പാൻ ആഫ്രിക്കൻ ഇന്റർഗവൺമെന്റൽ ഏജൻസി ഫോർ വാട്ടർ ആൻഡ് സാനിറ്റേഷൻ ഫോർ ആഫ്രിക്കയുടെ (PAIWAS) ഐക്യരാഷ്ട്രസഭയിലെ പ്രൊജക്റ്റ്സ് ആൻഡ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് ഉപദേഷ്ടാവായി യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ഡോ. അജയ്യ കുമാര്‍. സംഘടനയുടെ പശ്ചിമേഷ്യൻ പ്രതിനിധി അംബാസഡറായും അദ്ദേഹം പ്രവർത്തിക്കും. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കുടിവെള്ള ലഭ്യതയും ശുചിത്വവും ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന പ്രമുഖ രാജ്യാന്തര ഏജൻസിയാണ് PAIWAS.
ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അദ്ദേഹത്തിന് പുതിയ ചുമതലകൾ ഔദ്യോഗികമായി കൈമാറി. ഇതോടൊപ്പം സി.ഐ.സി.എ (CICA) ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ആൻഡ് സെമിനാരി അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് സമ്മാനിക്കുകയും ചെയ്തു.
ജലസുരക്ഷ, ശുചിത്വം, കാലാവസ്ഥാ പ്രതിരോധം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളില്‍ ആഫ്രിക്കയും പശ്ചിമേഷ്യയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് അജയ്യ കുമാറിന്റെ പ്രധാന ദൗത്യം. കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്ന സുരക്ഷിത ജലവിതരണ സംവിധാനങ്ങളുടെ വികസനം, വിവിധ സർക്കാരുകൾ, രാജ്യാന്തര ഏജൻസികൾ, നയതന്ത്ര ദൗത്യങ്ങൾ, സ്വകാര്യ മേഖല എന്നിവയുമായുള്ള സഹകരണം മെച്ചപ്പെടുത്തൽ തുടങ്ങിയ ചുമതലകളും അദ്ദേഹം വഹിക്കും.
മുൻപ് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക- സാമൂഹിക സമിതി പ്രതിനിധിയായും ഡോ അജയ്യ കുമാര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാംസ്‌കാരിക ഏകീകരണവും ലിംഗനീതിയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ആഫ്രിക്കൻ വിമൻ വർക്കിങ്ഗ്രൂപ്പിനെ (AWWG)യാണ് അദ്ദേഹം ഐക്യരാഷ്ട്രസഭയില്‍ പ്രതിനിധീകരിച്ചത്.
തൃശൂർ സ്വദേശിയായ ഡോ. അജയ്യ കുമാർ യു.എ.ഇയിലെ പ്രമുഖ ഐ.സി.ടി കമ്പനിയായ എമിർകോമിന്റെ (Emircom) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറാണ് (COO). സി.ബി.എസ്.ഇയുടെ സ്ട്രാറ്റജിക് ലീഡർഷിപ്പ് ഉപദേശക സമിതിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആറ് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.