viral-soldier

TOPICS COVERED

 

മക്കളുടെ സുരക്ഷ ഉറപ്പാക്കുക എന്നത് രക്ഷിതാക്കളുടെ വലിയ ഉത്തരവാദിത്തമാണ്. പ്രത്യേകിച്ച്, മക്കളെക്കുറിച്ച് കരുതലുള്ള അച്ഛന്മാർ പലപ്പോഴും അതിനായി വ്യത്യസ്തമായ വഴികൾ തേടാറുണ്ട്. മരിക്കുന്നതിന് മുൻപ് മകളുടെ സുരക്ഷയ്ക്കായി അച്ഛൻ ചെയ്ത രസകരമായ കാര്യം ഓർത്ത് കണ്ണീരണിയുകയാണ് മരിസ എന്ന അമേരിക്കക്കാരി. യുവതി പങ്കുവച്ച വൈകാരികമായ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

അച്ഛനിൽനിന്ന് ദൂരെ ആയിരുന്നു മരിസയുടെ താമസം. ഇടയ്ക്കിടെ അച്ഛൻ മരിസയെ സന്ദർശിക്കാറുണ്ടായിരുന്നു. ഈ സന്ദർശനങ്ങൾക്കിടെ മകളെ സംരക്ഷിക്കാനെന്ന പേരിൽ അച്ഛൻ പട്ടാളക്കാരുടെ രൂപത്തിലുള്ള പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ വീടിന്റെ പല ഭാഗങ്ങളിലായി ഒളിപ്പിച്ചുവയ്ക്കുമായിരുന്നു. ‘ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീക്ക് മികച്ച സുരക്ഷാസംവിധാനം വേണം’ എന്നായിരുന്നു ഇതിന് അച്ഛൻ നൽകിയ വിശദീകരണം.

അച്ഛൻ മടങ്ങിയശേഷം ഒളിപ്പിച്ചുവച്ച കളിപ്പാട്ടങ്ങൾ കണ്ടെത്തുകയായിരുന്നു മരിസയുടെ വിനോദം. ടിവിയുടെ പിന്നിലും മേശയുടെ കാലുകൾക്കിടയിലുമെല്ലാം ഒളിപ്പിച്ചുവച്ചിരുന്ന കളിപ്പാട്ടങ്ങൾ തിരഞ്ഞുപിടിക്കുന്നത് അവൾക്ക് ഏറെ രസകരമായിരുന്നു.

എന്നാൽ, മൂന്ന് വർഷം മുൻപ് അച്ഛൻ മരണത്തിന് കീഴടങ്ങി. ഇതോടെ മരിസ കടുത്ത വിഷാദത്തിലായി. വർഷങ്ങൾ പിന്നിട്ടിട്ടും അച്ഛന്റെ വിയോഗത്തിന്റെ വേദന അവളെ പിന്തുടർന്നു.

അച്ഛൻ മരിച്ച് മൂന്ന് വർഷങ്ങൾക്കുശേഷം, മേൽക്കൂരയിലെ കേടായ ബൾബ് മാറ്റുന്നതിനിടെയാണ് മരിസ അപ്രതീക്ഷിതമായ ആ കാഴ്ച കണ്ടത്. തോക്ക് ചൂണ്ടി നിൽക്കുന്ന ഒരു സ്നൈപ്പർ പട്ടാളക്കാരന്റെ കളിപ്പാട്ടം! തന്റെ കാവലിനായി അച്ഛൻ ഒളിപ്പിച്ചുവച്ചതായിരുന്നു അത്.

ആ കാഴ്ച കണ്ടതോടെ മരിസയുടെ ഉള്ളിൽ വികാരങ്ങളുടെ വേലിയേറ്റമുണ്ടായി. അവൾ പൊട്ടിക്കരഞ്ഞു. എന്നാൽ, അച്ഛൻ ഇപ്പോഴും തനിക്കൊപ്പമുണ്ടെന്ന തോന്നലും ആ നിമിഷം അവളിലുണ്ടായി. അച്ഛന്റെ സ്നേഹവും കരുതലും വീണ്ടും അനുഭവിച്ചറിഞ്ഞതോടെ ആ കണ്ടെത്തൽ അവൾക്ക് ആശ്വാസമായി.

മരിസ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മക്കൾ വളർന്നാലും അകലെയായാലും അവർക്കായുള്ള അച്ഛന്മാരുടെ കരുതലിന് കാലാതീതമായ അർഥമുണ്ടെന്ന് ഓർമിപ്പിക്കുന്നതാണ് ഈ സംഭവം.

ENGLISH SUMMARY:

Heartwarming father daughter bond story captures global attention as a grieving woman discovers hidden toy soldiers left by her late father for protection. The emotional post shared by Marisa about her father's unique way of ensuring her safety has gone viral across social media platforms.