അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് മിഷിഗണിൽ നിന്ന് യു.എസ്. സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്‌ലിം വംശജനായി മാറിയിരിക്കുകയാണ് ഡെമോക്രാറ്റിക് നേതാവ് ഡോ. അബു അൽ സെയ്ദ്. ഈ ചരിത്രവിജയത്തിന്റെ ശോഭ അമേരിക്കൻ അതിരുകളും കടന്ന് ഇന്ത്യയിലെത്തി നിൽക്കുന്നത് മംഗളൂരുവിനടുത്തുള്ള കർണാടകയിലെ ഭട്കലിലേക്ക്. അബു അൽ സെയ്ദിന്റെ ഭാര്യയും പ്രമുഖ മനോരോഗ വിദഗ്ധയുമായ ഡോ. സാറാ ജുകാകുവിന്റെ കുടുംബവേരുകൾ ഭട്കലിലെ മണ്ണിലാണുള്ളത്.
അമേരിക്കയിലെ മിഷിഗണിൽ ജനിച്ചു വളർന്ന ഡോ. സാറ ജുകാകു പ്രൊഫഷനിൽ ഒരു സൈക്യാട്രിസ്റ്റാണ്. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ സാറ, മിഷിഗൺ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിനിയായിരിക്കുമ്പോഴാണ് അബു അൽ സെയ്ദിനെ പരിചയപ്പെടുന്നത്. 'ദി മിഷിഗൺ ഡെയ്‌ലി' എന്ന വിദ്യാർഥി പ്രസിദ്ധീകരണത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, കോളജ് പഠനകാലത്തുതന്നെ വിവാഹം ഉറപ്പിച്ച ഇവർ 2006-ലാണ് ഔദ്യോഗികമായി വിവാഹിതരാകുന്നത്. എമ്മാലി, സെറീൻ എന്നിങ്ങനെ രണ്ട് പെൺമക്കളാണ് ഈ ദമ്പതികൾക്കുള്ളത്.
ഈ വർഷത്തെ യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ ഭർത്താവിന് പിന്തുണയുമായി ഡോ. സാറ മുന്നിലുണ്ടായിരുന്നു. ഡോ. സാറയുടെ കുടുംബത്തിന് കർണാടകയുടെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ വലിയ പാരമ്പര്യമാണുള്ളത്. സാറയുടെ പിതാവ് ഡോ. ജുകാകു തയെബ് ഭട്കലിൽ വൃക്കരോഗ വിദഗ്ധനായി ജോലി ചെയ്തിരുന്ന വ്യക്തിയാണ്. എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറുന്നത്. സാറയുടെ മുത്തച്ഛൻ ജുകാകു ഷംസുദീൻ ഭട്കലിലെ പ്രമുഖ അഭിഭാഷകനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു. പഴയ ജംഖണ്ഡി നാട്ടുരാജ്യത്തിലെ ബി.ഡി. ജത്തി സർക്കാരിൽ ധനകാര്യ ഡെപ്യൂട്ടി മിനിസ്ട്രായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജുകാകു കുടുംബാംഗം അമേരിക്കൻ രാഷ്ട്രീയത്തിൽ ഇത്രയും ഉയർന്ന പദവിയിലെത്തിയതിൽ ഭട്കലിലെ പ്രദേശവാസികളും വലിയ ആവേശത്തിലാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഒരു ദക്ഷിണേന്ത്യൻ കുടുംബത്തിന്റെ ഭാഗമായിരിക്കുന്നതിനാൽ തനിക്ക് ഇന്ത്യൻ സംസ്കാരവുമായി വലിയ അടുപ്പമുണ്ടെന്ന് അബു അൽ സെയ്ദ് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. "കഴിഞ്ഞ 20 വർഷമായി ഞാന്‍ വിവാഹം കഴിച്ച് ജീവിക്കുന്നത് ഒരു ദക്ഷിണേന്ത്യനെയാണ്. അതിനാൽ എനിക്ക് അറബിയേക്കാൾ കൂടുതൽ ഇന്ത്യൻ സ്വഭാവമുണ്ടെന്ന് പറയാം" ഒരിക്കൽ തമാശരൂപേണ അബു അൽ സെയ്ദ് പറയുകയുണ്ടായി. രണ്ട് പെൺമക്കളും ഭാര്യയും അടങ്ങുന്ന തന്റെ കുടുംബത്തെക്കുറിച്ച് അദ്ദേഹം അഭിമാനത്തോടെ സംസാരിക്കാറുണ്ട്.
അമേരിക്കയുടെ പരമോന്നത ഭരണസിരാകേന്ദ്രത്തിലേക്ക് ഒരു മുസ്‌ലിം പ്രതിനിധി ആദ്യമായി ചുവടുവെക്കുമ്പോൾ, ആ ചരിത്രവിജയത്തിന്റെ ഭാഗമായി നിൽക്കുന്ന ഡോ. സാറാ ജുകാകുവിലൂടെ ഇന്ത്യയുടെയും കർണാടകയുടെയും പേര് വീണ്ടും ലോകവേദിയിൽ തിളങ്ങുകയാണ്.