ഓൺലൈൻ പോൺ വെബ്സൈറ്റുകളിലെ ഉള്ളടക്കങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി ഇംഗ്ലണ്ട്. അടുത്ത ബന്ധുക്കൾ തമ്മിലുള്ള ലൈംഗികബന്ധം ചിത്രീകരിക്കുന്ന ഇൻസെസ്റ്റ് ഉള്ളടക്കങ്ങള് നിയന്ത്രിക്കും . സെക്സിനിടെ കഴുത്തുഞെരിക്കുന്നതും മർദിക്കുന്നതും ഉൾപ്പെടെയുള്ള അതിക്രൂരമായ ദൃശ്യങ്ങളും നിരോധിക്കാനാണ് ഇംഗ്ലണ്ട് സർക്കാരിന്റെ നീക്കം. നവംബർ ആറ് മുതൽ നിയമം പ്രാബല്യത്തിൽ വരും.
ലൈംഗികബന്ധത്തിനിടെ സ്ത്രീകളുടെ കഴുത്തിൽ മുറുക്കിപ്പിടിച്ച് ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള പോൺ വീഡിയോകൾക്ക് പ്രചാരമേറുകയാണ്. ഇത്തരം വീഡിയോകൾ കാണുന്നതിലൂടെ ലൈംഗികബന്ധത്തിനിടെ ശ്വാസം മുട്ടിക്കൽ സാധാരണമാണെന്ന തെറ്റിദ്ധാരണ യുവാക്കളിൽ വളരുന്നുവെന്നും ജീവന് ഭീഷണിയാകാവുന്ന രീതികളിൽ ലൈംഗികബന്ധത്തിലേർപ്പെടുന്നതിനെക്കുറിച്ച് തെറ്റായ ധാരണകൾ രൂപപ്പെടുന്നുവെന്നും വിലയിരുത്തലുണ്ട്.
അടുത്ത ബന്ധുക്കൾ തമ്മിലുള്ള ലൈംഗികബന്ധം ചിത്രീകരിക്കുന്ന ഇൻസെസ്റ്റ് വീഡിയോകൾക്കും മുതിർന്നവർ കുട്ടികളായി അഭിനയിക്കുന്ന തരത്തിലുള്ള വീഡിയോകൾക്കും സമാനമായ വിലയിരുത്തലുണ്ടായി.
വർഷങ്ങൾക്കുമുൻപ് ഇംഗ്ലണ്ടിൽ ലൈംഗികവിദ്യാഭ്യാസ ക്ലാസിനിടെ ഒരു വിദ്യാർഥി അധ്യാപികയോട് ലൈംഗികബന്ധത്തിനിടെ പരുക്കേൽക്കാതെ എങ്ങനെ കഴുത്തുഞെരിക്കാമെന്ന് ചോദിച്ചതാണ് പോൺ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നിയമനീക്കങ്ങൾക്ക് തുടക്കമിട്ടതെന്നാണ് റിപ്പോർട്ട്.