ആളെ കാണാനില്ലെന്ന പരാതികൾ പൊലീസിന് പലപ്പോഴും വലിയ വെല്ലുവിളിയാകാറുണ്ട്. മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും വ്യക്തമല്ലാതെ ആളുകൾ അപ്രത്യക്ഷരാകുന്ന ഇത്തരം കേസുകളിൽ അന്വേഷണം നീണ്ടുപോകുന്നതും പതിവാണ്. എന്നാൽ, കാണാതായവരെ കണ്ടെത്തിയെന്ന വ്യാജ റിപ്പോർട്ട് നൽകി കേസുകൾ അവസാനിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോൾ ദക്ഷിണ കൊറിയയിൽ വാർത്തകളിൽ ഇടംപിടിക്കുന്നത്. കാണാതായെന്ന് റിപ്പോർട്ട് ചെയ്ത രണ്ട് പേരെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തിയതോടെയാണ് ഉദ്യോഗസ്ഥന്‍റെ തട്ടിപ്പ് പുറത്തായത്. ജെജു ദ്വീപിലെ പൊലീസ് ഉദ്യോഗസ്ഥനായ ബു ആണ് അറസ്റ്റിലായത്.
സഹായമല്ല, ദുരന്തത്തിന് ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് നേപ്പാള്‍...
കാണാതായവരുടെ കുടുംബാംഗങ്ങളെ സമീപിച്ച്, താൻ കാണാതായ വ്യക്തിയെ നേരിട്ട് കണ്ടെന്നും ഇനി കുടുംബത്തിലേക്ക് തിരിച്ചുവരാനോ സംസാരിക്കാനോ അവർക്ക് താൽപര്യമില്ലെന്നും ബു പറയുകയായിരുന്നു. കുടുംബം ഇത് വിശ്വസിക്കുന്നതോടെ കേസും അവസാനിപ്പിക്കും. കാണാതായവരെല്ലാം പ്രായപൂർത്തിയായവരായതിനാൽ കേസുകൾക്ക് വേണ്ടത്ര ശ്രദ്ധ നൽകിയില്ലെന്നാണ് ബു പൊലീസിനോട് പറഞ്ഞത്. കേസുകൾ തീർപ്പാക്കാതെ കിടന്നാൽ മേലുദ്യോഗസ്ഥരിൽനിന്ന് സമ്മർദമുണ്ടാകുമെന്നും അത് താങ്ങാനാകാത്തതിനാലാണ് ഇത്തരത്തിൽ ചെയ്തതെന്നും ഇയാൾ മൊഴി നൽകി.
ജാങ് മി-റാൻ എന്ന 37കാരിയെ കാണാതായതായി മേയിൽ അവരുടെ ആൺസുഹൃത്ത് പരാതി നൽകിയിരുന്നു. എന്നാൽ ദിവസങ്ങൾക്കകം ബു ആൺസുഹൃത്തിനെ ഫോണിൽ ബന്ധപ്പെട്ടു. യുവതിയെ താൻ കണ്ടെന്നും ഇനി തന്നെ കാണാനോ സംസാരിക്കാനോ അവർക്ക് താൽപര്യമില്ലെന്നും ഇയാൾ അറിയിച്ചു. അന്വേഷണം തുടരാതിരിക്കാനായി യുവതി കാറപകടത്തിൽ മരിച്ചെന്ന വിവരവും റിപ്പോർട്ടിൽ രേഖപ്പെടുത്തി.
എന്നാൽ പിന്നീട് യുവതിയുടെ മൃതദേഹം ഒരു പനന്തോട്ടത്തിൽ നിന്ന് കണ്ടെത്തി. ബു ഇത്തരത്തിൽ കേസ് അവസാനിപ്പിച്ച മറ്റൊരു കേസിലെ 60കാരന്റെയും മൃതദേഹം കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ബുവിന്റെ തട്ടിപ്പ് പൊലീസ് കണ്ടെത്തിയത്. കൂടുതൽ പരിശോധനയിൽ ഇയാൾ ‘കണ്ടെത്തിയതായി’ റിപ്പോർട്ട് നൽകി അവസാനിപ്പിച്ച മറ്റ് രണ്ട് കേസുകളിലെയും ആളുകളുടെ മൃതദേഹങ്ങളും കണ്ടെത്തി.
ബു നിലവിൽ അറസ്റ്റിലാണ്. ഇയാൾ കണ്ടെത്തിയതായി റിപ്പോർട്ട് നൽകി അവസാനിപ്പിച്ച മറ്റ് 25 കേസുകളിലെ ആളുകളെ പൊലീസ് പിന്നീട് ജീവനോടെ കണ്ടെത്തിയിട്ടുണ്ട്.