റഷ്യൻ തലസ്ഥാനമായ മോസ്കോയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള പ്രമുഖ എണ്ണ ശുദ്ധീകരണശാല ലക്ഷ്യമിട്ട് യുക്രെയ്ന്റെ വൻ ഡ്രോൺ ആക്രമണം. യാരോസ്ലാവ്ൽ നഗരത്തിൽ സ്ഥിതി ചെയ്യുന്ന 'സ്ലാവ്നെഫ്റ്റ് യാരോസ്ലാവ് നെഫ്റ്റോർഗ് സിന്തസിസ്' (YANOS) റിഫൈനറിയിലാണ് പുലർച്ചെ തീപിടിത്തമുണ്ടായത്. ആക്രമണത്തിൽ പ്ലാന്റിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി പ്രവിശ്യ ഗവർണർ മിഖായേൽ യെവ്റായേവ് സ്ഥിരീകരിച്ചു. രണ്ട് ജീവനക്കാര്‍ക്ക് തീപിടിത്തത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു.
ഈ മേഖലയില്‍ മാത്രം 124 ഡ്രോണുകള്‍ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായി ഗവർണർ ടെലിഗ്രാമിലൂടെ അറിയിച്ചു. മറ്റുമേഖലകളിലടക്കം അതിര്‍ത്തി കടന്നെത്തിയ 856 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എണ്ണ ശുദ്ധീകരണശാലയിലെ തീയണയ്ക്കാന്‍ അഗ്നിരക്ഷാസേനയും ദുരന്തപ്രതിരോധ വിഭാഗവും ശ്രമം തുടരുകയാണ്. രാത്രി ആകാശത്തേക്ക് തീജ്വാലകൾ ഉയരുന്നതിന്റെയും മറ്റ് രണ്ടിടങ്ങളിൽക്കൂടി തീപിടിച്ചതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുക്രെയ്ൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മോസ്കോയിൽ നിന്ന് 250 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന യാനോസ് റിഫൈനറിക്ക് പ്രതിവർഷം 1.5 കോടി ടൺ അസംസ്കൃത എണ്ണ സംസ്കരിക്കാനുള്ള ശേഷിയുണ്ട്. പെട്രോളും ഡീസലും മറ്റ് ഇന്ധനങ്ങളും വൻതോതിൽ ഉത്പാദിപ്പിക്കുന്ന റിഫൈനറിക്കുനേരെ മുൻപ് രണ്ടുതവണ യുക്രെയ്ൻ ആക്രമണം നടത്തിയിരുന്നു.
യുക്രെയ്ന് യുദ്ധം തുടരാനുള്ള റഷ്യയുടെ സാമ്പത്തിക ശേഷി ദുര്‍ബലപ്പെടുത്തുന്നതിനാണ് ഊർജ മേഖലയെ ലക്ഷ്യംവച്ച് യുക്രെയ്ൻ ആക്രമണം ശക്തമാക്കുന്നത്. റിഫൈനറികള്‍ക്കും ഊര്ജശൃംഖലകള്ക്കും നേരെ മുന്‍പ് നടത്തിയ ആക്രമണങ്ങൾ റഷ്യയിൽ വലിയ തോതിൽ ഇന്ധനക്ഷാമത്തിന് വഴിവച്ചിരുന്നു. ഇതിന് മറുപടിയായി യുക്രെയ്ന്റെ ഊർജ വിതരണ ശൃംഖലകൾക്ക് നേരെ റഷ്യയും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുന്നുണ്ട്.
രാജ്യാന്തരതലത്തില്‍ എണ്ണ വില കൂടാന്‍ ഇടയാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിനെ തുടർന്ന് റിഫൈനറികൾക്ക് നേരെയുള്ള ആക്രമണം യുക്രെയ്ൻ താൽക്കാലികമായി നിർത്തിവെച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ, യുഎസും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന യുദ്ധമാണ് ഇന്ധനവില ഉയരാൻ പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള റിപ്പോര്‍ട്ടുകളും ഇതിന് ബദലായി വന്നു.
ഇതിനു പിന്നാലെയാണ് യുക്രെയ്ൻ വീണ്ടും ഡ്രോൺ ആക്രമണം കടുപ്പിച്ചത്. സമാറ മേഖലയിലെ മൂന്ന് എണ്ണ ശുദ്ധീകരണശാലകൾക്കും ഒരു ഗ്യാസ്, കെമിക്കൽ കോംപ്ലക്സിനും നേരെ വെള്ളിയാഴ്ച യുക്രെയ്ൻ ആക്രമണം നടത്തിയിരുന്നു. നോർസി റിഫൈനറി സ്ഥിതി ചെയ്യുന്ന നിഷ്നി നോവ്ഗൊറോഡ് മേഖലയിലെ ഒരു വ്യവസായ കേന്ദ്രത്തിന് നേരെയും ഞായറാഴ്ച ഡ്രോൺ ആക്രമണമുണ്ടായി. ഇന്നത്തെ ആക്രമണത്തോടെ മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമായി.