മണ്ണിനടിയില്‍ മനുഷ്യനിര്‍മിതമെന്ന പോലെ വലിയ ബോട്ടിന് സമാനമായ രൂപം, പക്ഷെ ഈയടുത്ത് കുഴിച്ചിട്ടതല്ല, 4300 വര്‍ഷം പഴക്കമുള്ള വസ്തു, പ്രദേശം പര്‍വതനിരയും. തുര്‍ക്കിയില്‍ അരാരത് മലനിരകള്‍ക്കിടയിലെ ദുരുപിനാര്‍ പ്രദേശത്ത് ഗവേഷണം നടത്തിയ ആര്‍ക്കിയോളജിസ്റ്റുകളാണ് ഞെട്ടിക്കുന്ന ആ കണ്ടെത്തല്‍ നടത്തിയത്. തങ്ങള്‍ കണ്ടെത്തിയത് ബൈബിളിലെ നോഹയുടെ പേട്ടകമാണെന്ന 100 ശതമാനം ഉറപ്പിലാണ് ഗവേഷകര്‍.
ഉപരിതലത്തില്‍ നിന്നും നടത്തിയ റഡാര്‍ പരിശോധനകളില്‍ നിന്നും ഭൂഗര്‍ഭ അറകളും, വിശാലമായ ഇടനാഴികളും, പടുത്തുയര്‍ത്തിയ രീതിയിലുള്ള ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ശേഖരിച്ച സാംപിളില്‍ നിന്നും ജീര്‍ണിച്ച തടിയുടേതിന് സമാനമായ വസ്തുക്കളും ലഭിച്ചിട്ടുണ്ട്. ഇത് മരം കൊണ്ടുണ്ടാക്കിയ നിര്‍മിതിയാണോ എന്ന പരിശോധനയിലാണ് ഗവേഷകര്‍.
30 വര്‍ഷത്തോളമായി പ്രദേശത്ത് ഗവേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ വസ്തു മനുഷ്യനിര്‍മിതമാണോ എന്നതില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. പര്‍വതങ്ങള്‍ക്കടിയില്‍ സ്വാഭാവികമായി ഭൂഗര്‍ഭ അറകള്‍ ഉണ്ടാകുമെന്നത് കണ്ടെത്തിയിട്ടുണ്ട്. പലതും മനുഷ്യനിര്‍മിതമായി തോന്നിപ്പിക്കാമെങ്കിലും ഇവയില്‍ കൂടുതല്‍ ഗവേഷണം നടത്തുമ്പോള്‍ അവ പ്രകൃത്യാ ഉള്ള പ്രതിഭാസങ്ങളെന്ന് കണ്ടെത്തുന്നത് അപൂര്‍വമെങ്കിലും നടന്ന സംഭവങ്ങളാണ്.
നോഹയുടെ പെട്ടകം (Noah's Ark) എന്നത് ബൈബിളിലെ പഴയനിയമത്തിലും ഖുറാനിലും വിവരിച്ചിട്ടുള്ള ഒരു വലിയ കപ്പലാണ്. ദൈവത്തിന്റെ കൽപനപ്രകാരം നോഹ എന്ന പ്രവാചകൻ നിർമ്മിച്ചതാണ് ഈ പെട്ടകം എന്നതാണ് വിശ്വാസം.
ഭൂമിയിൽ തിന്മയും അഴിമതിയും നിറഞ്ഞപ്പോൾ, മനുഷ്യരെയും ഇതര ജീവജാലങ്ങളെയും നശിപ്പിക്കാനായി ദൈവം ഒരു മഹാപ്രളയം അയക്കാൻ തീരുമാനിച്ചു. എന്നാൽ അക്കാലത്ത് ജീവിച്ചിരുന്ന നീതിമാനായ നോഹയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും പ്രളയത്തിൽ നിന്ന് രക്ഷിക്കാൻ ദൈവം തിരഞ്ഞെടുത്തെന്നും നോഹയെയും കുടുംബത്തെയും ഭൂമിയിലുള്ള എല്ലാത്തരം ജീവജാലങ്ങളുടെയും ഈരണ്ട് ജോഡികളെയും (ആണും പെണ്ണും) പ്രളയത്തിൽ നിന്ന് ജീവനോടെ നിലനിർത്തുക എന്നതായിരുന്നു പെട്ടകത്തിന്റെ ലക്ഷ്യമെന്നും വിശ്വസിച്ചുപോരുന്നു.