പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ശനിയാഴ്ച ഡൽഹിയിലെത്തിയത്. ഏഴ് വർഷത്തിന് ശേഷമുള്ള ഷി ചിൻപിങിന്‍റെ ഇന്ത്യാ സന്ദർശനമായിരുന്നു ഇത്. അടുത്തിടെ ഇന്ത്യയും ചൈനയും തമ്മിൽ നടന്ന ഉയർന്നതലത്തിലുള്ള ഇടപെടലുകളുടെ തുടർച്ചയായിട്ടായിരുന്നു ഈ സന്ദര്‍ശനം. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും അടങ്ങിയ ഉന്നതതല പ്രതിനിധി സംഘവും ഷി ചിൻപിങ്ങിനൊപ്പമുണ്ടായിരുന്നു.

ബഹുതല സുരക്ഷ

ഷി ചിൻപിങ്ങിന്‍റെ യാത്രകളും താമസവും സുരക്ഷിതമാക്കുന്നതിനായി വിവിധ ഏജൻസികളുടെ പങ്കാളിത്തത്തോടെ ഉയർന്ന തലത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഡൽഹിയിൽ ഒരുക്കിയിരുന്നത്. ചൈനീസ് പ്രസിഡന്റ് താമസിക്കുന്ന ഹോട്ടലിന് മുകളിലൂടെയുള്ള വിമാന സർവീസുകൾ നിരോധിച്ചിരുന്നു. ഭീകരവിരുദ്ധ ടീമുകളെയും ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡുകളെയും ഹോട്ടലില്‍ വിന്യസിച്ചിരുന്നു. ന്യൂഡൽഹിയിലെ താജ് പാലസിലായിരുന്നു ഷി ചിന്‍പിങ്ങിന് താമസം. ആണവ, റേഡിയേഷൻ, ബയോ കെമിക്കൽ ഭീഷണികൾ കണ്ടെത്തുന്നതിനുള്ള മുൻകരുതലുകളും ഹോട്ടലിന് ചുറ്റുമുള്ള ഭൂഗർഭ പൈപ്പ് ലൈനുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും പരിശോധനയും സുരക്ഷാ പരിശോധനകളുടെ ഭാഗമായി നടത്തിയിരുന്നു.

സ്വന്തം ലിമോസിൻ കാർ 

സന്ദർശനത്തിന് 10 ദിവസം മുമ്പ് ചൈന അയച്ച ചരക്ക് വിമാനത്തിൽ ഷി ചിൻപിങ്ങിന്‍റെ 'ഹോങ്ഖി'  ഔദ്യോഗിക ലിമോസിൻ കാർ, ബാക്കപ്പ് വാഹനം, വാർത്താവിനിമയ ഉപകരണങ്ങൾ എന്നിവ ഇന്ത്യയിലെത്തിച്ചിരുന്നു.  വിദേശ സുരക്ഷാ ടീമുകൾ കൊണ്ടുവരുന്ന ചില ഉപകരണങ്ങൾ ഇന്ത്യൻ നിയമങ്ങൾക്ക് വിധേയമാണ്. ഉപഗ്രഹ വാർത്താവിനിമയ ഉപകരണങ്ങൾക്ക് അനുമതിയില്ല, കൂടാതെ ചില ആയുധങ്ങളും സുരക്ഷാ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാൻ കഴിയില്ലെന്നതിനാൽ എത്തുമ്പോൾ തന്നെ കസ്റ്റംസിൽ നിക്ഷേപിക്കേണ്ടതുണ്ട്. 

അതിസുരക്ഷാ ബോയിങ് 747-8 വിമാനം

ചൈനയുടെ പ്രധാന ഔദ്യോഗിക വിമാനവും മൊബൈൽ കമാൻഡ് സെന്ററുമായി പ്രവർത്തിക്കുന്ന, എയർ ചൈനയുടെ പ്രത്യേക മാറ്റങ്ങൾ വരുത്തിയ 'ബോയിങ് 747-8' വിമാനത്തിലാണ് ഷി ചിൻപിങ് സഞ്ചരിക്കുന്നത്. തുടക്കത്തിൽ വാണിജ്യ യാത്രാ വിമാനമായിരുന്ന ഇത് 2014-ലാണ് എയർ ചൈനയുടെ സേവനത്തിൽ പ്രവേശിച്ചത്. തുടർന്ന് 2015 മേയ് മാസത്തിൽ പിൻവലിച്ച് മാസങ്ങൾ നീണ്ട മാറ്റങ്ങൾക്ക് വിധേയമാക്കി. വി.ഐ.പി ഇന്റീരിയർ, സുരക്ഷിതമായ വാർത്താവിനിമയ സംവിധാനങ്ങൾ, പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ എന്നിവയോടെ 2016-ൽ ഇത് രാജ്യത്തിന്റെ ഔദ്യോഗിക സേവനത്തിന്റെ ഭാഗമായി. എൻക്രിപ്റ്റ് ചെയ്ത സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് സൗകര്യമുള്ളതിനാൽ ഷി ചിൻപിങ്ങിന് സർക്കാരുമായും സൈനിക കമാൻഡ് സെന്ററുകളുമായും നിരന്തരം ബന്ധപ്പെടാൻ കഴിയും. ഭീഷണികൾ മുൻകൂട്ടി തിരിച്ചറിയുന്ന സംവിധാനങ്ങൾ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങളെ സംരക്ഷിക്കുന്ന ഇ.എം.പി (EMP) ഷീൽഡിംഗ് എന്നിവയും ഈ വിമാനത്തിലുണ്ട്.

ബ്രിക്സ് സമ്മേളനത്തിലും തുടർന്നു പ്രധാനമന്ത്രി മോദിയുമായി നടന്ന നിർണായക ഉഭയകക്ഷി കൂടിക്കാഴ്ചയിലും പങ്കെടുത്ത ഷി ചിന്‍പിങ് പക്ഷേ പ്രധാനമന്ത്രി രാഷ്ട്രത്തലവന്മാർക്കായി ഒരുക്കിയ അത്താഴവിരുന്നിൽനിന്നു വിട്ടുനിന്നിരുന്നു. യഥാർഥ കാരണം വ്യക്തമല്ലെങ്കിലും യാത്രയുടെയും ചർച്ചകളുടെയും ക്ഷീണം കാരണം അദ്ദേഹം വിശ്രമിക്കാനായി ഹോട്ടലിലേക്കു മടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 

Xi Jinping Arrives in Delhi for 18th BRICS Summit:

Xi Jinping India visit marked a significant diplomatic engagement at the 18th BRICS Summit in Delhi, his first visit to India in seven years. The trip involved extensive security measures and high-level delegation, underscoring the importance of the India-China relationship