എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിനും (Burial) ദഹിപ്പിക്കുന്നതിനും (Cremation) പുറമെ ‘ഹ്യൂമൻ കോമ്പോസ്റ്റിങി’ നും അംഗീകാരം നൽകി ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ്. മനുഷ്യരുടെ മൃതദേഹങ്ങൾ സ്വാഭാവിക പ്രക്രിയയിലൂടെ ജൈവവളമാക്കി മാറ്റുന്ന പ്രക്രിയയാണ് ഹ്യൂമൻ കോമ്പോസ്റ്റിങ് അല്ലെങ്കില്‍ ടെറാമേഷൻ (Terramation). ഓസ്‌ട്രേലിയയിൽ ആദ്യമായാണ് ഇത്തരമൊരു നിയമം നിലവിൽ വരുന്നത്. നിയമത്തിന് അംഗീകാരം ലഭിച്ചതോടെ തങ്ങളുടെ ഭൗതികശരീരവും ഇത്തരത്തിൽ ജൈവവളമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് പാർലമെന്റിലെ പല ജനപ്രതിനിധികളും വ്യക്തമാക്കിക്കഴിഞ്ഞു.

എന്താണ് 'ടെറാമേഷൻ' അഥവാ ഹ്യൂമൻ കമ്പോസ്റ്റിങ്?

മൃതദേഹം സ്വാഭാവികമായി മണ്ണോട് ചേരുന്ന പ്രക്രിയയാണ് 'നാച്ചുറൽ ഓർഗാനിക് റിഡക്ഷൻ' അഥവാ 'ടെറാമേഷൻ'. പ്രത്യേക താപനിലയില്‍ ക്രമീകരിച്ച പെട്ടികളിൽ മൃതദേഹം വയ്ക്കുകയും, അതിലേക്ക് ആൽഫാൽഫ (ഒരുതരം പുല്ല്), വൈക്കോൽ, മരപ്പൊടി തുടങ്ങിയ ജൈവ വസ്തുക്കൾ ചേർക്കുകയും ചെയ്യുന്നു. ഈ പെട്ടികൾ ഇടയ്ക്കിടെ കറക്കി കൃത്യമായ അളവിൽ വായു സഞ്ചാരവും ഉറപ്പാക്കും. പെട്ടിയിലെ പ്രകൃതിദത്ത ബാക്ടീരിയകളും സൂക്ഷ്മാണുക്കളും ചേർന്ന് മൃതദേഹത്തെ അതിവേഗം വിഘടിപ്പിക്കുന്നു. ഏകദേശം 30 ദിവസത്തിനുള്ളിൽ മൃതദേഹം പൂർണ്ണമായും വളക്കൂറുള്ള മണ്ണായി മാറും. തുടർന്ന് 30 ദിവസം കൂടി ഇതേരീതിയില്‍ സൂക്ഷിക്കുന്നതോടെ രോഗകാരികളില്ലാത്തതും ഫലഭൂയിഷ്ഠവുമായ ഏകദേശം 110 കിലോഗ്രാം ഉണങ്ങിയ മണ്ണ് ലഭിക്കും.

സ്വതന്ത്ര എം.പി.യായ അലക്സ് ഗ്രീൻവിച്ച് അവതരിപ്പിച്ച സ്വകാര്യ ബില്ലാണ് പാർലമെന്റ് പാസാക്കിയത്. ജർമ്മനിയിലും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും പര്യടനം നടത്തി ഈ പ്രക്രിയയെക്കുറിച്ച് പഠിച്ച ശേഷമാണ് അദ്ദേഹം ബില്ല് തയാറാക്കിയത്. മൃതദേഹം ദഹിപ്പിക്കുന്നത് വൻതോതിൽ ഊർജ്ജം ഉപയോഗിക്കുകയും ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുകയും ചെയ്യുമ്പോൾ, ഹ്യൂമൻ കമ്പോസ്റ്റിങ് പൂർണ്ണമായും കാർബൺ-ന്യൂട്രൽ ആണെന്ന് ബില്ലിനെ പിന്തുണച്ച അനിമൽ ജസ്റ്റിസ് പാർട്ടി എം.പി. എമ്മ ഹേർസ്റ്റ് പറഞ്ഞു. മാത്രമല്ല മൃതദേഹം അടക്കം ചെയ്യുന്നതിനായി വൻതോതിൽ ഭൂമി മാറ്റിവയ്ക്കേണ്ടി വരുന്നത് ഒഴിവാക്കാനും പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ അതേസമയം തന്നെ മരിച്ച വ്യക്തിയുടെ ഓര്‍മ്മയ്ക്കായി ചെടികളും മരങ്ങളും വളർത്താനും ഈ മണ്ണ് ഉപയോഗിക്കാനും സാധിക്കും.

നിയമനിർമ്മാണത്തിൽ പങ്കാളികളായ നിരവധി എം.പിമാർ തങ്ങളുടെ മരണശേഷം ഈ രീതി അവലംബിക്കാൻ ആഗ്രഹിക്കുന്നതായി വ്യക്തമാക്കി. ‘മരണശേഷം ദഹിപ്പിക്കുന്നതിനെ കുറിച്ചോ അടക്കം ചെയ്യുന്നതിനെ കുറിച്ചോ ഓർക്കുമ്പോൾ എനിക്ക് ഭയമായിരുന്നു. ഇനി എന്‍റെ വില്‍പത്രത്തില്‍ ഞാൻ ഈ രീതി എഴുതിച്ചേർക്കും. എന്റെ ഭൗതികശരീരം മണ്ണായി മാറി ആ മണ്ണില്‍ നൂറു വർഷം ആയുസ്സുള്ള ഒരു മരം വളരുന്ന ചിന്ത തന്നെ മനോഹരമാണ്’– എംപിയായ ജോൺ റൂഡിക് പറഞ്ഞു. അതേസമയം, പ്രക്രിയയിൽ മരിച്ചവരോടുള്ള ആദരവും അവരുടെ അന്തസ്സും ഉറപ്പാക്കണമെന്ന് എം.പി. സുസൻ കാർട്ടർ ഓർമ്മിപ്പിച്ചു. ഇത് വെറുമൊരു ‘മനുഷ്യരുടെ ചവറ്റുകുട്ടയായി മാറരുതെന്നും, വേർപാടിൽ ദുഃഖിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്നതായിരിക്കണം ഏത് പ്രക്രിയയെന്നും സുസൻ പറഞ്ഞു.

നിയമം പാസായതോടെ ഇതിനാവശ്യമായ ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും രൂപീകരിക്കാൻ സർക്കാരിന് 18 മാസത്തെ സമയം ലഭിക്കും. പ്രത്യേക പരിശീലനം ലഭിച്ച കേന്ദ്രങ്ങളിൽ മാത്രമായിരിക്കും ഇതിനുള്ള അനുമതി നൽകുക. കുടുംബാംഗങ്ങൾക്ക് സംസ്കാര സമയത്തും പ്രക്രിയ നടക്കുന്ന ഘട്ടങ്ങളിലും പങ്കാളികളാകാനുള്ള അവസരവും നൽകിയേക്കും.

ENGLISH SUMMARY:

New South Wales has become the first state in Australia to legalise human composting, also known as terramation, as an eco-friendly alternative to burial and cremation. This natural organic reduction process transforms human remains into nutrient-rich soil within 30 to 60 days using alfalfa, straw, sawdust, and controlled aeration inside specialized vessels. Introduced as a private member's bill by Independent MP Alex Greenwich, supporters highlight that this carbon-neutral method conserves land while reducing greenhouse gas emissions. Following the passage of the bill, the government now has an 18-month timeframe to formulate regulatory frameworks and operational standards for licensed facilities.