അമേരിക്കയുടെ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ വരുന്നതിന് മുന്നോടിയായി, പട്ടായയിലെ ലൈംഗികത്തൊഴിലാളികൾക്കെതിരെ കർശന നടപടിക്ക് തായ്‌ലൻഡ് സർക്കാർ. ഇറാനെതിരെയുള്ള ഉപരോധ പ്രവർത്തനങ്ങൾക്കായി മധ്യേഷ്യയിൽ 250 ദിവസം തുടർച്ചയായി കടലിൽ ചെലവഴിച്ച ശേഷമാണ് യുദ്ധക്കപ്പലിലെ യുഎസ് നാവികർ പാട്ടായയിലേക്ക് എത്തുന്നത്.  

കപ്പലിലെ ഏകദേശം 5,000 യുഎസ് നാവികരും മറൈൻ സൈനികരും പൈലറ്റുമാരുമാണ് പട്ടായയ്ക്ക് സമീപം നങ്കൂരമിടാൻ ഒരുങ്ങുന്നത്. 'ലോകത്തിലെ മുൻനിര ലൈംഗിക ടൂറിസം കേന്ദ്രങ്ങളിൽ ഒന്ന്' എന്ന് മുദ്രകുത്തപ്പെട്ടിട്ടുള്ള തായ്‌ലൻഡിൽ നിയമപരമായി വേശ്യാവൃത്തി നിയമവിരുദ്ധമാണ്. വേശ്യാലയങ്ങൾ നടത്തുക, ലൈംഗിക തൊഴിലിൽ നിന്ന് ലാഭം നേടുക തുടങ്ങിയ പ്രവർത്തനങ്ങൾ നിയമം അനുവദിക്കുന്നില്ല.  എബ്രഹാം ലിങ്കൺ വരുന്നതിന് മുന്നോടിയായി ഈ നിയമങ്ങൾ പ്രാബല്യത്തിലാക്കുകയാണ് അധികാരികൾ ചെയ്യുന്നത്. 50 പേരെ ഇതിനോടകം നഗരത്തിലുടനീളം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഫെബ്രുവരി 28 ന് മിഡിൽ ഈസ്റ്റിൽ യുദ്ധം ആരംഭിച്ചതിനുശേഷം മന്ദഗതിയിലായ ടൂറിസം സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ യുഎസ് സൈനിക അംഗങ്ങളുടെ വരവ് സഹായകരമാവുമെന്നും തായ് സർക്കാർ പ്രതീക്ഷിക്കുന്നു. കഞ്ചാവ്, മയക്കുമരുന്ന് വിൽപ്പന കേന്ദ്രങ്ങൾ, ചില വാട്ടർ സ്‌പോർട്‌സ് എന്നിവ സന്ദർശിക്കാൻ യുഎസ് നാവിക അംഗങ്ങൾക്ക് വിലക്കുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. 

കഴിഞ്ഞ വർഷം നവംബറിൽ യുഎസിന്റെ പടിഞ്ഞാറൻ തീരത്തുള്ള സാൻ ഡീഗോയിൽ നിന്ന് പുറപ്പെട്ട എബ്രഹാം ലിങ്കൺ, 250 ദിവസത്തിലധികം കടലിൽ ചെലവഴിച്ചു. തുറമുഖങ്ങളിൽ അടുപ്പിക്കാതെ കടലയിൽ തുടരുന്ന എബ്രഹാം ലിങ്കണിലെ സൈനികർക്കിടയിൽ മാനസിക സമ്മർദ്ദവും ആത്മഹത്യാ പ്രവണതയും വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കപ്പലിലെ കുടിവെള്ള മലിനീകരണവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ചൂണ്ടിക്കാട്ടി യുഎസിൽ ട്രംപിനെതിരെയും രൂക്ഷ വിമർശനം ഉയർന്നിരുന്നു. 

ENGLISH SUMMARY:

USS Abraham Lincoln's arrival in Pattaya prompts a strict crackdown on sex workers by the Thai government. This action aims to enforce existing prostitution laws ahead of the US Navy's visit, which is expected to boost the local economy.