ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടികളെയും സാധാരണക്കാരുടെ മരണത്തെയും ചോദ്യം ചെയ്യുന്ന 'NAZA' എന്ന ഡോക്യുമെന്ററിക്ക് 2026 വെനീസ് ചലച്ചിത്രമേളയിൽ വൻ സ്വീകാര്യത. ഓസ്കാർ ജേതാക്കളായ ഇസ്രയേലി സംവിധായകർ യുവാൽ അബ്രഹാമും റേച്ചൽ സോറും ചേർന്ന് സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് പിന്നാലെ 25 മിനിറ്റോളമാണ് സദസ് കൈയടിച്ചത്. വെനീസിയ83 വിഭാഗത്തിൽ പ്രദർശിപ്പിച്ച 80 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം, ദി ഗാർഡിയൻ, ജിം വിൽസന്റെ ജെ.ഡബ്ല്യു ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ഗാസയിലെ സൈനിക നടപടികളെക്കുറിച്ച് ഇസ്രയേൽ സൈന്യത്തിൽ പ്രവർത്തിച്ചിരുന്ന 24 മുൻ സൈനികരുടെയും ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെയും മൊഴികളാണ് ചിത്രത്തിലെ പ്രധാന ഉള്ളടക്കം. സുരക്ഷാ കാരണങ്ങളാൽ ഇവരുടെ മുഖവും ശബ്ദവും മാറ്റിയാണ് അഭിമുഖങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
മൂന്ന് വർഷത്തോളം രഹസ്യമായി ചിത്രീകരണം നടത്തിയ ശേഷമാണ് ഡോക്യുമെന്ററി പൂർത്തിയാക്കിയത്. ടെൽ അവീവിലെ കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ രാത്രിയിലായിരുന്നു ചിത്രീകരണത്തിന്റെ ഭൂരിഭാഗവും.
ഇസ്രയേൽ സൈന്യത്തിന്റെ ലക്ഷ്യനിർണയ സംവിധാനങ്ങൾ, നിരീക്ഷണ സാങ്കേതികവിദ്യകൾ, എഐ സഹായത്തോടെയുള്ള ഡാറ്റാ വിശകലനം എന്നിവയെക്കുറിച്ചും ഈ മുൻ ഉദ്യോഗസ്ഥർ സംസാരിക്കുന്നു. ആക്രമണം നടത്തിയാല്‍ സാധാരണക്കാർ കൊല്ലപ്പെടുമെന്ന് ഉറപ്പായിരുന്ന സാഹചര്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. വലിയ തോതിലുള്ള ഡേറ്റ, മൊബൈൽ ഫോൺ വിവരങ്ങള്‍ എന്നിവ ഉൾപ്പെടെ വിവരങ്ങൾ വിശകലനം ചെയ്ത് ലക്ഷ്യങ്ങളെ തിരിച്ചറിയാൻ എഐ ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചതായും ചിത്രത്തിലെ അഭിമുഖങ്ങളിൽ വെളിപ്പെടുത്തുന്നുണ്ട്.
‘NAZA’ എന്ന പേരിന് പിന്നിൽ
ഇസ്രയേൽ സൈന്യത്തിന്‍റെ ഇന്റലിജൻസ് സംവിധാനവുമായി ബന്ധപ്പെട്ട ഒരു ചുരുക്കപ്പേരിൽ നിന്നാണ് ‘NAZA’ എന്ന പേര് വരുന്നത്. പെട്ടെന്നുള്ള സൈനിക ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണത്തെ സൂചിപ്പിക്കുന്ന കണക്കുമായി ഈ പദം ബന്ധപ്പെട്ടിരിക്കുന്നു. സാധാരണക്കാരുടെ മരണത്തെ വെറുമൊരു കണക്കായി മാത്രം പരിഗണിക്കുന്ന യുദ്ധസംവിധാനത്തെയാണ് സിനിമ ചോദ്യം ചെയ്യുന്നത്.
‘ഗാസയിലെ സാധാരണക്കാരായ പലസ്തീനികളുടെ കൂട്ടമരണത്തിന് പിന്നിലെ സംവിധാനങ്ങളെ വിശദമായി പരിശോധിക്കുന്ന ചിത്രം’ എന്നാണ് ഡോക്യുമെന്‍ററിയെ കുറിച്ചുള്ള വെനീസ് ചലച്ചിത്രമേളയുടെ ഔദ്യോഗിക വിവരണത്തിൽ പറയുന്നത്.
പലസ്തീൻ സംവിധായകരായ ബാസൽ അദ്ര, ഹംദാൻ ബാലാൽ എന്നിവർക്കൊപ്പം ഒരുക്കിയ ‘No Other Land’ എന്ന ഡോക്യുമെന്ററിയിലൂടെയാണ് യുവാൽ അബ്രഹാമും റേച്ചൽ സോറും ആഗോള ശ്രദ്ധ നേടുന്നത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ മസാഫർ യത്ത പ്രദേശത്തെ പലസ്തീൻ സമൂഹങ്ങൾ നേരിടുന്ന കുടിയൊഴിപ്പിക്കലും ഇസ്രയേൽ സൈനിക നടപടികളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളുമായിരുന്നു പ്രമേയം.
2025-ലെ മികച്ച ഡോക്യുമെന്ററിക്കുള്ള അക്കാദമി അവാർഡ് ‘No Other Land’ന് ആയിരുന്നു. ‘NAZA’യിലും അബ്രഹാമും സോറും ഇസ്രയേൽ സമൂഹത്തിനുള്ളിൽ നിന്നുതന്നെ ഉയർന്നുവന്ന ഞെട്ടിക്കുന്ന സാക്ഷ്യപ്പെടുത്തലുകളിലേക്കാണ് തിരയുന്നത്. അതുകൊണ്ടുതന്നെ ചിത്രം വരും ദിവസങ്ങളിൽ രാജ്യാന്തര തലത്തില്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പ്.