വിചിത്രമായ പരാമർശങ്ങളും സമൂഹമാധ്യമ പോസ്റ്റുകളും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പുത്തരിയല്ല. തന്‍റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെ ട്രംപ് ദിനംപ്രതി ഒട്ടേറെ ചിന്തകൾ പങ്കുവയ്ക്കാറുണ്ട്. മുൻപ് സ്വയം യേശുവായി ചിത്രീകരിച്ചുള്ള പോസ്റ്റ് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മിനിറ്റുകളുടെ ഇടവേളയിൽ ട്രംപ് വിചിത്രമായ പോസ്റ്റുകൾ പങ്കുവച്ചതിന് പിന്നാലെ, യുഎസ് പ്രസിഡന്‍റിന്‍റെ മനോനില തകർന്നെന്ന തരത്തിലുള്ള വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്.

ചന്ദ്രൻ അമേരിക്കയുടേതാണെന്ന് അവകാശപ്പെടുന്നതു മുതൽ ബഹിരാകാശത്തിരുന്ന് ഭൂമിയിലേക്ക് ആണവ മിസൈലുകൾ അയച്ച് തകർക്കുന്നതുവരെയുള്ള പോസ്റ്റുകളാണ് ട്രംപ് പങ്കുവച്ചത്. പോസ്റ്റുകൾ തമ്മിൽ മിനിറ്റുകൾ മാത്രമാണ് വ്യത്യാസമുള്ളതെന്നതാണ് കൂടുതൽ കൗതുകം.

ഞായറാഴ്ച പകൽ 11.55നാണ് ട്രംപ് വിചിത്ര പോസ്റ്റുകൾ പങ്കുവയ്ക്കാൻ തുടങ്ങിയത്. ‘ട്രംപാണ് എന്‍റെ പ്രസിഡന്റ്’ എന്നെഴുതിയ ടി-ഷർട്ട് ഉയർത്തിപ്പിടിച്ച് പ്രശസ്ത നടൻ റോബർട്ട് ഡി നീറോ നിൽക്കുന്ന ചിത്രമായിരുന്നു ആദ്യത്തേത്. ട്രംപിനെ മടുത്ത് അമേരിക്ക വിട്ട നടന്‍റെ ചിത്രമെന്ന തരത്തിൽ പ്രചരിപ്പിച്ചത്  എഐ നിർമിതമാണെന്ന് വ്യക്തം.

ഉച്ചയ്ക്ക് 1.47ന് ആദ്യ യുഎസ് പ്രസിഡന്‍റായ ജോർജ് വാഷിങ്ടണിനൊപ്പം കുതിരസവാരി നടത്തുന്ന എഐ ചിത്രം ട്രംപ് പുറത്തുവിട്ടു. തുടർന്ന് 1.47ന് തന്നെ വൈറ്റ് ഹൗസിൽ വച്ച് ജോർജ് വാഷിങ്ടണുമായി ട്രംപ് കൂടിക്കാഴ്ച നടത്തുന്ന എഐ ചിത്രവും പങ്കുവച്ചു. സെക്കൻഡുകൾക്കുശേഷം കാനഡയിലെ ഒന്റാറിയോ തടാകത്തെ മാപ്പിൽ ‘അമേരിക്ക തടാകം’ എന്ന് പുനർനാമകരണം ചെയ്യുന്ന ചിത്രവും പുറത്തുവന്നു. സെക്കൻഡുകളുടെ വ്യത്യാസത്തിൽ യുഎസ് സംസ്ഥാനമായ ന്യൂ മെക്സിക്കോയുടെ പേര് ‘ന്യൂ അമേരിക്ക’ എന്നാക്കണമെന്ന ആവശ്യവുമായുള്ള പോസ്റ്റും പ്രത്യക്ഷപ്പെട്ടു.

തലയിലേക്ക് വീണത് ഇരുമ്പുതൂണ്‍; 45കാരി തൽക്ഷണം മരിച്ചു; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

1.56 ആയതോടെ പോസ്റ്റുകളുടെ ഗതി മാറാൻ തുടങ്ങി. ചന്ദ്രനിൽ അമേരിക്ക സ്ഥാപിച്ച പതാകയുടെ എഐ ചിത്രം പങ്കുവച്ച് ചന്ദ്രൻ തങ്ങളുടേതാണെന്ന് ട്രംപ് പോസ്റ്റിട്ടു. തുടർന്ന് ഇറാന്റെ ഭൂപടം മാറ്റി പകരം സ്വന്തം തലവച്ചുള്ള ചിത്രവും പങ്കുവച്ചു. രാഷ്ട്രീയ എതിരാളികളായ ഡെമോക്രാറ്റുകളെ ടൈറ്റാനിക് കപ്പലായി ചിത്രീകരിച്ച് അത് മുങ്ങുന്ന എഐ ചിത്രമായിരുന്നു പിന്നീട് പുറത്തുവന്നത്.

തുടർന്ന് റെസ്‌ലിങ് ഇതിഹാസം ഹൾക്ക് ഹോഗന്റെ ശരീരത്തിൽ സ്വന്തം തലവച്ചുള്ള ചിത്രവും പോസ്റ്റ് ചെയ്തു. ‘ചരിത്രത്തിലെ ഏറ്റവും മികച്ച പ്രസിഡന്റാണ്’ എന്ന അവകാശവാദവുമായിരുന്നു അടുത്ത പോസ്റ്റിൽ.

2.45ഓടെ യന്ത്രമനുഷ്യരുമായി ചേർന്ന് ഭൂമി കീഴടക്കുന്ന ചിത്രങ്ങളുടെ നിരയായിരുന്നു. ഇതിൽ ബഹിരാകാശത്തിരുന്ന് ഭൂമിയെ തകർക്കുന്ന ചിത്രവുമുണ്ടായിരുന്നു. ഇതെല്ലാം കണ്ടതോടെയാണ് ട്രംപിന്റെ സമനില തെറ്റിയെന്ന തരത്തിലുള്ള പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായത്.

ENGLISH SUMMARY:

Donald Trump's recent social media posts, including AI-generated images and unusual claims, have sparked widespread speculation about his mental state. He shared images depicting himself with historical figures, renaming territories, and even claiming the Moon as American, leading to significant online discussion.