ബ്രിട്ടീഷ് രാജകുടുംബവുമായുള്ള ഭിന്നതകൾ അവസാനിപ്പിച്ച് അനുരഞ്ജനത്തിലെത്താൻ ആഗ്രഹിക്കുന്നതായി ഹാരി രാജകുമാരൻ. ജി ക്യു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പിതാവും സഹോദരനുമായുള്ള പിണക്കം മാറ്റാന്‍ ആഗ്രഹിക്കുന്നതായി ഹാരി വെളിപ്പെടുത്തിയത്. അമ്മ ഡയാന രാജകുമാരിയെ 12-ാം വയസ്സിൽ നഷ്ടപ്പെട്ടതിന്റെ ആഘാതവും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അനുഭവങ്ങളും ഹാരി അഭിമുഖത്തിൽ പങ്കുവച്ചു. ബ്രിട്ടീഷ് മാധ്യമങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഹാരി പറഞ്ഞു. രാജകുടുംബത്തിൽനിന്ന് അകന്നുപോകാനുള്ള തീരുമാനത്തിന് പിന്നിലെ കാരണങ്ങളിൽ, ബ്രിട്ടീഷ് മാധ്യമങ്ങളുടെ ഇടപെടലുകളും ഉൾപ്പെട്ടിരുന്നു. പത്രസ്ഥാപനങ്ങൾക്കെതിരെ ഹാരി നിരവധി നിയമനടപടികളും സ്വീകരിച്ചിട്ടുണ്ട്.
ബക്കിങ്ങാം കൊട്ടാരജീവനക്കാരുടെ മോശം പെരുമാറ്റം, രാജകുടുംബത്തിലെ വംശീയത എന്നിവയെക്കുറിച്ചു പരസ്യമായി പ്രതികരിച്ചതോടെ ഒറ്റപ്പെട്ട ഹാരി 2020ലാണ് ഭാര്യ മേഗനുമൊത്ത് യുഎസിലേക്കു താമസം മാറ്റിയത്. കലിഫോർണിയയിൽ താമസമാക്കിയതിന് പിന്നാലെ രാജകുടുംബത്തിന്റെ പ്രവർത്തനരീതികളെ ഇരുവരും പരസ്യമായി വിമർശിച്ചിരുന്നു. സഹോദരനും കിരീടാവകാശിയുമായ വില്യം രാജകുമാരനുമായി വർഷങ്ങളായി ഹാരിക്ക് അടുത്ത ബന്ധമില്ല. ‘ഏറ്റവും പ്രധാനപ്പെട്ട കാര്യം അനുരഞ്ജനമാണ്; ലോകത്ത് നടക്കുന്ന മറ്റു കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോൾ, ഏറ്റവും പ്രധാനപ്പെട്ട കാര്യം കുടുംബാംഗങ്ങളുമായി അനുരഞ്ജനത്തിലെത്തുക എന്നതാണ്. ഭൂതകാലത്തിലെ വേദനകൾ പൂർണമായി മായില്ലെങ്കിലും അവയെ മറികടക്കാൻ ശ്രമിക്കണമെന്നും ഹാരി അഭിമുഖത്തില്‍ പറഞ്ഞു
ബ്രിട്ടനിലെ സ്കൂൾ ജീവിതം മക്കൾ ആസ്വദിക്കുന്നു
മക്കളായ ഏഴുവയസുകാരന് ആർച്ചിയെയും അഞ്ചുവയസുകാരി ലിലിബെറ്റിനെയും കഴിഞ്ഞമാസം ബ്രിട്ടനിലെ സ്കൂളിൽ ചേര്‍ത്തിരുന്നു. മക്കള്‍ക്കുവേണ്ടിയാണ് കലിഫോര്‍ണിയയില്‍ നിന്ന് ബ്രിട്ടനിലേയ്ക്ക് താമസം മാറാന്‍ തീരുമാനിച്ചെതെന്ന് ഹാരി പറഞ്ഞു. മടങ്ങിയെത്തിയെങ്കിലും ഹാരി രാജകുമാരനും ഭാര്യ മേഗനും രാജകീയ ചുമതലകൾ ഒന്നുമില്ലെന്നു വ്യക്തമാക്കി ചാൾസ് രാജാവ് സർക്കാർ ഉദ്യോഗസ്ഥർക്കു കത്തെഴുതിയിരുന്നു. 2020 ൽ ഇരുവരും ചുമതലകളൊഴിഞ്ഞതാണെന്നും ഇപ്പോൾ സ്വകാര്യവ്യക്തികളാണെന്നുമാണ് കത്തില്‍. ഹാരി–മേഗൻ ദമ്പതികളെ രാജകൊട്ടാരവുമായി ബന്ധപ്പെടുത്തിയുള്ള ഔദ്യോഗികസമീപനം എങ്ങനെ വേണമെന്നുള്ളതിന്റെ മാർഗരേഖയായാണ് ഈ കത്തെഴുതിയത്. ഒരു പകർപ്പ് ഹാരിക്കുമുണ്ട്. കത്ത് മാധ്യമങ്ങൾക്കു നൽകുന്നതിന് ഒരു മണിക്കൂർ മുൻപു മാത്രമാണ് ഹാരിയുടെ ജീവനക്കാരുടെ സംഘത്തിന് അയച്ചുകൊടുത്തത്.