U.S. District Judge F. Dennis Saylor (Left) Image credit: Reuters, Trump (Right)
വിദേശവിദ്യാര്‍ഥികള്‍ക്ക് വീസ കാലാവധി നീട്ടാന്‍ അപേക്ഷ നല്‍കാതെ അമേരിക്കയില്‍ തുടരാന്‍ കഴിയുന്ന സമയപരിധി വെട്ടിക്കുറക്കുന്ന ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്‍റെ നിയമം കോടതി തടഞ്ഞു. നിയമം പ്രാബല്യത്തിലാകാന്‍ ഒരുദിവസം മാത്രം ശേഷിക്കുമ്പോഴാണ് ബോസ്റ്റണിലെ യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജി എഫ്. ഡെന്നിസ് സെയ്‌ലര്‍ സുപ്രധാന വിധി പുറപ്പെടുവിച്ചത്. സംയുക്ത യൂണിയനുകളും ഉന്നത വിദ്യാഭ്യാസ താൽപര്യ സംരക്ഷണ സംഘടനകളും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് വിധി.
മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (Image Credit: www.mit.edu)
അങ്ങേയറ്റം ദുർബലമായ കാരണങ്ങളുടെ പേരിലാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ (DHS) പുതിയ നയം രൂപീകരിച്ചതെന്ന് ജഡ്ജ് സെയ്‌ലർ പറഞ്ഞു. രാജ്യസുരക്ഷ, വീസ പ്രോഗ്രാമിലെ തട്ടിപ്പുകള്‍ തുടങ്ങിയവയാണ് ഡി.എച്ച്.എസ് പുതിയ നിയമം നടപ്പാക്കാന്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍. എന്നാൽ നയം മാറ്റത്തെക്കുറിച്ചുള്ള ആശങ്കകള്‍ അഭിസംബോധന ചെയ്യുകയോ ബുദ്ധിമുട്ട് കുറഞ്ഞ ബദലുകൾ പരിഗണിക്കുകയോ ചെയ്യേണ്ട നിയമപരമായ ബാധ്യത ഏജൻസി പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അഞ്ച് പതിറ്റാണ്ടായി വിദേശ വിദ്യാർത്ഥികൾക്ക് അവരുടെ ‘ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ്’ (പഠന കാലാവധി) അടിസ്ഥാനമാക്കി വീസ അനുവദിച്ചിരുന്ന യു.എസ്. സംവിധാനത്തെ പുതിയ നിയമം തകിടം മറിച്ചുവെന്ന് വിധിയില്‍ പറയുന്നു. ‘ഈ സംവിധാനം കോടിക്കണക്കിന് വിദേശ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും യു.എസിലെത്താനും പഠനവും ഗവേഷണവും നടത്താനും അവസരം ലഭ്യമാക്കിയിട്ടുണ്ട്. ഇത് അമേരിക്കയില്‍ ശാസ്ത്രം, വൈദ്യശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ വിപ്ലവകരമായ നേട്ടങ്ങള്‍ക്കും വലിയ സാമ്പത്തിക വളർച്ചയ്ക്കും വഴിവെച്ചിട്ടുണ്ടെന്നും ജഡ്ജ് സെയ്‍ലര്‍ പറഞ്ഞു.
ജൂലൈയിൽ ഡി.എച്ച്.എസ്. കൊണ്ടുവന്ന പുതിയ നിയമം, അമേരിക്കയിലെ വിദേശ വിദ്യാർത്ഥികൾ, പ്രഫസർമാർ, മാധ്യമപ്രവർത്തകർ എന്നിവരുടെ മൊത്തം എണ്ണം പരിമിതപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു.
പുതിയ നിയമം, രാജ്യാന്തര വിദ്യാർത്ഥികൾക്കുള്ള എഫ് (F) വീസകളുടെയും സാംസ്കാരിക കൈമാറ്റ പരിപാടികളിൽ പങ്കെടുക്കുന്ന സന്ദർശകർക്ക് യു.എസിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന ജെ (J) വീസകളുടെയും കാലാവധി നാല് വർഷമായി പരിമിതപ്പെടുത്തും. ഇപ്പോള്‍ വർഷങ്ങളോളം കാലാവധിയുള്ള മാധ്യമപ്രവർത്തകർക്കുള്ള ഐ (I) വീസയുടെ സമയപരിധി പരമാവധി 240 ദിവസമായി ചുരുക്കുകയും ചെയ്യും.
ഇപ്പോള്‍ 16 ലക്ഷത്തോളം പേര്‍ക്ക് എഫ് വീസയും മറ്റ് അഞ്ചുലക്ഷം പേര്‍ക്ക് ജെ വീസയുമുണ്ട്. മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (MIT), ഹാർവാർഡ് തുടങ്ങിയ പ്രമുഖ ഗവേഷണ സർവകലാശാലകളിൽ, വിദേശ വിദ്യാർത്ഥികളുടെ ശതമാനം വളരെ കൂടുതലുമാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. നിയമം പ്രാബല്യത്തിൽ വന്നാല്‍ ഈ സർവകലാശാലകൾക്ക് കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും പ്രവേശനത്തിൽ ഇടിവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിനും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്കും ഇത് വിനാശകരമാകാന്‍ സാധ്യതയുണ്ട്,’ – വിധിന്യായം പറയുന്നു.