കോംഗോയില്‍ വിവാഹസല്‍ക്കാരത്തിനിടെ ഉണ്ടായ തീപിടിത്തത്തില്‍ 22 പേര്‍ക്ക് ദാരുണാന്ത്യം. കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിലാണ് അപകടമുണ്ടായത്. വിവാഹസല്‍ക്കാരം നടന്ന ഹാളില്‍ നിന്ന് പുറത്തേക്കുളള വഴി ഇടുങ്ങിയതായത് രക്ഷപ്പെടാനുളള സാധ്യത കുറച്ചു. ഇതാണ് മരണനിരക്ക് കൂടാന്‍ കാരണമായതെന്ന് അധികൃതര്‍ വ്യക്തമാക്കി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം കിൻഷാസയുടെ വടക്കുഭാഗത്തുള്ള ലിങ്വാലയിലെ ഒരു കെട്ടിടത്തിൽ വെള്ളിയാഴ്ച രാത്രിയാണ് തീപിടിത്തം ഉണ്ടായത്. നിരവധി പേരാണ് വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നത്. തീ ആളിപ്പടര്‍ന്നതോടെ എല്ലാവരും കെട്ടിടത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പുറത്തേക്കുളള ഇടനാഴി വളരെ ഇടുങ്ങിയതായത് രക്ഷാദൗത്യം ദുഷ്കരമാക്കി. നിരവധി പേര്‍ക്ക് ഗുരുതരമായി പൊളളലേറ്റു.

22 പേരുടെ മരണമാണ് നിലവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. വെളളിയാഴ്ച രാത്രി ആളിപ്പടര്‍ന്ന തീ അണയ്ക്കാനായത് തൊട്ടടുത്ത ദിവസം പുലര്‍ച്ചെയോടെയാണ്. അപകടത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ലിങ്വാല മേയർ നോർബെർട്ട് മുഷിംഗ അറിയിച്ചു. അതേസമയം തീപിടുത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. 

 

ENGLISH SUMMARY:

The Congo fire at a wedding party tragically claimed 22 lives due to a narrow exit, making escape difficult for attendees. Authorities are investigating the cause of the blaze that occurred in Kinshasa, with the death toll potentially rising.