womens-day-off-strike

TOPICS COVERED

ലോക സാമ്പത്തിക ഫോറം പുറത്തുവിട്ട 2026-ലെ ആഗോള ലിംഗസമത്വ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 131 ആണ്. 145 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ കഴിഞ്ഞ വർഷത്തെ റാങ്ക് തന്നെയാണ് ഇന്ത്യ ഇത്തവണയും നിലനിർത്തിയത്. സ്കോറിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും, ആഗോള ശരാശരിയേക്കാൾ പിന്നിലാണ് ഇന്ത്യ. പാകിസ്ഥാന്‍, ഇറാന്‍, പാപുവ ന്യൂ ഗിനിയ, കുവൈറ്റ്, സൗദി അറേബ്യ, ഈജിപ്ത്, അൾജീരിയ ഉൾപ്പെടെ 14 രാജ്യങ്ങൾ മാത്രമാണ് റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് പിന്നിലുള്ളത്. ചാഡ് ആണ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള രാജ്യം. നയരൂപീകരണത്തിലും ഉയർന്ന മാനേജ്‌മെന്റ് പദവികളിലുമുള്ള സ്ത്രീ പ്രാതിനിധ്യം 13.1 ശതമാനം മാത്രമാണ്. ജനനസമയത്തെ ആൺ-പെൺ അനുപാതത്തിൽ ഇന്ത്യ ഇപ്പോഴും പ്രതീക്ഷിച്ച പുരോഗതി കൈവരിച്ചിട്ടില്ല

മാതൃകയാക്കാം ഐസ്​ലന്‍ഡിനെ

എന്നാൽ പട്ടികയുടെ മറുവശത്ത് ഐസ്‌ലൻഡ് വീണ്ടും ശ്രദ്ധ നേടുകയാണ്. ആഗോള ലിംഗസമത്വ സൂചികയിൽ തുടർച്ചയായ 17-ാം വർഷമാണ് ഐസ്‌ലൻഡ് ഒന്നാം സ്ഥാനം നിലനിർത്തുന്നത്. ലിംഗവ്യത്യാസം 90 ശതമാനത്തിലധികം (93%) പരിഹരിക്കാൻ കഴിഞ്ഞ ലോകത്തിലെ ഒരേയൊരു രാജ്യം ഐസ്‌ലൻഡാണ്. ഇതൊരു യാദൃച്ഛിക നേട്ടമല്ല, മറിച്ച് വര്‍ഷങ്ങള്‍ നീണ്ട കഠിനശ്രമങ്ങളുടെയും ശക്തമായ നിയമനിർമ്മാണങ്ങളുടെയും ഫലമാണ്. 

പണിമുടക്കിയ സ്ത്രീകള്‍

1975ലെ സ്ത്രീകളുടെ സമരം ഐസ്‌ലൻഡിലെ ലിംഗസമത്വ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. അന്ന് രാജ്യത്തെ 90% സ്ത്രീകളും ജോലികളിൽ നിന്നും വീട്ടുജോലികളിൽ നിന്നും വിട്ടുനിന്ന് 'Women's Day Off' എന്ന പേരിൽ സമരം ചെയ്തു. സ്ത്രീകൾ ഓഫീസുകളിൽ നിന്നും ഫാക്ടറികളിൽ നിന്നും മാത്രമല്ല, വീട്ടുജോലികളിൽ നിന്നും കുട്ടികളെ നോക്കുന്നതിൽ നിന്നും മാറിനിന്നു. പുരുഷന്മാർക്ക് തങ്ങളുടെ മക്കളെ ഓഫീസുകളിൽ കൊണ്ടുപോകേണ്ട അവസ്ഥയുണ്ടായി. സ്ത്രീകളുടെ അധ്വാനമില്ലാതെ സമൂഹം മുന്നോട്ടുപോകില്ലെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ ഈ സമരത്തിന് കഴിഞ്ഞു. 

young-lady-health

സമരം കഴിഞ്ഞ് തൊട്ടടുത്ത വർഷം തന്നെ പുരുഷനും സ്ത്രീയ്ക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കുന്ന ജെന്‍ഡര്‍ ഇക്വാലിറ്റി ആക്റ്റ് ഐസ്‌ലൻഡ് പാർലമെന്റ് പാസാക്കി. സമരം നടന്ന് കൃത്യം അഞ്ച് വർഷത്തിന് ശേഷം, 1980-ൽ ഐസ്‌ലൻഡ് വിഗ്ദിസ് ഫിൻബൊഗാദോട്ടിറിനെ തങ്ങളുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ വനിതാ രാഷ്ട്രത്തലവയായിരുന്നു അവർ. 'Women's Day Off' നൽകിയ ധൈര്യമാണ് തന്നെ ഈ സ്ഥാനത്ത് എത്തിച്ചതെന്ന് അവർ പിന്നീട് പറഞ്ഞിട്ടുണ്ട്. അതിനുശേഷം നിരവധി തവണയാണ് സ്ത്രീകള്‍ ഐസ്​ലന്‍ഡ് ഭരിച്ചത്. 

നിയമനിര്‍മാണങ്ങള്‍

ഇതിനൊപ്പം ശക്തമായ നിയമനിർമ്മാണങ്ങളും രാജ്യത്ത് നടന്നു. ലിംഗത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളത്തിൽ വിവേചനം പാടില്ലെന്ന നിയമം ഐസ്‌ലൻഡ് നടപ്പിലാക്കി. കമ്പനികളുടെ ഡയറക്ടർ ബോർഡുകളിൽ ഏതെങ്കിലും ഒരു ലിംഗത്തിന്റെ പ്രാതിനിധ്യം 40 ശതമാനത്തിൽ താഴെയാകരുതെന്നും ഐസ്‌ലൻഡിൽ നിയമമുണ്ട്. കുട്ടി ജനിക്കുമ്പോൾ അച്ഛനും അമ്മയ്ക്കും അവധി (Parental Leave) ലഭിക്കുന്നു. ഇതിലൂടെ കുട്ടികളെ നോക്കുന്ന ഉത്തരവാദിത്തം സ്ത്രീകളിൽ മാത്രം ഒതുങ്ങുന്നില്ല, പുരുഷന്മാരും അത് തുല്യമായി പങ്കിടുന്നു. ഐസ്‌ലൻഡിന്റെ പാർലമെന്റിലും മന്ത്രിസഭയിലും പകുതിയോളവും സ്ത്രീകളാണ്. നയരൂപീകരണത്തിൽ സ്ത്രീകളുടെ ശക്തമായ സാന്നിധ്യമുള്ളതിനാൽ സ്ത്രീ സൗഹൃദപരമായ തീരുമാനങ്ങൾ വേഗത്തിൽ നടപ്പിലാക്കാൻ അവർക്ക് സാധിക്കുന്നു. 

laptop-women-jaipur

ഇന്ത്യയിൽ വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടായിട്ടും, തീരുമാനമെടുക്കുന്ന സ്ഥാനങ്ങളിലെ സ്ത്രീ പ്രാതിനിധ്യവും തൊഴിൽ മേഖലയിലെ അവസരങ്ങളും ഉൾപ്പെടെ ഇനിയും മുന്നേറാനുള്ള മേഖലകൾ നിരവധിയാണ്. സ്ത്രീകൾക്ക് തുല്യ അവസരവും തുല്യ പങ്കാളിത്തവും ഉറപ്പാക്കാൻ ഇന്ത്യ ഇനിയും സാമൂഹികമായും നിയമനിര്‍മാണ തലത്തിലും മാറ്റങ്ങള്‍ വരുത്തേണ്ടിയിരിക്കുന്നു. 

ENGLISH SUMMARY:

India retains the 131st rank out of 145 countries in the World Economic Forum's Global Gender Gap Index for 2026. While India showed minor score improvements, women's representation in policy-making and senior management roles remains low at just 13.1 percent. On the other hand, Iceland topped the index for the 17th consecutive year, having closed over 93 percent of its gender gap through historic movements like the 1975 women's strike and strict legislation. India needs crucial legislative and social reforms in decision-making and workforce participation to bridge its political and economic gender disparities.