കരാറുകൾ കൊണ്ട് മാത്രം സമാധാനം കെട്ടിപ്പടുക്കാനാകില്ലെന്ന് ലിയോ പതിനാലാമന്‍ പാപ്പ. ഫ്രാൻസിലെ അപ്പസ്തോലിക സന്ദർശനത്തിന്റെ ആദ്യ ദിനത്തിൽ യുനെസ്കോ ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു പോപ്പ്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ യുനെസ്കോ സന്ദർശിച്ച് 46 വർഷങ്ങൾക്ക് ശേഷമാണ് ലിയോ പതിനാലാമന്‍ ഇവിടെ എത്തുന്നത്.
വിദ്യാഭ്യാസവും ശാസ്ത്രവും സംസ്കാരവും മനുഷ്യാന്തസ്സിനും സത്യത്തിനും സമാധാനത്തിനും വേണ്ടി നിലകൊള്ളണമെന്ന് പോപ്പ് ആഹ്വാനം ചെയ്തു. ശാസ്ത്ര-സാങ്കേതിക പുരോഗതി മനുഷ്യരെ നിയന്ത്രിക്കുന്നതിനും ആധിപത്യം സ്ഥാപിക്കുന്നതിനും ഒടുവിൽ നാശത്തിലേക്കും നയിക്കുന്ന ഒരു ഉപകരണമായി മാറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സമാധാനം, സത്യം, മനുഷ്യാന്തസ്സ് എന്നിവയ്ക്കായുള്ള പ്രതിബദ്ധത കൂടുതൽ ശക്തിപ്പെടുത്തണമെന്ന് പോപ്പ് ആഹ്വാനം ചെയ്തു. മനുഷ്യരാശിക്ക് "സ്വയം, സ്വന്തം ചരിത്രം, ഭാവി എന്നിവയെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്ന ഒരു ഇടം" എന്നാണ് യുനെസ്കോയെ പോപ്പ് വിശേഷിപ്പിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോയുമായും, നയതന്ത്ര പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പോപ്പ് യുനെസ്കോയിലെത്തിയത്. തുടർന്ന് നോട്ര്-ഡാം കത്തീഡ്രലിലും പോപ്പ് എത്തി. ഈമാസം 28 വരെയാണ് പോപ്പിന്റെ ഫ്രാന്‍സ് സന്ദര്‍ശനം.