിട്ടുള്ളത്. പിന്നാലെയാണ് പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, ഐസന്‍കോട്ടിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുന്നത്. 48 സീറ്റുകളുള്ള  ഭൂരിപക്ഷം തെളിയിക്കാൻ 28 ദിവസത്തെ സമയമാണ് ഐസന്‍കോട്ടിന് അനുവദിച്ചിട്ടുള്ളത്. നിശ്ചിത സമയത്തിനകം സഖ്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ 14 ദിവസത്തെ അധിക സമയം കൂടി നൽകാൻ പ്രസിഡന്റിന് അധികാരമുണ്ട്.

നെതന്യാഹുവല്ല ഐസന്‍കോട്ട്; പക്ഷേ...

ഇസ്രയേലിന്റെ ചരിത്രത്തില്‍ തന്നെ നെതന്യാഹുവിനെതിരെ ഉയർന്നുവന്ന ഏറ്റവും ശക്തനായ എതിരാളിയാണ് ഐസൻകോട്ട്. 40 വർഷക്കാലം ഇസ്രയേൽ പ്രതിരോധ സേനയിൽ സേവനമനുഷ്ഠിച്ച ഐസൻകോട്ട്, 2015 മുതൽ 2019 വരെ നെതന്യാഹുവിന് കീഴിൽ ഐ.ഡി.എഫ് മേധാവിയായിരുന്നു. 2022 ല്‍ രാഷ്ട്രീയത്തിലേക്ക്. ഒരു വര്‍ഷം മുന്‍പു വരെ സര്‍വേകളില്‍ പോലും പിന്നിലായിരുന്ന ഐസൻകോട്ട് തിരഞ്ഞെടുപ്പിന്‍റെ അവസാനത്തില്‍ മാത്രമാണ് പ്രധാന പ്രതിപക്ഷ സ്ഥാനാര്‍ഥിയായി ഉയര്‍ന്നുവരുന്നത്. ഒക്ടോബർ 7-ലെ ഇസ്രയേല്‍ ആക്രമണത്തിലെ വീഴ്ചകളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുമെന്നും അൾട്രാ- ഓർത്തഡോക്സ് ജൂതന്മാർക്ക് നിർബന്ധിത സൈനിക സേവനത്തിൽ നൽകിയിരുന്ന ഇളവുകൾ പിന്‍വലിക്കുമെന്നാണ് ഐസൻകോട്ടിന്‍റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍.

എന്നാൽ സുരക്ഷാ കാര്യങ്ങളിൽ നെതന്യാഹുവിന്റെ പല നിലപാടുകളും ശരിവയ്ക്കുന്ന നേതാവ് കൂടിയാണ് ഐസന്‍കോട്ട്. ഗാസ, ലബനൻ, ഇറാൻ എന്നിവിടങ്ങളിലെ സൈനിക നീക്കങ്ങളെ അദ്ദേഹം പിന്തുണച്ചിരുന്നു. ഇറാന്റെ കാര്യത്തിൽ, ആണവായുധം നേടുന്നത് തടയുക, ഭീകര ശൃംഖലയെ ദുർബലപ്പെടുത്തുക എന്നീ നെതന്യാഹുവിന്റെ ലക്ഷ്യങ്ങളെ അദ്ദേഹം പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ സമീപകാല സംഘർഷങ്ങളിൽ നയതന്ത്രത്തിന്റെ അഭാവമുണ്ടെന്ന് അദ്ദേഹം വിമർശിക്കുകയും സൈനിക മുന്നേറ്റങ്ങൾക്കൊപ്പം നയതന്ത്രവും വേണമെന്ന് വാദിക്കുകയും ചെയ്യുന്നു. ഗാസ യുദ്ധം കൈകാര്യം ചെയ്ത രീതിയിൽ നെതന്യാഹുവിനെ ശക്തമായി വിമർശിക്കുന്ന അദ്ദേഹം, നെതന്യാഹു യുദ്ധം നീട്ടിക്കൊണ്ടുപോകുകയാണെന്നും ആരോപിച്ചിരുന്നു. ഈ തർക്കമാണ് കാബിനറ്റിൽ നിന്നുള്ള അദ്ദേഹത്തിന്റെ രാജിയിലേക്കും നയിച്ചത്.

ഗാസയിലാകട്ടെ, ട്രംപിന്റെ വെടിനിർത്തൽ പദ്ധതി നടപ്പിലാക്കിക്കൊണ്ടോ അല്ലെങ്കിൽ സൈനിക നീക്കങ്ങളിലൂടെയോ 18 മാസത്തിനുള്ളിൽ ഹമാസ് ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രയോഗത്തിൽ, നെതന്യാഹുവിന്റെ ലക്ഷ്യങ്ങളും ഇതിന് സമാനമാണ്, എന്നാൽ ‘നെതന്യാഹു അധികാരത്തിൽ തുടരുന്നിടത്തോളം ഹമാസ് ഭരണത്തിൽ തുടരും’ എന്നാണ് ഐസൻകോട്ടിന്റെ വാദം. കൂടാതെ ഐസന്‍കോട്ടിന്‍റെ ചില സഖ്യകക്ഷികൾ വലതുപക്ഷ പാർട്ടികളാകാനും സാധ്യതയുണ്ട്.

Gadi Eisenkot, Israel's former military chief of staff and leader of the Yashar party, addresses supporters at the party's final campaign rally before the legislative election, in Tel Aviv on October 25, 2026. Israel heads to the polls on October 27 in its first election since the October 7, 2023 Hamas-led attack, in what is seen as a referendum on the prime minister. (Photo by Jack GUEZ / AFP)

നെതന്യാഹുവിനെ കടുത്ത സംശയത്തോടെയും അവിശ്വാസത്തോടെയുമാണ് വീക്ഷിക്കുന്നതെങ്കിലും രാജ്യം രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും രാജ്യത്തെ ഒന്നിച്ചുനിർത്താൻ പുതിയൊരു സഖ്യ സര്‍ക്കാര്‍ അനിവാര്യമാണെന്നും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഹെര്‍സോഗിന്റെ ക്ഷണം സ്വീകരിച്ചശേഷം ഐസന്‍കോട്ട് പറയുന്നു. ജൂതപാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണമെന്നും ആഹ്വാനം ചെയ്യുകയുണ്ടായി. നെതന്യാഹുവിന്‍റെ പാര്‍ട്ടിയുമായി സംസാരിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി സ്ഥാനം നെതന്യാഹുവിന് വിട്ടുനല്‍കില്ലെന്ന ഉറച്ച് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഐസന്‍കോട്ടിന്‍റെ കീഴില്‍ നെതന്യാഹുവാകട്ടെ ക്യാബിനറ്റില്‍ ഉണ്ടാകില്ലെന്നും ഉറപ്പാണ്. പക്ഷേ നെതന്യാഹുവിന് അധികാരം നഷ്ടപ്പെട്ടാല്‍ വര്‍ഷങ്ങളായി നേരിടുന്ന അഴിമതി ആരോപണങ്ങളില്‍പ്പെടെ നിയമപരമായ നടപടികള്‍ കഠിനമാകാന്‍ സാധ്യതയുണ്ട്. അങ്ങിനെയിരിക്കേ ഇസ്രയേലില്‍ എന്തു സംഭവിക്കുമെന്ന് കണ്ടറിയണം. 

This photograph made using a lens teleconverter set to its mid-range position causing an image refraction shows Israel's Prime Minister Benjamin Netanyahu speaking during the 81st United Nations General Assembly at the United Nations Headquarters in New York, on September 24, 2026. (Photo by ANGELA WEISS / AFP)

കൂടാതെ, നെതന്യാഹുവിന്റെ ഘടകകക്ഷികളുമായും ഐസൻകോട്ട് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. അനുവദിച്ച സമയത്തിനുള്ളില്‍ ഒരു സ്ഥാനാർഥിക്കും സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇസ്രയേലിന് വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോകേണ്ടിവരും.

ENGLISH SUMMARY:

Following the October elections in Israel, Yashar party leader Gadi Eisenkot faces three distinct paths toward forming a government. Although Eisenkot’s opposition coalition holds 48 seats in the 120-member Knesset, achieving the required 61-seat majority leaves him evaluating alliances with Benjamin Netanyahu’s bloc, ultra-Orthodox parties, or Arab factions. If no consensus is reached within the allotted time Israel risks heading toward another round of national elections.