child-comeback-after-death

മരിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ച 18 മാസം പ്രായമുള്ള കുഞ്ഞിന് അഞ്ചര മണിക്കൂറിന് ശേഷം ജീവനുണ്ടെന്ന് കണ്ടെത്തി. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. മരണം സ്ഥിരീകരിച്ചതിനു പിന്നാലെ കുഞ്ഞിനെ മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. മകന് അന്ത്യചുംബനം നൽകാനെത്തിയ അമ്മയ്ക്ക് കുഞ്ഞ് ശ്വസിക്കുന്നതുപോലെ തോന്നി. എന്നാൽ, അത് തന്റെ തോന്നൽ മാത്രമായിരിക്കാമെന്ന് കരുതി അവർ മോർച്ചറിയിൽനിന്ന് മടങ്ങി.

എന്നാൽ, രാത്രി മോർച്ചറിയിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങാനെത്തിയ മെഡിക്കൽ എക്സാമിനേഷൻ ജീവനക്കാരനാണ് കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തിയത്. വിവരം അറിഞ്ഞ മാതാപിതാക്കള്‍ സന്തോഷം കൊണ്ട് കരഞ്ഞുപോയി.  കുഞ്ഞിനെ ചികില്‍സയ്ക്കായി ഫീനിക്സ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റിയെന്ന് അമ്മ അലക്സസ് പറഞ്ഞു.

കുഞ്ഞിന്റെ രക്തപരിശോധനാഫലം മരണം സ്ഥിരീകരിച്ചതിനു ശേഷമാണ് ലഭിച്ചതെന്ന് മെഡിക്കൽ രേഖകൾ വ്യക്തമാക്കുന്നതായി കുടുംബത്തിന്‍റെ അഭിഭാഷകൻ പറഞ്ഞു. വൈകിട്ട് 6.20-ന് മരണം സ്ഥിരീകരിച്ചപ്പോൾ നിർണായക പരിശോധനാഫലം ലഭിച്ചിരുന്നില്ലെന്നും ഫലം ലഭിച്ചത് 6.38-നാണെന്നുമാണ് റിപ്പോർട്ടുകൾ. കുഞ്ഞിന് ഇപ്പോഴും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ആശുപത്രിക്കും ജീവനക്കാർക്കുമെതിരെ പരാതി നൽകുമെന്നും വിൻസെന്റിന്റെ കുടുംബം അറിയിച്ചു.

2026 ഫെബ്രുവരി 8-ന്, സൂപ്പർ ബൗൾ ഞായറാഴ്ചയായിരുന്നു സംഭവം. വീട്ടിലെ നീന്തൽക്കുളത്തിൽ മുഖം താഴേക്ക് കിടക്കുന്ന നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻതന്നെ അടുത്തുള്ള ഗിൽബെർട്ടിലെ മെഴ്‌സി ഗിൽബെർട്ട് മെഡിക്കൽ സെന്ററിൽ എത്തിച്ചു. വൈകിട്ട് 6.20-ന് ഡോക്ടർ കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു.

കുഞ്ഞിന്റെ രക്തത്തിലെ അമ്ലതയും ആരോഗ്യനിലയും വിശദീകരിച്ച ഡോക്ടർമാർ തുടർചികിത്സ ഫലപ്രദമാകില്ലെന്ന് അറിയിച്ചിരുന്നതായും അമ്മ പറഞ്ഞു. കുഞ്ഞ് ശ്വസിക്കുന്നതുപോലെ തോന്നിയെന്ന കുടുംബത്തിന്റെ ആശങ്കയും അന്ന് പരിഗണിച്ചില്ലെന്ന ആരോപണവും പിന്നീട് ഉയർന്നു

ENGLISH SUMMARY:

An 18-month-old toddler in Arizona who was erroneously declared dead by doctors was discovered to have signs of life five and a half hours later in a mortuary. Although the mother briefly sensed the child breathing before leaving him, she dismissed it due to the medical staff's definitive ruling. The survival was ultimately uncovered by a medical examiner's staff member when the family arrived to claim the body at night. The child has since been transferred to Phoenix Children's Hospital for intensive care as the family prepares to take legal action against the medical facility for severe negligence.