• അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമായി ഖത്തറിന്റെ ശക്തമായ മാധ്യസ്ഥ ശ്രമങ്ങൾ തുടരുന്നുണ്ട്

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ അമേരിക്കയുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേക ഇളവ് പ്രഖ്യാപിച്ച് ഇറാൻ. മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്ക് കർശന നിയന്ത്രണങ്ങളും വിലക്കുകളും ഏർപ്പെടുത്തിയിട്ടുള്ള ഈ പാതയിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ അനുമതിയുണ്ടെന്ന് ഇറാൻ വ്യക്തമാക്കി. 'ഓപ്പൺ മാഗസിൻ' പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഇന്ത്യയിൽ നിന്നുള്ള മരുന്നുകളുടെ ഇറക്കുമതി സുഗമമാക്കുന്നതിനാണ് ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേക ഇളവ് നൽകിയതെന്ന് മുതിർന്ന ഇറാനിയൻ പാർലമെന്റ് അംഗം അഹ്മദ് ഹയാത്-മുഗദ്ദം വ്യക്തമാക്കി.  ഇതോടെ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍, എല്‍.പി.ജി, എല്‍.എന്‍.ജി ഇറക്കുമതി സുഗമമാവും. നയതന്ത്രതലത്തിലും നേട്ടമായാണ് വിലയിരുത്തുന്നത്.  ഇന്ത്യയ്ക്ക് പുറമെ ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങൾക്കും ഇത്തരത്തിൽ ഇളവുകൾ നൽകിയിട്ടുണ്ട്. ചൈനയുമായുള്ള രാഷ്ട്രീയ ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് കപ്പലുകൾക്കും ഇളവ് അനുവദിച്ചത്. അതേസമയം, ഇന്ത്യൻ, ചൈനീസ് കപ്പലുകൾ ഈ പാത ഉപയോഗിക്കുന്നതിന് ട്രാൻസിറ്റ് ഫീസ് നൽകേണ്ടിവരും. എന്നാൽ ഖത്തർ കപ്പലുകൾക്ക് ഫീസില്ലാതെ കടന്നുപോകാമെന്നും റിപ്പോർട്ടിൽ പറയുന്നു.

പെർഷ്യൻ ഗൾഫിനെയും ഒമാൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്ക് ഇന്ത്യയുടെ ഊർജസുരക്ഷയ്ക്കും വാണിജ്യത്തിനും അതീവ നിർണായകമാണ്. എന്നാൽ, മേഖലയിൽ നിലനിൽക്കുന്ന സൈനിക സംഘർഷങ്ങൾ കപ്പൽ ഗതാഗതത്തെ സാരമായി ബാധിക്കുന്നുണ്ട്. ഒമാന് സമീപം എം.എസ്.വി. അൽ യുസുഫി എന്ന വാണിജ്യ കപ്പലിനുനേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും 13 പേർ രക്ഷപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ശക്തമായ ആശങ്ക രേഖപ്പെടുത്തുകയും അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രമായ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഏറ്റവുമൊടുവിൽ ഇറാനിലെ ക്വിഷ് ദ്വീപിലെ വ്യോമപ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഹോർമുസ് കടലിടുക്കിന്റെ തെക്കൻ മേഖലയിലും കപ്പലുകൾക്ക് നേരെ മൈൻ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമായി ഖത്തറിന്റെ മധ്യസ്ഥശ്രമങ്ങൾ തുടരുകയാണ്. കരാർ ഒപ്പിട്ട് രണ്ട് ദിവസത്തിനുള്ളിൽ കടലിടുക്ക് തുറക്കാനുള്ള ഒരുക്കങ്ങളെക്കുറിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങളും തമ്മിൽ ഇതുവരെ പൂർണ ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല.

ഇന്ത്യൻ കപ്പലുകൾക്ക് ഇറാൻ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലവിലെ സംഘർഷാവസ്ഥയും കപ്പലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങളും അന്താരാഷ്ട്ര തലത്തിൽ ഗൗരവത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്. വിഷയത്തിൽ ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല.

ENGLISH SUMMARY:

Amid escalating US-Iran tensions in the Strait of Hormuz, Iran has granted permission for Indian ships to navigate the vital oil trade route to facilitate essential medicine imports from India. Senior Iranian MP Ahmad Hayat-Moghaddam confirmed this concession, which also extends to China, Iraq, and Qatar, though Indian and Chinese vessels will be subject to transit fees. This clearance provides crucial support for India's energy security by ensuring the smooth import of crude oil, LPG, and LNG despite ongoing military clashes and naval mine threats in the region. Although Iran offers transit access and mediator Qatar works toward de-escalation, India maintains a cautious stance while monitoring security risks along the international waterway.