Fire burning and destroying the city hall after a group of individuals forced entry into the building during ongoing protest action against the "high cost of living", in Limoges, central France on October 17, 2026

Fire burning and destroying the city hall after a group of individuals forced entry into the building during ongoing protest action against the "high cost of living", in Limoges, central France on October 17, 2026

TOPICS COVERED

ഫ്രാൻസിൽ പണപ്പെരുപ്പവും ജീവിതച്ചെലവ് വർദ്ധനയ്ക്കുമെതിരെയുള്ള രാജ്യവ്യാപക പ്രക്ഷോഭം കത്തുന്നു. പലയിടത്തും പ്രതിഷേധ പ്രകടനങ്ങൾ അക്രമാസക്തമാകുകയും രൂക്ഷമായ തെരുവ് യുദ്ധത്തിലേക്കെത്തുകയും ചെയ്തു. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധ പ്രകടനങ്ങള്‍ക്കാണ് ഫ്രാന്‍സ് സാക്ഷ്യം വഹിക്കുന്നത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം 1,800-ലധികം ആളുകളെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് പറഞ്ഞു.

മാർച്ച് മാസത്തിൽ പാരീസിലെ ചില നഗരങ്ങളിൽ വിദ്യാർഥി പ്രക്ഷോഭമായി ആരംഭിച്ച സമരമാണ് പിന്നീട് രാജ്യവ്യാപ സമരപരമ്പരയായി മാറിയത്. സർക്കാർ വിരുദ്ധ വികാരവും ഉയർന്ന ജീവിതച്ചെലവും അധ്യാപകരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ചൂണ്ടിക്കാണിച്ചായിരുന്നു വിദ്യാർഥികൾ തെരുവിലിറങ്ങിയത്. പ്രതിഷേധം കത്തിക്കയറിയതോടെ സ്ഥിതിഗതികൾ കൈവിട്ടു. ഫ്രാൻസിലുടനീളം ഏകദേശം 5,50,000 ആളുകൾ തെരുവിൽ പ്രതിഷേധിച്ചതായാണ് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയത്. ഇതിൽ പാരീസിൽ മാത്രം 1,10,000 പേർ പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടുണ്ട്.

തലസ്ഥാനമായ പാരീസ് ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിൽ കടകളും കെട്ടിടങ്ങളും തകർക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്തു. സെൻട്രൽ ഫ്രാൻസിലെ ലിമോഷിൽസ് നഗരത്തിൽ മാസ്ക് ധരിച്ചെത്തിയ പ്രതിഷേധക്കാർ ടൗൺഹാളിന് തീയിട്ടു. 143 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ കെട്ടിടത്തിന്റെ വലിയൊരു ഭാഗം അഗ്നിക്കിരയായതായി അധികൃതർ വ്യക്തമാക്കി. കത്തിയെരിയുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

പാരീസിലെ ഇടുങ്ങിയ തെരുവുകളിൽ രാത്രിയോടെ അക്രമം അഴിച്ചുവിട്ട പ്രതിഷേധക്കാരെ നേരിടാൻ പൊലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്. പാരീസിൽ മാത്രം 855 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒറ്റ സംഭവത്തിൽ ഇത്രയധികം പേർ അറസ്റ്റിലാവുന്നത് ചരിത്രത്തിൽ ആദ്യമായാണെന്ന് അധികൃതർ പറയുന്നു. പാരീസിലെ പല തെരുവുകളും അക്രമങ്ങളിൽ പൂർണ്ണമായും തകർന്നുവെന്നും ഇതുവരെ കാണാത്ത അക്രമമാണ് നഗരത്തിൽ അരങ്ങേറിയതെന്നും പാരീസ് ഡെപ്യൂട്ടി മേയർ ലാമിയ എൽ അരാജെ പറഞ്ഞു.

അക്രമങ്ങളിൽ അഞ്ഞൂറിലധികം പൊലീസുകാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഫയർഫോഴ്സ് ജീവനക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ആക്രമണങ്ങളെയും കൊള്ളയടിക്കലുകളെയും ശക്തമായി അപലപിച്ച ആഭ്യന്തര മന്ത്രി, അക്രമത്തിനും ക്രമസമാധാന തകർച്ചയ്ക്കും മുന്നിൽ ഒരിക്കലും തലകുനിക്കില്ല എന്ന് വ്യക്തമാക്കി. സമാധാനപരമായ പ്രതിഷേധം മൗലികാവകാശമാണെങ്കിലും, അക്രമവും കൊള്ളയും നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രക്ഷോഭത്തിന്റെ മറവിൽ ടൗൺഹാളുകളും വ്യാപാര സ്ഥാപനങ്ങളും തകർക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത കുറ്റവാളികളെ വെറുതെവിടില്ലെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് ഇമാനുവൽ മക്രോ മുന്നറിയിപ്പ് നൽകി.

അതേസമയം, രാജ്യത്ത് സമ്പത്തും അധികാരവും ചിലരുടെ മാത്രം കൈകളിൽ കേന്ദ്രീകരിച്ചിരിക്കുന്നുവെന്നും യുവാക്കളുടെ ശബ്ദം ഭരണകൂടം കേൾക്കുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ ഭരണത്തിന് കീഴിൽ ജാതി-വർഗ്ഗ അസമത്വങ്ങള്‍ വർദ്ധിച്ചതായി പ്രക്ഷോഭകർ കുറ്റപ്പെടുത്തുന്നു. പ്രതിഷേധങ്ങൾക്കിടെ പൊലീസിന്റെ നടപടികളും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സംഘർഷത്തിനിടയിൽ പലർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സെയ്ന്റ്-എറ്റിൻ നഗരത്തിൽ നടന്ന മാർച്ചിനിടെ ഒരു പ്രതിഷേധക്കാരന്റെ കൈപ്പത്തി അറ്റത് വലിയ ചർച്ചയായിട്ടുണ്ട്.

യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്കും പ്രതിഷേധം വ്യാപിക്കുന്നു

ഫ്രാൻസിന് പുറമെ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും സമാന പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്. ഇറ്റലിയിലെ മിലാനിൽ ജീവിതച്ചെലവ് വർദ്ധനവിനെതിരെയുണ്ടായ റാലിക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പോർച്ചുഗലിലെ ലിബസണിലും നൂറുകണക്കിന് ആളുകൾ ഒത്തുകൂടി ഭവന നിർമ്മാണ പ്രതിസന്ധിക്കും വിലക്കയറ്റത്തിനുമെതിരെ പ്രതിഷേധം നടത്തുന്നുണ്ട്.

ENGLISH SUMMARY:

France is experiencing its largest nationwide protests in recent history driven by soaring inflation, high living costs, and mounting economic inequality. Demonstrations that began as student strikes in March have escalated into violent clashes and street battles, resulting in over 1,800 arrests across the country, including 855 in Paris alone. Protesters torched historic buildings, including a 143-year-old town hall in Limoges, while more than 500 security personnel sustained injuries during the widespread unrest. President Emmanuel Macron and interior officials have strongly condemned the violence and looting, warning that perpetrators will face strict legal consequences as similar cost-of-living protests spread to other European nations.