Photo by CHANDAN KHANNA / AFP

Photo by CHANDAN KHANNA / AFP

അമേരിക്കയിലെ ഫ്ലോറിഡയില്‍ മിയാമി രാജ്യാന്തര വിമാനത്താവളത്തില്‍ ആമസോൺ പ്രൈം എയറിനായി സർവീസ് നടത്തുന്ന ബോയിങ് 767 ചരക്കുവിമാനം അപകടത്തില്‍പ്പെട്ടു. ലാൻഡിങിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം വിമാനത്താവളത്തിന് പുറത്തുള്ള റോഡിലേക്ക് പതിക്കുകയും തീപിടിക്കുകയുമായിരുന്നു. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. 

പ്രാദേശിക സമയം, ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. പ്യൂർട്ടോ റിക്കോയിലെ സാൻ ഹുവാൻ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട '21 എയർ ഫ്ലൈറ്റ് 7598' എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേ കടന്ന് എയർപോർട്ടിന് പുറത്തുള്ള റോഡിലേക്ക് കടന്ന വിമാനം നിരവധി വാഹനങ്ങളിലിടിക്കുകയും തുടർന്ന് തീപിടിക്കുകയുമായിരുന്നു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മിയാമി-ഡേഡ് ഫയർ റെസ്ക്യൂ ടീമിന്റെ 60-ലധികം യൂണിറ്റുകളും ഇരുനൂറോളം രക്ഷാപ്രവർത്തകരും ഉടൻതന്നെ എത്തി രക്ഷാപ്രവർത്തനവും തീയണയ്ക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. കോക്പിറ്റിൽ കുടുങ്ങിപ്പോയ പൈലറ്റിനെയും കോ-പൈലറ്റിനെയും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. എയർട്രാഫിക് കൺട്രോൾ റെക്കോർഡിംഗുകൾ പ്രകാരം ലാൻഡിംഗിന് മുൻപ് പൈലറ്റുമാർ അടിയന്തര സന്ദേശങ്ങളൊന്നും നൽകിയിരുന്നില്ല. അപകടത്തെ തുടർന്ന് മിയാമി വിമാനത്താവളത്തിലെ മുഴുവൻ റൺവേകളും താത്കാലികമായി അടച്ചിട്ടു. വിമാന സർവീസുകളും നിർത്തിവച്ചു.

ഏകദേശം 32 വർഷത്തോളം പഴക്കമുള്ള ബോയിങ് 767 വിമാനം മുൻപ് യാത്രാവിമാനമായിരുന്നു. പിന്നീടിത് ചരക്കുവിമാനമായി മാറ്റുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഫ്ലൈറ്റ്റാഡാർ24 ൽ നിന്നുള്ള ഡാറ്റ പ്രകാരം റൺവേ വിട്ട് റോഡിലേക്ക് കടന്നപ്പോള്‍ മണിക്കൂറിൽ ഏകദേശം 130 മൈൽ വേഗതയിലായിരുന്നു. സംഭവത്തില്‍ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

A Boeing 767 cargo aircraft operating for Amazon Prime Air crashed at Miami International Airport in Florida after skidding off the runway during landing. The aircraft plunged onto an adjacent road, hitting several vehicles before bursting into flames, resulting in five deaths and five injuries. Over 200 emergency personnel and 60 fire rescue units rushed to the scene to extinguish the blaze and extricate the pilots from the cockpit. Federal aviation authorities have launched an investigation into the cause of the accident, while all operations at Miami International Airport remain temporarily suspended.