പ്രളയക്കെടുതിയിലും വിവാഹം അവിസ്മരണീയമാക്കി ഫിലിപ്പീൻസിലെ നവദമ്പതികൾ. കല്യാണം നടക്കേണ്ട പള്ളിയിൽ വെള്ളം കയറിയിട്ടും നിശ്ചയിച്ച ദിവസംതന്നെ ചടങ്ങുകൾ നടത്താനായിരുന്നു ലിയാൻ ലൈസ ഗലാങ്ങിന്റെയും ഗിൽബർട്ട ചിക്കോയുടെയും തീരുമാനം. അങ്ങനെ സെപ്റ്റംബർ ഒന്നിന് മനിലയുടെ വടക്കൻ മേഖലയിലെ ഹഗോണിലുള്ള സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ ഇടുപ്പോളം വെള്ളത്തിലൂടെ നടന്ന് ദമ്പതികൾ ഒന്നായി. വെള്ള ഗൗൺ ധരിച്ച്, കൈയ്യിൽ വെളുത്ത പൂച്ചെണ്ടുമായി വെള്ളം കയറിയ പള്ളിക്കുള്ളിലേക്ക് നടന്നുകയറിയ വധുവിന്റെ ദൃശ്യങ്ങൾ ശ്രദ്ധേയമായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

ഒരു മാസമായി തുടരുന്ന ദുരിതം 

ഫിലിപ്പീൻസിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. ശക്തമായ തെക്കുപടിഞ്ഞാറൻ മൺസൂണിന്റെയും (ഹബഗട്ട്) തുടർച്ചയായ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെയും ഫലമായാണ് ഈ ദുരിതം. സിവിൽ ഡിഫൻസ് ഓഫീസിന്റെ കണക്കനുസരിച്ച് 91 ലക്ഷം ആളുകള്‍ ദുരിതത്തിലാണ്. ഏഴ് മേഖലകളിലായി 678 പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. ഇതിൽ 178 പ്രദേശങ്ങളെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചു. 

ടാർലാക്കിൽ രണ്ട് പാലങ്ങൾ തകർന്നു, ഡാം അടഞ്ഞതിനെത്തുടർന്ന് പംപങ്കയിൽ വീടുകൾ ഒലിച്ചുപോയി. മലോലോസിലെ ചരിത്രപ്രസിദ്ധമായ ബരാസോയിൻ ചർച്ചും വെള്ളത്തിനടിയിലായി. 3,700 വീടുകൾ തകർന്നതായും 1,255 ദുരിതാശ്വാസ കേന്ദ്രങ്ങളിൽ 39,000-ത്തിലധികം കുടുംബങ്ങൾ കഴിയുന്നതായും റിപ്പോർട്ടുകളുണ്ട്.

ENGLISH SUMMARY:

A resilient couple in the Philippines made their wedding unforgettable by tying the knot inside a church flooded with waist-deep water. Liyan Laisa Galang and Gilbert Chico decided not to postpone their September 1 ceremony at the St. John the Baptist Catholic Church in Hagonoy, located north of Manila. The striking viral visuals show the bride walking down the inundated aisle in her white gown accompanied by close family and friends. The Philippines has been battling severe flooding and monsoon rains for over a month, affecting more than 9.1 million people across multiple regions.