അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഉണ്ടായ കനത്ത തിരിച്ചടിക്ക് പ്രധാന കാരണം ഇറാനുമായുള്ള യുദ്ധമാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എക്സില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. 

2024ലെ തിരഞ്ഞെടുപ്പിൽ ട്രംപിനും തനിക്കും വോട്ട് ചെയ്ത പല വോട്ടർമാരും ഇത്തവണ ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്തതായി ജെ.ഡി വാൻസ് പറയുന്നു. പാർട്ടിക്ക് വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞെങ്കിലും ഇറാൻ യുദ്ധത്തിലെ ജനങ്ങളുടെ എതിർപ്പും ജീവിതച്ചെലവ് വർധിച്ചതുമാണ് വോട്ടുകൾ എതിർപക്ഷത്തേക്ക് മറിയാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. 

തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് തുറന്ന ചർച്ചകൾ ആവശ്യമാണെന്നും തോൽവിക്ക് കാരണം വ്യക്തമാണെന്നും ജെ.ഡി വാന്‍സ് കൂട്ടിച്ചേര്‍ത്തു. യുദ്ധം കാരണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും പാർട്ടി ഗൗരവമായി ചിന്തിക്കണമെന്നും വാൻസ് പ്രതികരിച്ചു.

പാര്‍ട്ടി വിട്ട് പോയവരെ തിരികെ കൊണ്ടുവരാന്‍ വേണ്ട നാല് കാര്യങ്ങളെകുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. യുദ്ധം അവസാനിപ്പിക്കുക, വിലക്കയറ്റവും ജീവിക്കാനുള്ള ചിലവും കുറയ്ക്കുക, അമേരിക്കയെ ഒന്നാമതെത്തിക്കുക, ഇസ്രായേലുമായുള്ള ബന്ധത്തിൽ മാറ്റം വരുത്തുക എന്നിവയില്‍ പാര്‍ട്ടി കൂടുതല്‍ ഊന്നല്‍ കൊടുക്കണമെന്നാണ് തിരഞ്ഞെടുപ്പ് ഫലം തരുന്ന മുന്നറിയിപ്പെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇനി വരും മാസങ്ങളിൽ പല നേതാക്കളും തോൽവിയുടെ കാരണം മറച്ചുവെക്കാൻ നോക്കും. പൊതുമാപ്പ് നൽകുന്നതാണ് പരിഹാരം എന്ന് ചിലർ പറഞ്ഞേക്കാം. എന്നാൽ അത് ശുദ്ധ നുണയാണെന്നും വാന്‍സ് പറഞ്ഞു. തോറ്റതിന്റെ യഥാർത്ഥ കാരണം യുദ്ധം തന്നെയാണെന്നും ട്രംപ് തന്നെ ഇന്നലെ രാത്രി അക്കാര്യം സമ്മതിച്ചെന്നും അദ്ദേഹം പറയുന്നു.  

അതേസമയം യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ മികച്ച മുന്നേറ്റം നടത്തുകയും കോൺഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പ്രവചനങ്ങളെപ്പോലും മറികടന്ന് റിപ്പബ്ലിക്കന്‍ കോട്ടകളില്‍ നീലത്തിരമാലയടിച്ചത്. വോട്ടെണ്ണല്‍ തുടങ്ങിയ നിമിഷം മുതല്‍ ഡെമോക്രാറ്റുകള്‍ ലീഡ് നേടി.

435 അംഗ ജനപ്രതിനിധിസഭയില്‍ 218 എന്ന കേവലഭൂരിപക്ഷത്തിനും മുകളിലാണ് ഡെമോക്രാറ്റുകളുടെ ലീഡ്. 100 അംഗ സെനറ്റിലും 51 എന്ന കേവലഭൂരിപക്ഷത്തിന്റെ ലീഡ് മറികടന്നു.

ENGLISH SUMMARY:

US Vice President JD Vance publicly acknowledged that the military conflict with Iran was the primary catalyst behind the Republican Party's major defeat in the 2026 midterm elections. In a detailed statement on social media, Vance noted that a significant portion of voters who supported the Trump-Vance ticket in 2024 shifted their allegiance to Democrats due to anti-war sentiment and rising inflation. He outlined key priorities for party recovery, including ending the war, reducing the cost of living, prioritizing America First policies, and reshaping US relations with Israel.