falling-man-911

ലോകചരിത്രത്തിലെ തന്നെ ഏറ്റവും നടുക്കുന്ന ഓർമ്മയാണ് 3000 പേരുടെ ജീവനെടുത്ത അമേരിക്കയിലെ 9/11 ഭീകരാക്രമണം. കത്തിയമരുന്ന വേൾഡ് ട്രേഡ് സെന്റർ ടവറുകൾ, ആളുകളുടെ നിലവിളികൾ, ചീറിപ്പായുന്ന ആംബുലൻസുകൾ കൂടെ അന്ന് പകർത്തിയ ദുരന്തത്തിന്റെ നേർചിത്രങ്ങൾ ഇതെല്ലം ആ ദിവസത്തെകുറിച്ചോർക്കുമ്പോൾ മനസിൽ വരും. എന്നാൽ, ഇന്നും ആളുകളെ വേട്ടയാടുന്ന ഒരിക്കലും ഉത്തരം കിട്ടാത്ത ഒരു അജ്ഞാത മനുഷ്യന്റെ ചിത്രമുണ്ട് 9/11 ദുരന്തത്തിൽ. 'The Falling Man' അഥവാ 'വീഴുന്ന മനുഷ്യൻ'. 

അവിചാരിതമായി സെപ്റ്റംബർ 11 ന് രാവിലെ, വേൾഡ് ട്രേഡ് സെന്ററിൽ നിന്ന് ഏകദേശം 3.5 മൈൽ അകലെയുള്ള മിഡ്‌ടൗൺ മാൻഹട്ടനിൽ  ഒരു മെറ്റേണിറ്റി ഫാഷൻ ഷോയുടെ ഫോട്ടോ എടുക്കാൻ എത്തിയ അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫർ റിച്ചാർഡ് ഡ്രൂ പകർത്തിയ ഭയാനകമായ ഒരു ചിത്രം. അതായിരുന്നു 'The Falling Man'. 

ടവറുകളിൽ വിമാനം വന്ന് ഇടിച്ച് പൊട്ടിത്തെറിയുണ്ടായതോടെ കെട്ടിടത്തിനകത്തുണ്ടായിരുന്ന ആളുകൾ ഒരിറ്റ് ശ്വാസത്തിനായി തകർന്ന ജനാലകൾക്കരികിലേക്ക് വന്നു. അങ്ങനെ ഉന്തിലും തള്ളിലും പെട്ട് പ്രാണരക്ഷാർത്ഥം പുറത്തേക്ക് ചാടുന്ന മനുഷ്യരുടെ നിലവിലുകൾ ഡ്രൂവിന് വ്യക്തമായി കേൾക്കാമായിരുന്നു. 

തന്റെ കാമറ അവരിലേക്ക് സൂം ചെയ്ത് അയാൾ ആക്രമണത്തിന്റെ ഭീകരത പകർത്തി. എല്ലാ ബഹളങ്ങളും കെട്ടടഞ്ഞ് മരവിച്ച മനസുമായി അയാൾ തന്റെ കാമറ ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ് ഈ ചിത്രം ശ്രദ്ധയിൽപ്പെടുന്നത്. എന്താണ് അതിൽ കാണുന്ന വികാരമെന്ന് ഡ്രൂവിന് വായിച്ചെടുക്കാൻ കഴിഞ്ഞില്ല. മരണമുറപ്പായ സാഹചര്യത്തിലെ നിസഹായതയാണോ അതോ വിധിക്ക് മുന്നിൽ ധീരമായി മരണത്തെ പുൽകുന്ന ശാന്തതയാണോ? 

ആ ഫ്രെയിം അത്രയും കൃത്യമായിരുന്നു. പാന്റും കോട്ടും ധരിച്ച ഒരു മനുഷ്യൻ കെട്ടിടത്തെ രണ്ടായി വിഭജിക്കുന്നതുപോലെ വളരെ കൃത്യതയോടെ മധ്യത്തിൽ നിന്നും തലകീഴായി താഴേക്ക് വീഴുന്നു. അയാളുടെ കൈകൾ ശരീരത്തോട് ചേർന്ന് തന്നെ ഇരിക്കുന്നു, നിലവിളിയോ പരിഭ്രമമോ ഇല്ല. ലോകം തന്നെ തലകീഴായി നിൽക്കുന്ന പോലെ... 

അന്ന് കെട്ടിടത്തിൽ നിന്നും ചാടി കൊല്ലപ്പെട്ട 200 ആളുകളിൽ ഒരാൾ മാത്രമല്ല ഈ 'വീഴുന്ന മനുഷ്യൻ'. അയാൾ ഒരു അടയാളമാണ്, കാലമെത്രകഴിഞ്ഞാലും ഭീകരതയുടെ ഏറ്റവും ഭയാനകമായ മുഖമാണ്. 25 വർഷത്തിനിപ്പുറവും ജീവിക്കുന്ന ചിത്രം. 

എന്നാൽ പ്രസിദ്ധീകരിച്ച് ആദ്യ ദിവസങ്ങളിൽ തന്നെ ഈ ചിത്രം വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. മരിച്ച വ്യക്തിയുടെ അവസാന നിമിഷങ്ങളുടെ സ്വകാര്യതയെ മാനിച്ചില്ലെന്നും, കാഴ്ചക്കാരിൽ കടുത്ത മാനസികാഘാതം ഉണ്ടാക്കുന്നുവെന്നും ആരോപിച്ച് മാധ്യമങ്ങൾ ചിത്രം വിലക്കി, പ്രസിദ്ധീകരിക്കുന്നത് തന്നെ നിർത്തിവെച്ചു. എന്നാൽ വർഷങ്ങളോളം അന്വേഷണം നടത്തിയിട്ടും ആരാണ് ആ മനുഷ്യൻ എന്ന കാര്യത്തിൽ ഇപ്പോഴും ഒരു വ്യക്തത കൈവന്നിട്ടില്ല. ഇന്നും 'The Falling Man' ഭീകരാക്രമണത്തെ ചോദ്യം ചെയുന്ന ഒരു മാനുഷീക മുഖമായി നിലകൊള്ളുന്നു.  

ENGLISH SUMMARY:

The 9/11 attacks remain a harrowing memory in world history, claiming the lives of 3,000 people. Among the indelible images of that day is 'The Falling Man,' a photograph capturing a man in freefall from the World Trade Center. Despite the image's profound impact, the identity of the man and his motivations continue to be a mystery, adding to the enduring questions surrounding the 9/11 tragedy.