ഭര്‍ത്താവുമായുള്ള ബന്ധം തകര്‍ന്നതോടെ ആശ്വാസത്തിനായി മറ്റ് പോംവഴികള്‍ തേടിയ ഒടുവില്‍ കടക്കെണിയില്‍. മലേഷ്യയിലാണ് സംഭവം. ലൈവ് സ്ട്രീം പുരുഷന്മാരുമായി ബന്ധം സ്ഥാപിച്ച് നിരന്തരം ഗിഫ്റ്റുകള്‍ അയച്ചാണ് യുവതിയുടെ പണം കാലിയായത്.
എട്ട് വര്‍ഷം മുന്‍പാണ് തന്റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് യുവതി മനസിലാക്കുന്നത്. ഇതോടെ ഭര്‍ത്താവിനെ തിരിച്ചുപിടിക്കാനായി യുവതി ഒരു ഫെങ് ഷുയി പുരോഹിതനെ സമീപിച്ചു. എന്നാല്‍ മന്ത്രങ്ങളും പൂജകളും നടത്തി 40000 RM (93000 രൂപ) ചിലവായെന്നതല്ലാതെ പ്രശ്നപരിഹാരമുണ്ടായില്ല.
ഇതോടെ യുവതി ആശ്വാസത്തിനായി ഓണ്‍ലൈനില്‍ പുരുഷന്മാരെ സമീപിക്കാന്‍ തീരുമാനിച്ചു. ലൈവ് സ്ട്രീം ആപ്പുകളിലൂടെ യുവതി പുരുഷന്മാരെ സമീപിക്കാനും അവര്‍ക്ക് വെര്‍ച്വല്‍ ഗിഫ്റ്റുകള്‍ അയക്കാനും തുടങ്ങി. മറുപടികള്‍ ലഭിച്ച് തുടങ്ങിയതോടെ യുവതി ആപ്പിന് അടിമയായി. തന്റെ കയ്യിലെ പണം മുഴുവനും നഷ്ടപ്പെടുത്തി. അവസാനം കടം വാങ്ങിയ പണവുമായി സ്ട്രീമര്മാരെ സമീപിക്കാന്‍ തുടങ്ങി. ഇതിനോടകം യുവതിക്ക് സ്ട്രീമര്മാരില് മാത്രമായി ഒരു ലക്ഷം RM (രണ്ടരലക്ഷത്തിനടുത്ത് രൂപ) നഷ്ടമായിരുന്നു.
വൈകാതെ യുവതിക്ക് മാസവരുമാനം മൊത്തം കടം വീട്ടാന്‍ ഉപയോഗിക്കേണ്ടതായി വന്നു. ഇതോടെ യുവതി ഭക്ഷണം കഴിക്കാന്‍ പോലും പാടുപെട്ടു. നിലവിലുള്ള ജോലിക്ക് പുറമെ പാര്‍ട്ട് ടൈം ജോലി കൂടി കണ്ടെത്താന്‍ യുവതി ശ്രമിച്ചതോടെയാണ് അവസ്ഥ പുറംലോകമറിയുന്നത്. യുവതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിംഗപ്പൂര്‍ മാധ്യമമായ സ്റ്റോംപാണ് വാര്‍ത്ത പുറത്തുവിട്ടത്.