2026ലെ സാഹിത്യ നൊബേൽ കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സണിന്. സാഹിത്യത്തിലെ ക്ലാസിക്കൽ ശൈലിയോടു ചേർന്നു നിൽക്കുമ്പോൾത്തന്നെ, സമകാലിക സാഹിത്യത്തിന് പുതിയ ഭാവതലങ്ങൾ സമ്മാനിച്ച ധീരവും വൈവിധ്യമാർന്നതുമായ എഴുത്തിനാണ് പുരസ്കാരം. കനേഡിയൻ കവിയും, വിവർത്തകയുമായ ആൻ പുരാതന ഗ്രീക്ക് പുരാവൃത്തങ്ങളെ ആധുനികവും സാഹിത്യശാഖകളുടെ പരമ്പരാഗത അതിർവരമ്പുകൾ ഭേദിക്കുന്നതുമായ എഴുത്തുരീതികളുമായി സംയോജിപ്പിക്കുന്നതിൽ പ്രമുഖയാണ്. കവിത, ഉപന്യാസം, തത്ത്വചിന്ത, സാഹിത്യ വിമർശനം എന്നിവയെ ഒന്നിച്ചുചേർത്ത് പരമ്പരാഗത സാഹിത്യ അതിർവരമ്പുകളെ മാറ്റിമറിക്കുന്നതാണ് അവരുടെ രചനകൾ. പ്രധാന കൃതികള്‍ :  ഇറോസ് ദി ബിറ്റര്‍സ്വീറ്റ്, ഓട്ടോബയോഗ്രഫി  ഓഫ് റെഡ്, ദി ഗ്രീക്ക് ആന്തോളജി . 

 

Also read: രസതന്ത്ര നൊബേൽ ഹെൻറി ബി. കഗാനും കെൻസോ സോയിക്കും.


ക്ലാസിക്കൽ പാരമ്പര്യവുമായി കളിയോടെയുള്ള സംവാദത്തിലൂടെ സമകാലിക സാഹിത്യത്തിന് പുതിയ രൂപങ്ങൾ സൃഷ്ടിച്ച ധീരവും നൂതനവുമായ രചനകൾ പരിഗണിച്ചാണ് പുരസ്കാരമെന്ന് നൊബേൽ പുരസ്കാര സമിതി അറിയിച്ചു. സ്വീഡിഷ് അക്കാദമി നൽകുന്ന പുരസ്കാരത്തിന് 12 ദശലക്ഷം സ്വീഡിഷ് ക്രോണ (ഏകദേശം 1.2 മില്യൻ ഡോളർ) ആണ് സമ്മാനത്തുക. 

 

കവയിത്രിയും ഉപന്യാസകൃത്തുമായ കാഴ്സണ് രചനകളിൽ കവിത, ഗദ്യം, സംഭാഷണം, വിവർത്തനം എന്നിവയെല്ലാം സംയോജിപ്പിച്ചുള്ള വ്യത്യസ്തമായ രചനാശൈലിയാണ് . പുരാതന ഗ്രീക്ക് സാഹിത്യത്തിന്റെ വിവർത്തനങ്ങളിലൂടെയാണ് ഏറെ ശ്രദ്ധേയയായത്. ഈ പാരമ്പര്യം അവരുടെ രചനകളിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഓപ്പറയ്ക്കായുള്ള ലിബ്രെറ്റോകൾ, സാഹിത്യ വിമർശനങ്ങൾ, 1998ൽ പുറത്തിറങ്ങിയ ‘Autobiography of Red’ പോലുള്ള കവിതാ നോവലുകൾ തുടങ്ങി വിവിധ മേഖലകളിലാണ് അവരുടെ രചനകൾ വ്യാപിച്ചുകിടക്കുന്നത്.

 

2019ലെ ‘Norma Jeane Baker of Troy’ എന്ന പ്രകടനാധിഷ്ഠിത കൃതിയിലും രചനാശൈലി വ്യക്തമാണ്. യൂറിപ്പിഡീസിന്റെ ‘Helen’ എന്ന നാടകത്തിലെ ട്രോയിയിലെ ഹെലന്റെ കഥയും ഹോളിവുഡ് താരം മർലിൻ മൺറോയുടെ ജീവിതകഥയും ഈ കൃതിയിൽ സമന്വയിപ്പിക്കുന്നു. അലക്സാണ്ടർ സോൾഷെനിറ്റ്സിൻ, ആലിസ് മൺറോ, ഏണസ്റ്റ് ഹെമിങ്‌വേ തുടങ്ങിയ സാഹിത്യപ്രതിഭകളുടെ നിരയിലാണ് ഇടംപിടിക്കുന്നത്. 

ENGLISH SUMMARY:

Anne Carson Nobel Prize 2026 for literature celebrates the Canadian writer's innovative blending of classical mythology with contemporary forms. Her groundbreaking works, including poetry, essays, and translations, have redefined traditional literary boundaries.