• ഇസ്രയേൽ തിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും കേവലഭൂരിപക്ഷം ലഭിക്കാത്ത പശ്ചാത്തലത്തിൽ പുതിയ സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷ സഖ്യനേതാവ് ഗാദി ഐസൻകോട്ടിനെ പ്രസിഡന്റ് ഇസ്ഹാഖ് ഹെർസോഗ് ക്ഷണിച്ചു.

ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍  രൂപീകരണത്തിനായി പ്രതിപക്ഷ സഖ്യനേതാവ് ഗാദി ഐസന്‍കോട്ടിനെ ക്ഷണിച്ച്  പ്രസിഡന്റ്  ഇസ്ഹാഖ് ഹെര്‍സോഗ്. വിവിധ കക്ഷികളുമായി കൂടിക്കാഴ്ച നടത്തിയ പിന്തുണ പരിശോധിച്ച ശേഷമാണ് പ്രസിഡന്‍റ് ഐസന്‍കോട്ടിന് അവസരം നല്‍കിയത്. ഒക്ടോബര്‍ 27 നു നടന്ന തിരഞ്ഞെടുപ്പില്‍ ഒരു സഖ്യത്തിനും കേവലഭൂരിപക്ഷം നേടാനായിരുന്നില്ല. അതേസമയം, സഖ്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്ന കക്ഷികള്‍ക്ക് മുന്നില്‍ ഐസന്‍കോട്ട് നാല് ഉപാധികള്‍ മുന്നോട്ടുവച്ചു.

മുന്‍ സൈനിക തലവനായ ഐസന്‍കോട്ടിന് നെസെറ്റില്‍ 67 പേരുടെ പിന്തുണ ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. 120 സീറ്റുകളുള്ള  നെസെറ്റിൽ 27 സീറ്റുകളുമായി  നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയാണ് മുന്നില്‍. എന്നാല്‍ ജൂത പാര്‍ട്ടി സഖ്യം വിട്ടതോടെ നെതന്യാഹുവിന്റെ മുന്നണിക്ക് 46 സീറ്റായി കുറഞ്ഞു. അറബ് പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ഗാദി ഐസന്‍കോട്ട് 67 പേരുടെ പിന്തുണ ഉറപ്പിച്ചത്. 61 സീറ്റാണ് ഭൂരിപക്ഷത്തിന് ആവശ്യം. 

ഒളിയമ്പുമായി നെതന്യാഹു

ഐസന്‍കോര്‍ട്ടിന്‍റെ ശ്രമങ്ങള്‍ക്കിടെ ഭീകരരെ പിന്തുണയ്ക്കുന്നവരുമായി തിടുക്കത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനെതിരെ നെതന്യാഹു രംഗത്തെത്തി. അറബ് പാര്‍ട്ടികളുമായി ലക്ഷ്യമിട്ടായിരുന്നു നെതന്യാഹുവിന്‍റെ വാക്കുകള്‍. ഇസ്രായേലിനെ സംരക്ഷിക്കുന്നതിനും ഇറാനെ നേരിടുന്നതിനും വിശാലമായ സഖ്യം ആവശ്യമാണെന്ന് നെതന്യാഹു വാദിച്ചു. എന്നാല്‍ നെതന്യാഹുവിന്‍റെ ആവശ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ തള്ളികളഞ്ഞു. 

നാല് ഉപാധികളുമായി ഐസന്‍കോട്ട്

സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന കക്ഷികള്‍ക്ക് ഐസന്‍കോട്ട് നാലു ഉപാധികള്‍ മുന്നോട്ട് വച്ചു. ഇസ്രയേലിനെ ജൂത രാഷ്ട്രമായി അംഗീകരിക്കുക, ഇസ്രയേലിന്‍റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലെ തത്വങ്ങള്‍ അംഗീകരിക്കുക, നിര്‍ബന്ധിത സൈനിക സേവനത്തില്‍ ഏര്‍പ്പെടുക, ഹമാസിനെ ഭീകരസംഘടനയായി അംഗീകരിക്കുക എന്നിവയാണ് ഉപാധികള്‍. മറ്റൊരു തിരഞ്ഞെടുപ്പ് അനിശ്വിതത്വം നീട്ടുമെന്നും കെയര്‍ടേക്കര്‍ പ്രധാനമന്ത്രിയായി നെതന്യാഹുവിന് തുടരാന്‍ അവസരമൊരുക്കുമെന്നും ഐസന്‍കോട്ട് മുന്നറിയിപ്പ് നല്‍കി. 

ഐസന്‍കോട്ടിന്‍റെ വഴികള്‍

അധികാരത്തിലേക്കുള്ള ഐസന്‍കോട്ടിന്‍റെ വഴി സങ്കീര്‍ണമാണ്. 19 സീറ്റുള്ള അറബ് പാര്‍ട്ടികളുടെ പിന്തുണയോടെയുള്ള സര്‍ക്കാരാണ് ഒരു സാധ്യത. ജോയിന്റ് ലിസ്റ്റും റാം പാര്‍ട്ടിയും ഐസന്‍കോട്ടിന് പിന്തുണ നല്‍കാന്‍ സമ്മതം അറിയിചിട്ടുണ്ട്. എന്നാല്‍ ഐസന്‍കോട്ടിന്‍റെ സഖ്യകക്ഷികള്‍ അറബ് പാര്‍ട്ടികളോട് ചേരുന്നതിന് വിമുഖതയുള്ളവരാണ്. 

മറ്റൊരു സാധ്യത തീവ്ര ഓര്‍ത്തഡോക്സ് കക്ഷികളുടെ പിന്തുണയാണ്. 13 സീറ്റാണ് ഈ കക്ഷികള്‍ക്കുള്ളത്.  തീവ്ര-ഓർത്തഡോക്സ് സെമിനാരി വിദ്യാര്‍ഥികൾക്ക് സൈനിക സേവനത്തിൽ നിന്നുള്ള ഇളവുകൾ  ഈ കക്ഷികള്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യങ്ങളില്‍ ചർച്ചകൾക്കു ശേഷമേ ഈ സഖ്യത്തിനു സാധ്യതയുള്ളൂ. അവസാന സാധ്യതയായി നെതന്യാഹുവിന്‍റെ ലികുഡ് പാര്‍ട്ടിയുമായി ചേര്‍ന്ന് ഭൂരിപക്ഷം ഉറപ്പിക്കാനും ഐസന്‍കോട്ടിന് സാധിക്കും. ഇരുഭാഗത്തു നിന്നും വലിയ വിട്ടുവീഴ്ചകള്‍ ഇതിന് ആവശ്യമായി വരും.

28 ദിവസമാണ് ഐസന്‍കോട്ടിന് ലഭിക്കുക. രണ്ടാഴ്ച കൂടി നീട്ടി ആവശ്യപ്പെടാം. ഇത് പരാജയപ്പെട്ടാല്‍ നെതന്യാഹുവിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം ലഭിക്കും. തുടർച്ചയായ ശ്രമങ്ങൾ പരാജയപ്പെട്ടാൽ, ഇസ്രായേൽ മറ്റൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടിവരും.

ENGLISH SUMMARY:

Israeli President Isaac Herzog has officially invited Opposition National Unity alliance leader Gadi Eisenkot to form the next government after validating his support across key political factions. Following the October 27 elections that yielded a hung parliament, former military chief Eisenkot secured 67 seats in the 120-member Knesset with crucial backing from Arab parties. Meanwhile, outgoing Prime Minister Benjamin Netanyahu's Likud-led bloc slipped to 46 seats after a key Jewish party withdrew its support. Setting clear boundaries for his coalition partners, Eisenkot laid down four non-negotiable conditions, including requiring all participating parties to formally recognize Hamas as a terrorist organization.