Image credit: X account/ @kumarsubodh_
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ 20 ബാങ്കുകളുടെ ലോക്കറുകൾ ഒലിച്ചുപോയതായി റിപ്പോർട്ടുകൾ. വെള്ളപ്പൊക്കത്തിൽ കാണാതായ ആയിരക്കണക്കിന് ആളുകളെ കണ്ടെത്തുന്നതിനൊപ്പം ബാങ്കുകളുടെ കാണാതായ ലോക്കറുകൾ കണ്ടെത്തി സുരക്ഷിതമാക്കുക എന്നതും അധികൃതർക്ക് വലിയ വെല്ലുവിളിയായി മാറുകയാണ്. പണവും സ്വർണവും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിച്ചിരുന്ന ലോക്കറുകൾ ചിലത് ഒഴുക്കിൽപ്പെട്ടുപോയപ്പോൾ മറ്റുചിലത് കനത്ത ചെളിയിൽ മൂടപ്പെട്ട നിലയിലാണ്.
കഴിഞ്ഞ ദിവസം ധാഡിംഗ് ജില്ലയിലെ അപ്പർ റസുവ പ്രദേശത്ത് പ്രളയത്തിൽ ഒലിച്ചുപോയ ഒരു ലോക്കറിൽനിന്ന് 92 ലക്ഷം നേപ്പാളി രൂപ മോഷ്ടിച്ചെന്നാരോപിച്ച് 29 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കാണാതായ ലോക്കറുകൾക്കായുള്ള തിരച്ചിൽ അധികൃതർ ശക്തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ കാണാതായവരെ കണ്ടെത്തുന്നതിനാണ് സേനയുടെ പ്രഥമ പരിഗണനയെന്ന് ഡിഐജി അബി നാരായൺ കഫ്‌ലെ മാധ്യമങ്ങളോട് പറഞ്ഞു. ദുരിതബാധിത മേഖലകളിൽ ക്രമസമാധാനം ഉറപ്പാക്കേണ്ടതും ഒരേസമയം പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ത്രിശൂലി നദിയിലുണ്ടായ പ്രളയത്തിൽ ഒലിച്ചുപോയ കാർഷിക വികസന ബാങ്കിന്‍റെ ധുംഗെ ശാഖയിലെ ഒരു ലോക്കർ എട്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പൊലീസ് കണ്ടെത്തി. ലോക്കറിൽ 1.5 കോടി നേപ്പാളി രൂപയും ഏകദേശം 50 കോടി നേപ്പാളി രൂപ മൂല്യമുള്ള സ്വർണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമുണ്ടായിരുന്നുവെന്നാണ് വിവരം.
രക്ഷാപ്രവർത്തനങ്ങൾക്കായി 7,894 പേരെ വിന്യസിച്ചിട്ടുണ്ടെന്ന് പൊലീസ് വക്താവ് അറിയിച്ചു. കഴിഞ്ഞയാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ ഇതുവരെ 930 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നാലായിരത്തോളം പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാൻ കഴിയാത്തതും മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയതും രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്. ഇതിനിടെ 275 ഇന്ത്യക്കാരെക്കുറിച്ചും ഇപ്പോഴും വിവരമില്ല.