Image Credit: X@Sanjanareddy231
രാത്രി നടക്കാനിറങ്ങിയ 23 കാരിയായ വിദ്യാര്‍ഥിനിയെ കാണാനില്ല. യുഎസിലെ ബോസ്റ്റണിലെ മസാച്യുസെറ്റ്സ് സർവകലാശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ ശ്രീജ റെഡ്ഡി കോയ എന്ന 23 കാരിയെയാണ് നവംബര്‍ രണ്ടു മുതല്‍ കാണാതായത്. തെലങ്കാനയിലെ നല്‍ഗോണ്ട സ്വദേശിയാണ്. ബോസ്റ്റണിലെ ഡോർചെസ്റ്ററിലെ എഡിസൺ ഗ്രീനിലെ താമസസ്ഥലത്തിനു സമീപത്താണ് ശ്രീജയെ അവസാനം കണ്ടത്.
നവംബര്‍ രണ്ടാം തീയതി രാത്രി 9.45 ഓടെ ശ്രീജ വീട്ടില്‍ നിന്നും നടക്കാനിറങ്ങി എന്നാണ് പൊലീസിനു ലഭിച്ച വിവരം. നടക്കാനിറങ്ങിയ ശ്രീജ തിരികെ വരാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബീച്ചിനടുത്തുള്ള സ്ഥലമാണ് ഫോണിന്‍റെ ലോക്കേഷന്‍ കാണിക്കുന്നത്. ബാസ്റ്റണ്‍ പൊലീസ് അലെര്‍ട്ട് പുറപ്പെടുവിക്കുകയും ശ്രീജയെ കണ്ടെത്താന്‍ ജനങ്ങവുടെ പിന്തുണ ആവശ്യപ്പെടകയും ചെയ്തു.
കാണാതായ ദിവസം ശ്രീജ ക്ലാസില്‍ പോയിരുന്നതായും പാര്‍ട്ട് ടൈം ജോലിക്കു ശേഷം താമസ സ്ഥലത്ത് തിരിച്ചെത്തിയതായും പൊലീസ് വ്യക്തമാക്കി. കറുത്ത ജാക്കറ്റും ചാരനിറത്തിലുള്ള ജീൻസുമാണ് കാണാതാകുമ്പോള്‍ ശ്രീജയുടെ വേഷം. ശ്രീജയെ കണ്ടെത്താന്‍ സഹായം തേടി സര്‍വകലാശാല അധികൃതരും നോട്ടീസിറക്കി. കാർസൺ ബീച്ച്, ഹാർബർ പോയിന്റ് പ്രദേശങ്ങൾ പതിവായി സന്ദർശിക്കാറുണ്ടെന്നുമാണ് നോട്ടീസിലുള്ളത്.
തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ കനഗലി കോയ യാദഗിരി റെഡ്ഡിയുടെയും രൂപയുടെയും മകളാണ് ശ്രീജ. 2025 ലാണ് ശ്രീജ ഉപരിപഠനത്തിനായി യുഎസിലേക്ക് എത്തുന്നത്. നവംബര്‍ രണ്ടിനാണ് മകളെ അവസാനമായി അമ്മ ഫോണില്‍ ബന്ധപ്പെട്ടത്. വീട്ടില്‍ ബെര്‍ത്ത് ഡേ പാര്‍ട്ടിയുണ്ടെന്നും ഭക്ഷണം കഴിച്ച് നേരത്തെ ഉറങ്ങുമെന്നും ശ്രീജ പറഞ്ഞതായി അമ്മ രൂപ പറഞ്ഞു.