റോബോട്ടുകളെ ഭാവിയില് യുദ്ധങ്ങള്ക്കും കുറ്റകൃത്യങ്ങള്ക്കുപയോഗിച്ചേക്കാം എന്ന വാദങ്ങള് ദിനംപ്രതി ശക്തി പ്രാപിക്കുകയാണ്. ഇതിനിടെയാണ് ഗുരുതരമായ കുറ്റകൃത്യത്തില് ഉള്പ്പെട്ട റോബോട്ടിനെക്കുറിച്ച് ജര്മനിയില് നിന്നും വാര്ത്ത വരുന്നത്. പെണ്കുട്ടിയെ കയറിപ്പിടിച്ചതിന് പിന്നാലെ റോബോട്ടിനെയും റോബോട്ടിനെ നിയന്ത്രിച്ച 19കാരനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ജർമനിയിലെ കൊളോൺ (Cologne) നഗരത്തിലാണ് 16 വയസ്സുള്ള ഒരു പെൺകുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ അതിക്രമമുണ്ടായത്.
ഒക്ടോബർ 11 ഞായറാഴ്ച അർധരാത്രിയോടെ ഫാസ്റ്റ് ഫൂഡ് റസ്റ്ററന്റിലെത്തിയ പെണ്കുട്ടിയെ പിന്നില് നിന്നെത്തിയ റോബോട്ട് അനുചിതമായി സ്പര്ശിക്കുകയായിരുന്നു.
ഇതിന്റെ തല്സമയ ദൃശ്യങ്ങള് യുവാവും സുഹൃത്തും മൊബൈൽ ഫോണിൽ പകർത്തുകയും, ടിക്ടോക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മോശം കമന്ററിയോടെ സംപ്രേഷണം ചെയ്യുകയും ചെയ്തു.
പെൺകുട്ടി വിവരം അറിയിച്ചതിനെ തുടർന്ന് ജർമൻ പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ റോബോട്ടിനെ ഒരു കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് ഈ റോബോട്ടും ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച രണ്ട് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.