ഇറാന്‍ യുദ്ധത്തിനുശേഷം വരാന്‍ പോകുന്ന സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ചിന്ത ട്രംപ് ഭരണകൂടം തുടങ്ങിയോ? മിഡിൽ ഈസ്റ്റിൽ ‘വലിയ ഗെയിമിന്’ മാസ്റ്റര്‍പ്ലാന്‍ ട്രംപ് തുടങ്ങിക്കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇറാന്‍ യുദ്ധത്തിന് ശേഷമുള്ള സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും യുദ്ധം അവസാനിച്ചതിന് ശേഷം മധ്യപൂർവേഷ്യയിലെ യുഎസ് സമീപനം പുനർനിർമിക്കാൻ സഹായിക്കുന്ന സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കുകയും ചെയ്യുന്നതായി ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു.
‘ആക്‌സിയോസ്’ റിപ്പോർട്ട് പ്രകാരം യുദ്ധാനന്തരം പശ്ചിമേഷ്യൻ സമവാക്യങ്ങളെ അടിമുടി മാറ്റിമറിക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്രമായ പദ്ധതിയാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യയിൽ ഇറാനെ പ്രതിരോധിക്കാൻ പ്രാദേശിക സഖ്യമുണ്ടാക്കുന്നതിനൊപ്പം അയൽരാജ്യങ്ങളുമായി ഇസ്രായേലിന്റെ ബന്ധം കൂടുതൽ ദൃഢമാക്കാനുമാണ് യുഎസിന്‍റെ നീക്കം. ഇറാനുമായുള്ള യുദ്ധം അവസാനിച്ചാൽ മിഡിൽ ഈസ്റ്റിനായി ‘വളരെ വലിയ മറ്റൊന്നിൽ’ താൻ പ്രവർത്തിക്കുന്നുണ്ടെന്ന് ട്രംപ് സ്വകാര്യമായി ചിലരോട് പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് മുതിർന്ന ഉപദേശകരും വിവിധ യുഎസ് സർക്കാർ ഏജൻസികളിലെ ഉദ്യോഗസ്ഥരും ചേർന്നാണ് ഈ പദ്ധതി വികസിപ്പിക്കുന്നതെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു.
പദ്ധതിയുടെ മൂന്ന് പ്രധാന ഭാഗങ്ങൾ
സഖ്യരൂപീകരണം: അമേരിക്കൻ സുരക്ഷാ ഗ്യാരണ്ടിയോടെ മേഖലയിലെ യുഎസ് സഖ്യകക്ഷികളെ ഇറാനെതിരെ ഒരുമിച്ച് നിർത്തുക എന്നതാണ് ആദ്യ തന്ത്രം.
സംഘർഷങ്ങൾ അവസാനിപ്പിക്കൽ: 2023 ഒക്ടോബർ 7-ലെ ആക്രമണങ്ങൾക്ക് ശേഷം ആരംഭിച്ച ചില സംഘർഷങ്ങളും സംഘർഷാവസ്ഥകളും കുറയ്ക്കാനുള്ള വഴികൾ ഭരണകൂടം നോക്കുന്നുണ്ട്. ട്രംപിന്റെ ഗാസ പദ്ധതിയുടെ അടുത്ത ഘട്ടവുമായി മുന്നോട്ട് പോകുന്നതും ഇസ്രായേലും സിറിയയും തമ്മിൽ സുരക്ഷാ കരാർ ചർച്ച ചെയ്യുന്നതും നിലവിലുള്ള ഇസ്രായേൽ-ലെബനൻ കരാർ നടപ്പിലാക്കുന്നതും ഇതിൽ ഉൾപ്പെടാം.
അബ്രഹാം കരാറുകളുടെ വിപുലീകരണം: ഇസ്രായേലും സൗദി അറേബ്യയും തമ്മിൽ നയതന്ത്രബന്ധം സാധാരണ നിലയിലാക്കുന്ന കരാറിലെത്തുകയും അബ്രഹാം കരാറുകൾ വിപുലീകരിക്കുകയുമാണ് മൂന്നാമത്തെ പ്രധാന ലക്ഷ്യം. സൗദി-ഇസ്രായേൽ കരാർ ട്രംപിന് വലിയൊരു നേട്ടമായിരിക്കും. ഇറാൻ യുദ്ധത്തിന് ശേഷം മധ്യ പൂര്‍വേഷ്യയില്‍ ട്രപ് ഭരണകൂടത്തിന് കാണിക്കാനാകുന്ന പ്രധാന നാഴികക്കല്ലായി ഇത് മാറും.
ഇസ്രായേൽ തിരഞ്ഞെടുപ്പ് തിരിച്ചടിയായേക്കാം
ഒക്ടോബർ 27-ന് ഇസ്രായേലിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കൂടാതെ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് നവംബറിലും നിശ്ചയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം വരുന്ന ഇസ്രായേൽ സർക്കാർ പുതിയ തന്ത്രത്തിൽ വാഷിംഗ്ടണുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാകുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍. എന്നാൽ ഇസ്രായേലിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ശാന്തമാകുന്നതുവരെ കാത്തിരിക്കാൻ ഭരണകൂടം തയ്യാറല്ലെന്നാണ് സൂചന. തിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ കലാശിച്ചാലും ട്രംപ് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ചില യുഎസ് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു.
പദ്ധതി പൂർണ്ണ രൂപത്തിലായിട്ടില്ല
വരുന്ന ആഴ്ചകളിൽ മുതിർന്ന ഉപദേശകരുമായി നടത്തിയ രണ്ട് കൂടിക്കാഴ്ചകളിൽ ട്രംപ് ഈ നയതന്ത്രത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ പദ്ധതി പൂർണ്ണമായി സജ്ജമാകാൻ ഉദ്യോഗസ്ഥർക്ക് ഇനിയും ആഴ്ചകൾ വേണ്ടിവരുമെന്നാണ് വിഷയത്തെക്കുറിച്ച് വിവരമുള്ള ഒരു ഉറവിടം നല്‍കുന്ന സൂചന. ഏതായാലും പുതിയ രാഷ്ട്രീയ കരുനീക്കങ്ങള്‍ മധ്യപൂര്‍വേഷ്യയെ ഏത് തരത്തില്‍ ബാധിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.