AI Image
ഇന്ന് ലോക വാർത്താദിനം. കാനഡയിലെ വാൻ-ഇഫ്ര വേൾഡ് എഡിറ്റേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് വാർത്താദിനം ആഘോഷിക്കുന്നത്. 'വിശ്വസനീയ മാധ്യമപ്രവർത്തനം തിരഞ്ഞെടുക്കുക' എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. വെല്ലുവിളികൾ നിറഞ്ഞ തൊഴിൽമേഖലയെ സംരക്ഷിക്കാനും നിലനിർത്താനുമുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്ന ദിനംകൂടിയാണിത്.
വാർത്ത സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും ഇന്ന് ആർക്കും സാധിക്കും. എന്നാൽ ഇവയെല്ലാം വിശ്വാസയോഗ്യമല്ലെന്ന കാര്യത്തിൽ തർക്കമില്ല. അപ്പോൾ സത്യസന്ധവും വിശ്വാസയോഗ്യവുമായ വാർത്ത നൽകേണ്ട ഉത്തരവാദിത്തം ആർക്കെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ലോകവാർത്താദിനം.
ഈ ഉത്തരവാദിത്തം മാധ്യമസ്ഥാപനങ്ങൾക്ക് തന്നെയാണെന്ന് അടിവരയിടുന്ന ദിനംകൂടിയാണിത്. വാർത്തകളിലെ വിശ്വാസ്യത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകത സ്വയം ഏറ്റെടുത്ത് ഒന്നിക്കുകയാണ് നൂറിലധികം രാജ്യങ്ങളിലെ ആയിരത്തിലധികം ന്യൂസ് റൂമുകൾ.
വസ്തുതകൾ മനസ്സിലാക്കി, എന്താണ് പ്രധാനമെന്ന് തിരിച്ചറിഞ്ഞ് വിശ്വസനീയ പത്രപ്രവർത്തനം തിരഞ്ഞെടുക്കുക എന്നതാണ് മുദ്രാവാക്യം. ന്യൂസ് റൂം അടച്ചുപൂട്ടലുകളും ബജറ്റ് ചുരുങ്ങുന്നതും ഉൾപ്പെടെയുള്ള വെല്ലുവിളികൾക്കൊപ്പം എഐ (AI) ഉയർത്തുന്ന ഉള്ളടക്ക ഭീഷണിയും മാധ്യമസ്ഥാപനങ്ങൾ നേരിടുന്നു.
ഈ വെല്ലുവിളികളെ നേരിടാൻ ഒരു മാധ്യമസ്ഥാപനത്തിന് ഒറ്റയ്ക്ക് സാധിക്കില്ലെന്ന തിരിച്ചറിവും ഈ ദിനം ഓർമപ്പെടുത്തുന്നു. വിശ്വാസ്യത വാർത്തയിൽ മാത്രം പോരാ, അത് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള മാർഗങ്ങളും മാധ്യമസ്ഥാപനങ്ങൾ കണ്ടെത്തണമെന്ന സന്ദേശമാണ് ലോക വാർത്താദിനം മുന്നോട്ടുവെക്കുന്നത്.