പ്രതീകാത്മക ചിത്രം: (മക്കയിലെ ഗ്രാന്‍ഡ് മോസ്ക് സമുച്ചയം, Image Credit: AFP)

പ്രതീകാത്മക ചിത്രം: (മക്കയിലെ ഗ്രാന്‍ഡ് മോസ്ക് സമുച്ചയം, Image Credit: AFP)

  • മക്കയിലെ ഏത് മോസ്കിനുള്ളിലാണ് 'അരുതാത്തത്' സംഭവിച്ചതെന്നോ എപ്പോഴാണ് അറസ്റ്റുണ്ടായതെന്നോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കീഴ്ക്കോടതി വിധി പരമോന്നത കോടതിയും ശരിവച്ചുവെന്നും ഭരണകൂടത്തിന്‍റെ കൂടി അനുമതിയോടെയാണ് ബുധനാഴ്ച ശിക്ഷ നടപ്പിലാക്കിയതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍

മക്കയിലെ പള്ളിക്കുള്ളില്‍ അസാന്മാര്‍ഗിക പ്രവര്‍ത്തിയിലേര്‍പ്പെട്ടെന്ന കുറ്റത്തിന് രണ്ട് ബംഗ്ലാദേശ് പൗരന്‍മാരെ സൗദി അറേബ്യ തൂക്കിലേറ്റി. നസറുല്‍ ഇസ്​ലാം അബ്ദുല്‍ ബാസിര്‍, സീതി അക്തര്‍ എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞുവെന്നുമാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രസ്താവനയില്‍ പറയുന്നത്. കോടതി ഇരുവരെയും കുറ്റക്കാരെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇസ്‍ലാമിക നിയമപ്രകാരം വധശിക്ഷ വിധിക്കുകയായിരുന്നു. 

ഇസ്‍ലാമിക നിയമത്തിലെ 'താസിര്‍' (വിവേചനാധികാരത്തിന് കീഴില്‍ വരുന്ന) വകുപ്പനുസരിച്ചാണ് വധശിക്ഷ. കുറ്റകൃത്യം നടന്ന സമയവും സ്ഥലവും കണക്കിലെടുത്താണ് ശിക്ഷയെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. ഇവര്‍ ചെയ്ത കുറ്റം സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മക്കയിലെ ഏത് പള്ളിക്കുള്ളിലാണ് കുറ്റകൃത്യം നടന്നതെന്നോ അറസ്റ്റ് ചെയ്തത് എപ്പോഴാണെന്നോ ഉള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. കീഴ്ക്കോടതി വിധി പരമോന്നത കോടതിയും ശരിവച്ചുവെന്നും ഭരണകൂടത്തിന്‍റെ കൂടി അനുമതിയോടെയാണ് ബുധനാഴ്ച ശിക്ഷ നടപ്പിലാക്കിയതെന്നും സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മക്കയില്‍ വച്ചാണ് ശിക്ഷാവിധി നടപ്പിലാക്കിയതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ സുരക്ഷയും ശരീ–അത്ത് നിയമപ്രകാരമുള്ള നീതിന്യായ സംവിധാനത്തിന്‍റെ പ്രവര്‍ത്തനവും ഉറപ്പുവരുത്താന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും ആരാധാനാലയങ്ങളുടെ പവിത്രത നഷ്ടപ്പെടുത്തുന്നവര്‍ അതിനുള്ള ഫലം അനുഭവിക്കേണ്ടി വരുമെന്നും ആഭ്യന്തരമന്ത്രാലയത്തിന്‍റെ പ്രസ്താവനയിലുണ്ട്. 

അതേസമയം, പൗരന്‍മാരെ ശിക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി ഭരണകൂടം ഒരു നോട്ടിസും മുന്‍കൂര്‍ തന്നിരുന്നില്ലെന്ന് സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ധരിച്ച് ബംഗ്ലദേശ് മാധ്യമമായ ദ് ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. വധശിക്ഷ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനായി ജിദ്ദയിലെ ബംഗ്ലദേശ് കോണ്‍സുലേറ്റ് ജനറല്‍ സൗദി അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ട്.

ENGLISH SUMMARY:

Saudi Arabia has reportedly executed two Bangladeshi nationals, Nazarul Islam Abdul Basir and Siti Akhtar, over alleged immoral acts inside a mosque in Mecca. According to a statement from the Saudi Interior Ministry, security officials arrested the two, an investigation established their guilt, and the courts sentenced them to death under Islamic law. The authorities have not disclosed the specific offence, the mosque involved or the date of the arrests, while the death sentences were reportedly upheld by the Supreme Court and carried out with government approval.