Image Credit: PTI

  • 200,000 ടണ്‍ ഇന്ത്യന്‍ ഗോതമ്പാണ് ടണ്ണിന് 306 ഡോളര്‍ മുതല്‍ 326 ഡോളര്‍ വരെ നല്‍കി ബംഗ്ലദേശി വ്യാപാരികള്‍ ഇറക്കുമതി ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്

വിപണിയില്‍ അരിവില സര്‍വകാല റെക്കോര്‍ഡിലെത്തിയതോടെ പ്രധാനഭക്ഷണം ഗോതമ്പാക്കാന്‍ ബംഗ്ലദേശുകാര്‍. പ്രാദേശിക വിപണിയില്‍ അരിവില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയതോടെയാണ് സാധാരണക്കാര്‍ കൂടുതലായി ഗോതമ്പ് വാങ്ങാന്‍ തുടങ്ങിയത്. കിലോയ്ക്ക് മൂന്ന് ടാക്ക മുതല്‍ അഞ്ച് ടാക്ക വരെയാണ് വില ഉയര്‍ന്നത്. ഇന്ത്യ കയറ്റുമതി നിയന്ത്രണം നീക്കുക കൂടി ചെയ്തതോടെ കൂടുതല്‍ ഗോതമ്പ് ഇറക്കുമതി ചെയ്യല്‍ ബംഗ്ലദേശ് പുനഃരാരംഭിച്ചിരിക്കുകയാണ്. നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗോതമ്പിന്‍റെ വന്‍തോതിലുള്ള ഇറക്കുമതിയെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 200,000 ടണ്‍ ഇന്ത്യന്‍ ഗോതമ്പാണ് ടണ്ണിന് 306 ഡോളര്‍ മുതല്‍ 326 ഡോളര്‍ വരെ നല്‍കി ബംഗ്ലദേശി വ്യാപാരികള്‍ ഇറക്കുമതി ചെയ്യുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. റെയില്‍ മാര്‍ഗമാണ് ചരക്കെത്തിക്കുക. മറ്റുരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകുമെന്നതും ഇന്ത്യന്‍ ഗോതമ്പിന്‍റെ ഡിമാന്‍ഡ് കൂട്ടി. ബംഗ്ലദേശിന് പുറമെ ശ്രീലങ്കയും ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.

Image credit: Reuters

ബംഗ്ലദേശിലെ പ്രധാന ഭക്ഷണം അരിയാണെങ്കിലും ഗോതമ്പ് തൊട്ടുപിന്നില്‍ തന്നെയുണ്ട്. പത്ത് ലക്ഷം ടണ്‍ ഗോതമ്പ് മാത്രമാണ് ബംഗ്ലദേശ് ഉല്‍പാദിപ്പിക്കുന്നതെന്നതിനാലാണ് ദശലക്ഷക്കണക്കിന് ടണ്‍ ഗോതമ്പ് ഇറക്കുമതി ചെയ്യേണ്ടി വരുന്നത്. നേരത്തേ മുതല്‍ ഇന്ത്യയെയാണ് ബംഗ്ലദേശ് ഗോതമ്പിനായി ആശ്രയിച്ചിരുന്നത്. ചില വര്‍ഷങ്ങളിലെങ്കിലും ബംഗ്ലദേശിന് വേണ്ട ആകെ ഗോതമ്പിന്റെ പകുതിയും ഇന്ത്യയില്‍ നിന്ന് തന്നെ ഇറക്കുമതി ചെയ്തിട്ടുമുണ്ടെന്ന് കണക്കുകള്‍ പറയുന്നു. 2021 ല്‍ മാത്രം 299.4 മില്യണ്‍ ഡോളറിന്‍റെ ഗോതമ്പാണ് ഇന്ത്യ ബംഗ്ലദേശിന് നല്‍കിയത്. 

യുക്രെയ്ന്‍–റഷ്യ യുദ്ധത്തിന് പിന്നാലെ ഇന്ത്യ ഗോതമ്പിന്റെ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് ബംഗ്ലദേശിലേക്കുള്ള കയറ്റുമതിയും കുറഞ്ഞത്. യുദ്ധത്തിന് പുറമെ ഉഷ്ണക്കാറ്റിനെ തുടര്‍ന്ന് ഗോതമ്പിന്‍റെ ഉല്‍പ്പാദനം കുറഞ്ഞതും കയറ്റുമതി നിയന്ത്രിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചു. ഉല്‍പ്പാദനം കുറയുകയും ആഗോള വിപണിയില്‍ ആവശ്യമേറുകയും ചെയ്തതോടെ ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ ഗോതമ്പിന്‍റെ വില 20 ശതമാനം വരെ ഉയര്‍ന്നു. ഇതോടെയാണ് കയറ്റുമതിക്ക് സര്‍ക്കാര്‍ പൂര്‍ണ നിയന്ത്രണം കൊണ്ടുവന്നത്. 

2026 റെക്കോര്‍ഡ് വിളവെടുപ്പ് ഉണ്ടായതോടെ ഇന്ത്യ ഗോതമ്പിന്‍റെ കയറ്റുമതിക്കേര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി. 2025–26 ല്‍ 120.65 മില്യണ്‍ ടണ്‍ ഗോതമ്പാണ് ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ വിളഞ്ഞത്. ഇതിനൊപ്പം  യുക്രെയിന്‍റെ ഗോതമ്പ് കയറ്റുമതി കുത്തനെ ഇടിയുകയും ചെയ്തു. 4.48 മില്യണ്‍ ടണില്‍ നിന്ന് 1.13 ടണ്ണായാണ് യുക്രെയിന്‍റെ കയറ്റുമതി ഇടിഞ്ഞതെന്ന് ബ്ലൂംബര്‍ഗ് പറയുന്നു. ബംഗ്ലദേശിലാവട്ടെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗോതമ്പിന്‍റെ ഇറക്കുമതി വര്‍ധിക്കുകയും ചെയ്തു. 

ENGLISH SUMMARY:

Record high rice prices in Bangladesh have forced a shift toward wheat, prompting the country to import 200,000 tons of wheat from India. India's record harvest of 120.65 million tons in 2025-26 has enabled the resumption of bulk exports after four years. Low transport costs make Indian wheat highly attractive to neighboring countries like Bangladesh and Sri Lanka.