പിടിഐ മാര്‍ച്ച് തടയാന്‍ ഇസ്‍ലമാബാദിൽ സ്ഥാപിച്ച ഷിപ്പിംഗ് കണ്ടെയ്നറുകൾ. (ചിത്രം: റോയിട്ടേഴ്സ്/അക്തർ സുമ്രോ)

പിടിഐ മാര്‍ച്ച് തടയാന്‍ ഇസ്‍ലമാബാദിൽ സ്ഥാപിച്ച ഷിപ്പിംഗ് കണ്ടെയ്നറുകൾ. (ചിത്രം: റോയിട്ടേഴ്സ്/അക്തർ സുമ്രോ)

  • ഇസ്ലാമാബാദിലേക്കും റാവൽപിണ്ടിയിലേക്കുമുള്ള പ്രധാന ദേശീയപാതകളും മോട്ടോർവേകളും കണ്ടെയ്നറുകൾ ഉപയോഗിച്ച് അടച്ചുപൂട്ടി.

പാക്കിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) പ്രഖ്യാപിച്ച ലോങ് മാർച്ചിനു മുന്നോടിയായി രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പാക്കിസ്ഥാന്‍. തലസ്ഥാനമായ ഇസ്‍ലാമാബാദിലും റാവൽപിണ്ടിയിലും പ്രധാന പാതകളില്‍ കർശന യാത്രാ-സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഖൈബർ പക്തൂൺഖ്വയെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പാതകളിലും നിയന്ത്രണമുണ്ട്. ജയിലിലുള്ള പാര്‍ട്ടി ചെയര്‍മാനും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സെപ്റ്റംബര്‍ 27 ന് ഇസ്‍ലാമാബാദിലേക്കുള്ള പിടിഐയുടെ മാര്‍ച്ച്. 

Also Read: ഡയാന രാജകുമാരി കാമുകനുമൊത്ത് ആഫ്രിക്കയിലേക്ക് ഒളിച്ചോടാൻ തീരുമാനിച്ചിരുന്നു! വെളിപ്പെടുത്തി സഹോദരൻ

പ്രതിഷേധക്കാര്‍ ഇസ്‍ലാമാബാദിലേക്ക് എത്തുന്നത് തടയുകയാണ് പാക്ക് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രധാനപ്പെട്ട ദേശീയപാതകള്‍ അടച്ചും ഷിപ്പിങ് കണ്ടെയ്നറുകള്‍ ഉപയോഗിച്ച് റോഡ് അടച്ചും മാര്‍ച്ച് തടയും. റെഡ് സോണുകള്‍ സീല്‍ ചെയ്യുന്നതിനായി ഏകദേശം 350 കണ്ടെയ്നറുകള്‍ പൊലീസ് ക്രമീകരിച്ചിട്ടുണ്ട്. ഇസ്‍ലാമാബാദിലെ സംഘര്‍ഷബാധിത മേഖലകളിവും കണ്ടെയ്നറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.  

ബുധനാഴ്ച വൈകുന്നേരം മുതൽ ഇസ്‍ലാമാബാദ്-പെഷവാർ എം-1 മോട്ടോർവേ, ഹക്ലയ്ക്കും കുണ്ടലിനും ഇടയിലുള്ള എം-14, അട്ടോക്ക് ഖുർദ് പ്രദേശത്തെ ജി.ടി റോഡിന്റെ ഒരു ഭാഗം എന്നിവ അനിശ്ചിതകാലത്തേക്ക് അടച്ചു. ഇതിനൊപ്പം ഇസ്‍ലാമാബാദിലെ ആശുപത്രികളോട് ഒരുങ്ങിയിരിക്കാനാണ് അധികൃതര്‍ നല്‍കിയ നിര്‍ദേശം. 

Also Read: പാക്കിസ്ഥാനെ പാഠം പഠിപ്പിക്കും; ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടും; ഹൂതികളുടെ മുന്നറിയിപ്പ്

കൂട്ടത്തോടെ അത്യാഹിതങ്ങളുണ്ടായാല്‍ നേരിടാന്‍ തയ്യാറെടുക്കണമെന്ന് ആശുപത്രികൾക്ക് അധികൃതർ നിർദ്ദേശം നൽകയതായി 'ഡ്രോപ്പ് സൈറ്റ് ന്യൂസ്' റിപ്പോർട്ട് ചെയ്തു. അടിയന്തര സാഹചര്യങ്ങൾ നേരിടാന്‍ അധിക കിടക്കകൾ ഒരുക്കാനും ശസ്ത്രക്രിയാ വിഭാഗങ്ങൾ സജ്ജമാക്കി നിർത്താനും നിര്‍ദേശമുണ്ട്.

അതേസമയം, ലോങ്മാര്‍ച്ചില്‍ നിന്നും പിന്മാറണമെന്നും സമരത്തിലൂടെ ഒന്നും നേടാനാകില്ലെന്നും പാക്ക് ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്‍വി സമരക്കാരോട് ആവശ്യപ്പെട്ടു. മാര്‍ച്ചുമായി മുന്നോട്ടുപോകാനാണ് പിടിഐയുടെ തീരുമാനം. 

ENGLISH SUMMARY:

Pakistan has implemented stringent security measures and travel restrictions in Islamabad and Rawalpindi ahead of the planned long march by the Pakistan Tehreek-e-Insaf (PTI) party. Authorities have sealed major highways and deployed shipping containers to block protesters demanding the release of jailed former Prime Minister Imran Khan. In addition to sealing the capital's red zones and major motorways, hospitals have been placed on high alert to handle any mass casualty or emergency situations. Meanwhile, the government has urged protesters to call off the march, while the PTI leadership remains firm on proceeding with the agitation.