father-dna

TOPICS COVERED

 

‘ആക്ഷൻ ഹീറോ ബിജു’ എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ഒരു കഥാപാത്രമുണ്ട്.  എല്ലാ അർഥത്തിലും പ്രേക്ഷകരുടെ കണ്ണുനനയിക്കുന്ന ഒരച്ഛന്‍. പൊന്നുപോലെ വളർത്തിയ മകളുടെ അച്ഛൻ മറ്റൊരാളാണെന്ന് ഭാര്യ പറയുമ്പോൾ  വേദനയോടെ മകളെ കെട്ടിപ്പിടിച്ച് അയാള്‍ പൊലീസ് സ്റ്റേഷന്റെ പടിയിറങ്ങുന്ന രംഗം പ്രേക്ഷകർ ഒരിക്കലും മറക്കില്ല. സിനിമയിലേതിന് സമാനമായ സംഭവമാണ് തെക്കൻ തായ്‌വാനിലെ പിങ്ടുങ്ങിൽ നടന്നത്.

റിപ്പോർട്ടുകൾ പ്രകാരം 2015ലാണ് യുവാവിന്റെ വിവാഹം നടന്നത്. പിന്നാലെ ദമ്പതികൾക്ക് ഒരാൺകുഞ്ഞ് പിറന്നു. എന്നാൽ വർഷങ്ങൾക്കുശേഷം 2024ൽ ഇരുവരും വേർപിരിഞ്ഞു. കുഞ്ഞിന് ജീവനാംശം നൽകിവരികയായിരുന്നു യുവാവ്. എന്നാൽ കുട്ടി വളർന്നുവന്നതോടെ അച്ഛന്റെ മുഖച്ഛായയില്ലെന്ന് ഇയാളുടെ ബന്ധുക്കൾ പറഞ്ഞു. യുവാവിന്‍റെ സുഹൃത്തുക്കളും സമാനമായ അഭിപ്രായം പറഞ്ഞുതുടങ്ങിയതോടെ സംശയം ശക്തമായി.

തുടർന്ന് യുവാവ് കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ യുവാവ് കുട്ടിയുടെ അച്ഛനല്ലെന്ന് കണ്ടെത്തുകയായിരുന്നു.

പരിശോധനയിലെ അപാകതയെന്ന് വിശ്വസിച്ച് യുവാവ് തുടർച്ചയായി ഏഴ് തവണ ഡിഎൻഎ പരിശോധന നടത്തി. എന്നാൽ ഏഴ് പരിശോധനകളിലും ഒരേ ഫലമായിരുന്നു. ജനിതകപരമായി യുവാവിന് കുട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും കണ്ടെത്തി. ഇതോടെ യുവാവ് കുട്ടിയുടെ അമ്മയ്ക്കെതിരെ കോടതിയെ സമീപിച്ചു. തന്റെ കുട്ടിയല്ലെന്ന് അറിയാതെ ഭീമമായ തുക ജീവനാംശമായി നൽകിയിരുന്നുവെന്നത് യുവാവിനെ തളർത്തി.

കേസ് കോടതിയിലെത്തിയതോടെ കുട്ടി യുവാവിന്റെ മകനല്ലെന്ന് വ്യക്തമാക്കി അമ്മ രംഗത്തെത്തി. ഇത്രയും കാലം യുവാവ് സ്വന്തം മകനെന്ന് കരുതി വളർത്തിയ കുട്ടി ആരുടേതാണെന്ന് പക്ഷേ യുവതി വ്യക്തമാക്കിയില്ല. ഇതോടെ കുട്ടിക്ക് യുവാവ് ജീവനാംശം നൽകേണ്ടതില്ലെന്ന് കോടതി വിധിച്ചു. കൂടാതെ കേസിനായി യുവാവ് ചെലവഴിച്ച തുക നഷ്ടപരിഹാരമായി യുവതിയോട് ഇയാൾക്ക് നൽകാനും കോടതി നിർദേശിച്ചു.

ENGLISH SUMMARY:

Unexpected fatherhood unfolds in a Taiwan paternity case that mirrors a poignant scene from the Malayalam film 'Action Hero Biju,' leaving a man devastated after seven DNA tests confirm he is not the biological father of the child he raised and financially supported.