• ഓസ്ട്രേലിയയുടെ സാർവത്രിക ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡികെയറിന്റെ ഡേറ്റാ പോർട്ടലിൽ ഓപ്പൺഎഐ ഏജന്റ് അനുമതിയില്ലാതെ ഫയർവാളുകൾ മറികടന്ന് പ്രവേശിച്ചതായി പ്രധാനമന്ത്രി ആന്റണി ആൽബനീസ് വെളിപ്പെടുത്തി. ജൂണിൽ നടന്ന സംഭവം സെപ്റ്റംബറിലാണ് കമ്പനി അറിയിച്ചതെന്നും വ്യക്തിവിവരങ്ങൾ ചോർന്നിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.

ഓസ്‌ട്രേലിയൻ സർക്കാരിന്റെ ആരോഗ്യ ഡേറ്റാ പോർട്ടൽ ഹാക്ക് ചെയ്ത് എഐ. സാർവത്രിക ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡികെയറിന്റെ മെഡിക്കൽ സ്റ്റാറ്റിസ്റ്റിക്സ് പോർട്ടലിലാണ് ഓപ്പണ്‍ എഐയുടെ ഏജന്‍റ് കടന്നുകയറിയത്. യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തിയ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ഒരു പരമാധികാര രാജ്യത്തിന്റെ സർക്കാർ വെബ്‌സൈറ്റ് എഐ ഏജന്റ് സ്വന്തം നിലയിൽ ഹാക്ക് ചെയ്യുന്ന സംഭവം ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മെഡികെയര്‍ ആക്രമണം വിശദീകരിച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്

ജൂണില്‍ നടന്ന സംഭവം മൂന്നുമാസത്തിന് ശേഷം സെപ്തംബര്‍ പത്തിന് മാത്രമാണ് ഓപ്പണ്‍ എഐ ഓസ്ട്രേലിയന്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ ഓപ്പണ്‍ എഐ മേധാവി സാം ആള്‍ട്ട്മാനോട് ശക്തമായ അമര്‍ഷവും പ്രതിഷേധവും അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഇതുവരെ ഈ കടന്നുകയറ്റം തിരിച്ചറിയാന്‍ കഴിയാതെ പോയതെന്ന് വിശദമായി അന്വേഷിക്കുമെന്നും ആല്‍ബനീസ് പറഞ്ഞു.

പൊതു മെഡിക്കൽ ചെലവുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് 'മെഡികെയര്‍' (Medicare) പോർട്ടലില്‍ ഓപ്പൺഎഐയുടെ ഏജന്റ് അനധികൃതമായി കടന്നുകയറിയത്. പോര്‍ട്ടലിലെ ഫയര്‍വാളുകള്‍ തടസം സൃഷ്ടിച്ചെങ്കിലും പിന്മാറാൻ എഐ തയ്യാറായില്ലെന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന വിവരം. ‘അനധികൃതമായി പോർട്ടലിൽ പ്രവേശിക്കുന്നത് വിലക്കുന്ന ശക്തമായ സുരക്ഷാ ബ്ലോക്കുകൾ ഉണ്ടായിരുന്നു. എന്നാൽ ‘നോ’ എന്ന മറുപടി അംഗീകരിക്കാൻ എഐ ഏജന്റ് തയ്യാറായില്ല. ആ സുരക്ഷാ മതിലുകൾ ഓരോന്നായി മറികടക്കാനുള്ള വഴി എഐ സ്വന്തമായി കണ്ടെത്തി അകത്തുകയറുകയായിരുന്നു’ – ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി വിശദീകരിച്ചു.

യുഎന്‍ ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്

ഓപ്പൺഎഐ ഏജന്റ് സര്‍ക്കാരിന്‍റെ മറ്റ് മൂന്ന് ആരോഗ്യ വെബ്‌സൈറ്റുകളില്‍ക്കൂടി കടന്നുകയറിയിരിക്കാമെന്ന് ആന്തണി ആല്‍ബനീസ് സൂചിപ്പിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്ത വരുത്താന്‍ അദ്ദേഹം തയാറായില്ല. ഈ വെബ്‌സൈറ്റുകളില്‍ എഐ നുഴഞ്ഞുകയറ്റം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഉന്നതതല അന്വേഷണ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. സമാനമായ സംഭവങ്ങൾ തടയുന്നതിന് നിലവിലെ നെറ്റ്‌വർക്ക് സുരക്ഷ പര്യാപ്തമാണോ എന്നും ടാസ്ക് ഫോഴ്സ് പരിശോധിക്കും.

വ്യക്തിവിവരങ്ങൾ ചോർന്നോ

ഓസ്ട്രേലിയയിലെ 2.7 കോടി ജനങ്ങളുടെ വ്യക്തിഗത വിവരങ്ങളോ ബാങ്കിങ് രേഖകളോ ചികിത്സാ രേഖകളോ പേയ്മെന്‍റ് വിവരങ്ങളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാർഡ് മാർലെസ് വ്യക്തമാക്കി. ആശുപത്രി ഉപയോഗത്തെക്കുറിച്ചുള്ള പൊതു സ്ഥിതിവിവരക്കണക്കുകൾ മാത്രമാണ് ഈ പോർട്ടലിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ റിച്ചാർഡ് മാർലെസ്

ഓപ്പൺഎഐയുടെ വിശദീകരണം

ആവശ്യപ്പെടാത്ത കാര്യമാണ് എഐ ഏജന്‍റ് ചെയ്തതെന്ന് ഓപ്പണ്‍ എഐ സമ്മതിച്ചു. ‘ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിനിടെ മോഡലുകൾ ഞങ്ങൾ ഉദ്ദേശിക്കാത്ത ചില നടപടികളിലേക്ക് സ്വയം നീങ്ങുകയായിരുന്നു. രോഗികളുടെ വ്യക്തിഗത രേഖകൾ ചോർന്നിട്ടില്ല.’ പൗരന്മാരുടെ ആരോഗ്യ, ഇന്‍ഷുറന്‍സ് വിവരങ്ങളിലേക്ക് എഐ ഏജന്‍റ് പ്രവേശിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും ഓപ്പണ്‍ എഐ അവകാശപ്പെടുന്നു.

ഓപ്പണ്‍ എഐ മേധാവി സാം ആള്‍ട്ട്മാന്‍ യുഎന്‍ ആസ്ഥാനത്ത്

മനുഷ്യരാശിയുടെ നിലനില്‍പ്പിന് എഐ ഉയർത്തുന്ന പ്രശ്നങ്ങളെക്കുറിച്ച് ലോകത്തെ മുൻനിര എഐ കമ്പനികൾ ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിന് മുന്നറിയിപ്പ് നൽകുകയും, അനുദിനം വികസിക്കുന്ന സാങ്കേതികവിദ്യ കൈകാര്യം ചെയ്യാൻ സർക്കാരുകൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്ത അതേ ദിവസമാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വെബ്സൈറ്റിലെ കടന്നുകയറ്റം പുറത്തുവന്നത്.

ചാറ്റ്ജിപിടി നിർമ്മാതാക്കളായ ഓപ്പൺഎഐ, തങ്ങളുടെ എഐ ഏജന്റുകൾ ഉൾപ്പെട്ട ഹാക്കുകളോ അനധികൃത പ്രവർത്തനങ്ങളോ നടന്ന് ഏറെക്കാലത്തിന് ശേഷം മാത്രമാണ് വെളിപ്പെടുത്താറുള്ളത്. ഈ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണ് ഇത്. ഓപ്പണ്‍ എഐയുടെ എതിരാളികളായ ആന്ത്രോപിക്, ഗൂഗിളിന്റെ ജെമിനി, മെറ്റ എന്നിവയും തങ്ങളുടെ ഏജന്റുകൾ ഉദ്ദേശിക്കാത്ത രീതിയില്‍ ബാഹ്യ സംവിധാനങ്ങളിലേക്ക് പ്രവേശനം നേടിയ സംഭവങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

ഓപ്പണ്‍ എഐ മേധാവി സാം ആള്‍ട്ട്മാന്‍ യുഎന്‍ യോഗത്തില്‍

മെഡികെയര്‍ ഹാക്കിങ് ഓസ്‌ട്രേലിയയും യുഎസ് ഉടമസ്ഥതയിലുള്ള ടെക് വമ്പന്മാരും തമ്മിലുള്ള സംഘർഷം രൂക്ഷമാക്കും. 16 വയസില്‍ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ലോകത്താദ്യമായി നിരോധനം ഏർപ്പെടുത്തിയതിനും, ഉപയോക്താക്കൾക്ക് തങ്ങളുടെ ഫീഡുകളിൽ അൽഗോരിതം അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കം ഓഫാക്കാനുള്ള സൗകര്യം ഒരുക്കാൻ ടെക് കമ്പനികളെ നിർബന്ധിതരാക്കുന്ന പുതിയ നിയമങ്ങൾ കൊണ്ടുവന്നതിനും ഓസ്ട്രേലിയ ഇതിനകം മെറ്റ അടക്കമുള്ള കമ്പനികള്‍ നിന്നും അമേരിക്കന്‍ ഭരണകൂടത്തില്‍ നിന്നും വിമര്‍ശനം നേരിട്ടിട്ടുണ്ട്.

OpenAI Agent Infiltrates Australian Government Medicare Portal: Albanese Raises Alarm:

An autonomous OpenAI artificial intelligence agent breached Australia’s Medicare public health statistical portal by independently finding workarounds to bypass security firewalls. Australian Prime Minister Anthony Albanese condemned the intrusion and expressed strong protest to OpenAI CEO Sam Altman, particularly over the three-month delay in reporting the breach. Australian officials, including Defence Minister Richard Marles, confirmed that personal health, banking, and citizen records were not compromised during the event. OpenAI acknowledged the incident, stating the AI agent acted outside its intended scope while retrieving public expenditure data.