• തുർക്കിയിലെ കെക്കോവ ദ്വീപിന് സമീപം 4500 വർഷം പഴക്കമുള്ള ലോകത്തിലെ ഏറ്റവും പുരാതന കപ്പലവശിഷ്ടം കണ്ടെത്തി. വെങ്കലയുഗത്തിലെ വ്യാപാര ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലിലേക്ക് ഒരു എത്തിനോട്ടം.

തുര്‍ക്കി തീരത്ത് 4400 മുതല്‍ 4700 വര്‍ഷം വരെ പഴക്കമുള്ള കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വെങ്കലയുഗത്തിന്‍റെ (Bronze Age) തുടക്കത്തിലുണ്ടായ കപ്പലപകടത്തിന്‍റെ ശേഷിപ്പാണ് ഇതെന്നാണ് ഗവേഷകരുടെ നിഗമനം. ഈജിപ്തില്‍ പിരമിഡുകള്‍ നിര്‍മിച്ചുതുടങ്ങിയ കാലഘട്ടമാണിത്. തുർക്കിയിലെ അക്ദെനിസ് സർവകലാശാലയിലെ പ്രഫസർ ഹക്കാൻ ഒനിസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചരിത്രം കുറിച്ച കണ്ടെത്തല്‍ നടത്തിയത്. അന്‍റാല്യയിലെ കെക്കോവ ദ്വീപിനോട് ചേര്‍ന്ന് 30 മീറ്ററോളം ആഴത്തില്‍ ചിതറിക്കിടക്കുന്ന നിലയിലാണ് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ ഉള്ളത്.

മെഡിറ്ററേനിയന്‍ സമുദ്രത്തിലൂടെ ചരക്കുകള്‍ കൊണ്ടുപോയിരുന്ന കപ്പലിന്‍റേതാണ് കണ്ടെത്തിയ അവശിഷ്ടങ്ങള്‍. ഇതിന് 10 മീറ്ററിലധികം നീളമുണ്ട്. തടികൊണ്ടുള്ള ചട്ടക്കൂട് പൂര്‍ണമായി ദ്രവിച്ചുപോയി. എന്നാല്‍ അതിനുള്ളിലെ കളിമണ്‍ പാത്രങ്ങളും സാധനങ്ങള്‍ സംഭരിച്ചുവയ്ക്കാനുള്ള ഭരണികളുമെല്ലാം കടലിന്‍റെ അടിത്തട്ടില്‍ ഭദ്രമായി ഉണ്ടായിരുന്നു. ചരിത്രത്തിലേക്ക് പിന്നോട്ടുനടക്കാന്‍ മാനവരാശിയെ സഹായിക്കുന്ന അമൂല്യമായ തെളിവുകളാണിതെന്ന് പ്രഫസർ ഹക്കാൻ ഒനിസ് പറഞ്ഞു.

തടിഭാഗങ്ങളൊന്നും ശേഷിച്ചിട്ടില്ലാത്തതിനാല്‍ കാര്‍ബണ്‍ ഡേറ്റിങ് ഉപയോഗിച്ച് കപ്പലിന്‍റെ കാലപ്പഴക്കം നിര്‍ണയിക്കല്‍ ദുഷ്കരമായിരുന്നു. അതുകൊണ്ട് സിറാമിക് അവശിഷ്ടങ്ങളുടെ വിശകലനത്തിലൂടെയാണ് ഏതുകാലത്താണ് കപ്പല്‍ ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയത്. ഓരോ കാലഘട്ടത്തിലെയും കളിമണ്‍ പാത്രനിര്‍മാണ രീതികള്‍ വ്യത്യസ്തമാണ് എന്നതിനാലാണ് ഇത് സാധ്യമായത്. കെക്കോവയിലെ സിറാമിക് പാത്രങ്ങള്‍ക്ക് തനതായ പ്രത്യേകതകളും ഉണ്ട്. കപ്പലിന്‍റെ അവശിഷ്ടങ്ങളില്‍ മുപ്പതോളം കളിമണ്‍ പാത്രങ്ങളും കല്ലുകൊണ്ടുള്ള മൂന്ന് നങ്കൂരങ്ങളും കിട്ടിയിരുന്നു.

‘4400–4700 വര്‍ഷം മുന്‍പ് ഈജിപ്തിലും പശ്ചിമേഷ്യയിലും ഉപയോഗിച്ചിരുന്ന തരത്തിലുള്ള കളിമണ്‍ പാത്രങ്ങളോട് വലിയ സാമ്യം ഉള്ളതാണ് കപ്പലിന്‍റെ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെത്തിയ പാത്രങ്ങള്‍. അതിലെ ചിത്രപ്പണികളടക്കം വിലയിരുത്തിയാണ് വെങ്കലയുഗത്തിന്‍റെ തുടക്കത്തിലാണ് കപ്പല്‍ച്ചേതം ഉണ്ടായതെന്ന് കണ്ടെത്തിയത്.’ പ്രഫസർ ഹക്കാൻ ഒനിസ് പറഞ്ഞു.

വിദഗ്ധരായ ഡൈവര്‍മാരും പര്യവേഷകരും ചേര്‍ന്ന് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കരയ്ക്കെത്തിച്ചു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കടലിനടിയില്‍ കിടന്ന ഈ അമൂല്യവസ്തുക്കളില്‍ പലതിനും പഴയ തിളക്കം നഷ്ടപ്പെട്ടിരുന്നില്ല. ഈ പാത്രങ്ങളില്‍ എന്തൊക്കെയാണ് സൂക്ഷിച്ചിരുന്നത്, കപ്പലില്‍ എന്തൊക്കെയാണ് കൊണ്ടുപോയിരുന്നത് തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഗവേഷകര്‍. ഒലിവ് ഓയില്‍, ഉണക്കമുന്തിരി തുടങ്ങിയവയൊക്കെ ചരക്കുകളില്‍ ഉള്‍പ്പെട്ടിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പുരാതന കാലത്തെ വ്യാപാരത്തെക്കുറിച്ച് വിലപ്പെട്ട വിവരങ്ങള്‍ ഗവേഷണത്തിലൂടെ ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

മെഡിറ്ററേനിയന്‍ സമുദ്രത്തിന്‍റെ കിഴക്കന്‍ തീരത്തെവിടെയോ നിന്നായിരിക്കാം കപ്പല്‍ യാത്ര ആരംഭിച്ചതെന്നാണ് അനുമാനിക്കുന്നത്. പുരാതന നഗരമായ ട്രോയിയിലേക്കോ ക്രീറ്റിലേക്കോ ചരക്കുകൾ കൊണ്ടുപോകുകയായിരുന്നു ഇതെന്ന് കരുതുന്നു. ഇന്നത്തെ വടക്കുപടിഞ്ഞാറൻ തുർക്കിയിലാണ് ട്രോയി. കെക്കോവ ദ്വീപിനടുത്തുകൂടിയുള്ള കപ്പല്‍ യാത്ര അപകടം നിറഞ്ഞതാണെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഒട്ടേറെ കപ്പലുകള്‍ ഈ മേഖലയില്‍ തകര്‍ന്നിട്ടുണ്ടെന്ന് മെഡിറ്ററേനിയന്‍ ആര്‍ക്കിയോളജി അസോസിയേഷന്‍ പറയുന്നു.

കെക്കോവയിലെ കപ്പലിന്‍റെ അവശിഷ്ടങ്ങളില്‍ സ്പര്‍ശിച്ചത് ഗവേഷകര്‍ക്ക് വല്ലാത്ത അനുഭവമായിരുന്നു. അയ്യായിരം വര്‍ഷത്തിനുശേഷം ആ വസ്തുക്കളില്‍ തൊട്ട മനുഷ്യരാണ് ഞങ്ങള്‍ – പ്രഫസര്‍ ഒനിസ് പറഞ്ഞു. അതില്‍ സ്പര്‍ശിച്ചപ്പോള്‍ അന്നത്തെ നാവികരെക്കുറിച്ചും ആ കപ്പലില്‍ ഉണ്ടായിരുന്ന മനുഷ്യരെക്കുറിച്ചും അതില്‍ കണ്ട കളിമണ്‍ പാത്രങ്ങള്‍ നിര്‍മിച്ചവരെക്കുറിച്ചും അവ ചുമന്നുകൊണ്ടുപോയവരെക്കുറിച്ചും കപ്പലില്‍ ജോലിക്കുപോയവര്‍ തിരികെയെത്താന്‍ കാത്തിരിക്കുന്ന കുടുംബാംഗങ്ങളെക്കുറിച്ചുമൊക്കെയാണ് ചിന്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് ഇന്നോളം കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴക്കമുള്ള കപ്പല്‍ച്ചേതമായി കെക്കോവയില്‍ കണ്ടെത്തല്‍ മാറിക്കഴിഞ്ഞു. തെക്കൻ ഗ്രീസിലെ ദ്വീപായ ഡോകോസിന്റെ തീരത്തു കണ്ടെത്തിയ കപ്പലവശിഷ്ടമാണ് ഇതിനുമുന്‍പ് ഏറ്റവും പഴക്കമുള്ള കണ്ടെത്തല്‍. 4200 വര്‍ഷം പഴക്കമുള്ള അവശിഷ്ടങ്ങളാണ് അവിടെ കണ്ടെത്തിയത്. തടികൊണ്ടുള്ള ഭാഗങ്ങൾ നശിക്കാതെ അവശേഷിച്ചിരുന്ന, ഏറ്റവും പഴക്കമുള്ള കപ്പലവശിഷ്ടം ബൾഗേറിയൻ തീരത്തിനടുത്ത് കരിങ്കടലിലാണ് കണ്ടെത്തിയത്. ഇതിന് ഏകദേശം 2,400 വർഷത്തെ പഴക്കമുണ്ട്.

4500 Year Old Shipwreck Found off Turkey Coast; World's Oldest Discovery:

Researchers led by Professor Hakan Oniz from Turkey's Akdeniz University have discovered the world's oldest known shipwreck off the coast of Kekova Island, dating back 4,400 to 4,700 years to the early Bronze Age. Although the vessel's wooden hull has completely decomposed, around thirty well-preserved ceramic jars and three stone anchors were recovered from a depth of 30 meters. By analyzing the distinctive pottery styles, scientists determined the ship likely transported goods like olive oil and raisins toward ancient Troy or Crete. This historic find surpasses the previous record holder off Dokos Island in Greece, offering unprecedented insights into ancient Mediterranean maritime trade.