അമേരിക്കയിലെ ന്യൂയോർക്ക് സബ്‌വേ സ്റ്റേഷനിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും നേപ്പാള്‍ വംശജനായ ആണ്‍ സുഹൃത്തും മരിച്ച സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. സെപ്റ്റംബർ 13-ന് പുലർച്ചെ ലോവർ മാൻഹട്ടനിലെ സ്പ്രിങ് സ്ട്രീറ്റ് സ്റ്റേഷനിലാണ് അപകടമുണ്ടായത്. ന്യൂജേഴ്‌സിയില്‍ താമസിക്കുന്ന മലൈക ചിത്രെ (24), നവം കൗൾ (24) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിന് തൊട്ടുമുൻപ് പ്ലാറ്റ്‌ഫോമിൽ വെച്ച് ഇരുവരും ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് ഇരുവരും ട്രാക്കിലേക്ക് വീഴുകയും ട്രെയിൻ തട്ടി മരിക്കുകയുമാണെന്നാണ് നിഗമനം.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഞായറാഴ്ച പുലർച്ചെ 3.15 ഓടെയാണ് ഇരുവരും സ്റ്റേഷനിലെത്തിയത്. സ്നേഹപ്രകടനത്തിനിടെ യുവാവ് അബദ്ധത്തില്‍ ആദ്യം ട്രാക്കിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ നവമിനെ രക്ഷിക്കാനായി മലൈക ചിത്രെയും ട്രാക്കിലേക്ക് ഇറങ്ങുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിനിടെയാണ് അപകടമുണ്ടായത്. ഇതേ ട്രാക്കിലേക്ക് എത്തിയ ട്രെയിൻ ഇരുവരെയും ഇടിക്കുകയായിരുന്നു. രണ്ടുപേരുടെയും തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്.
ട്രെയിൻ അടുത്തെത്തുമ്പോൾ ഇരുവരും ട്രാക്കിൽ ഇരിക്കുന്നതിന്റെയും മലൈക നവമിനെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ട്രെയിൻ ഓപ്പറേറ്റർ പെട്ടെന്ന് തന്നെ എമർജൻസി ബ്രേക്ക് ഉപയോഗിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൂന്നാമത്തെയും നാലാമത്തെയും ബോഗികൾക്കിടയിൽ നിന്ന് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇതോടെ സംഭവം ആത്മഹത്യയാണെന്ന വാദം പൊലീസ് പ്രാഥമികമായി തള്ളുന്നുണ്ട്. എന്നാൽ, സംഭവസമയത്ത് ഇരുവരും മദ്യത്തിന്റെയോ മറ്റ് ലഹരിപദാർത്ഥങ്ങളുടെയോ സ്വാധീനത്തിലായിരുന്നോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ട്രെയിൻ വരുന്നത് കണ്ടിട്ടും അപകടം തിരിച്ചറിയാൻ സാധിക്കാത്ത വിധം ഇവർ ലഹരിയിലായിരുന്നോ എന്ന സംശയത്തിലാണ് അന്വേഷണ സംഘം.
ന്യൂജേഴ്‌സിയിലെ റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് 2024-ൽ ഒന്നിച്ച് ബിരുദം പൂർത്തിയാക്കിയവരാണ് മലൈകയും നവമും. മലൈക ഫാർമസ്യൂട്ടിക്കൽ മേഖലയിലും നവം ബ്ലൂംബെർഗിൽ ഡാറ്റാ അനലിസ്റ്റായും ജോലി ചെയ്തുവരികയായിരുന്നു. മിടുക്കരായ ഇരു ചെറുപ്പക്കാരുടെയും അപ്രതീക്ഷിത വേർപാട് ബന്ധുക്കളിലും സുഹൃത്തുക്കളിലും കടുത്ത ആഘാതമാണ് ഉണ്ടാക്കിയത്. സംഭവത്തിൽ പൊലീസിന്റെയും ഫോറൻസിക് സംഘത്തിന്റെയും അന്വേഷണം പുരോഗമിക്കുകയാണ്.